Sorry, you need to enable JavaScript to visit this website.

മുസ്ലിംകള്‍ ക്രിമിനലുകള്‍; വോട്ട് വേണ്ടെന്ന് രാജസ്ഥാനിലെ ബിജെപി എംഎല്‍എ

ജയ്പൂര്‍- രാജസ്ഥാനിലെ മിയോ വിഭാഗക്കാരായ മുസ്ലിംകള്‍ ക്രിമിനലുകളാണെന്നും ഹിന്ദു പെണ്‍കുട്ടികളെ കെണിയിലാക്കുന്നവരാണെന്നുമുളള വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംഎല്‍എ ബന്‍വരി ലാല്‍ സിംഗാള്‍ രംഗത്തെത്തി. ആല്‍വറില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബന്‍വരിലാല്‍ ഇങ്ങനെ പറഞ്ഞത്. താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കി.

മിയോ മുസ്ലിംകളില്‍ ഭൂരിഭാഗം പേരും ഭൂമി കയ്യേറ്റം, ഹിന്ദു പെണ്‍കുട്ടികളെ ആസൂത്രിതമായി കെണിയിലാക്കുക തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇവരുടെ വോട്ട് ഒരിക്കലും ഞാന്‍ തേടിയിട്ടില്ല. ഇനി തേടുകയുമില്ല- ബന്‍വരിലാല്‍ പറഞ്ഞു. ആല്‍വര്‍ അര്‍ബന്‍ മണ്ഡലം എംഎല്‍എ ആണിയാള്‍. ലവ് ജിഹാദാണ് തന്റെ മണ്ഡലത്തിലെ ഏറ്റവും വലിയ പ്രശ്‌നമെന്ന് ഇദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. താന്‍ എല്ലായ്‌പ്പോഴും മുസ്ലിംകളില്‍ നിന്ന് അകലം പാലിക്കുന്നയാളാണെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. മുസ്ലിംകള്‍ ഡസന്‍ കണക്കിന് കുട്ടികളെ ഉണ്ടാക്കി ഹിന്ദു സമുദായത്തെ മറികടന്ന് രാജ്യത്തിന്റെ നിയന്ത്രണം കൈക്കലാക്കാനാണ് മുസ്ലിംകളുടെ ശ്രമമെന്നും ഇയാള്‍ ജനുവരിയില്‍ പറഞ്ഞിരുന്നു. 

ഹിന്ദു കുടുംബങ്ങളുമായി ചങ്ങാത്തം സ്ഥാപിച്ച് സ്ത്രീകളെ വശീകരിക്കുകയാണ് മിയോ മുസ്ലിംകള്‍ ചെയ്യുന്നത്. ഞാന്‍ ആല്‍വറിലെ മിയോ മുസ്ലിംകളുടെ കാര്യമാണ് പറയുന്നത്. ഒരു ഹിന്ദു എന്ന നിലയില്‍ എനിക്ക് ഹിന്ദു സമുദായത്തിനു വേണ്ടി സംസാരിക്കാന്‍ പാടില്ലെ?  എന്നും ബന്‍വരിലാല്‍ ചോദിക്കുന്നു.

എംഎല്‍എയുടെ വിദ്വേഷം നിറഞ്ഞ പരാമര്‍ശം മതത്തിന്റെ പേരില്‍ സമൂഹത്തില്‍ ധ്രുവീകരണമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് മിയോ നേതാക്കള്‍ പറയുന്നു. 'ബന്‍വരി ലാല്‍ സിംഗാളിന്റെ വാക്കുകള്‍ ഞങ്ങള്‍ ഗൗരവത്തിലെടുക്കുന്നില്ല. ഹിന്ദുത്വ കാര്‍ഡിറക്കി വോട്ടര്‍മാര്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമമാണിത്. അടുത്ത തവണ തനിക്ക് കൂടുതല്‍ വോട്ടുകള്‍ കിട്ടില്ലെന്ന് അറിയാവുന്ന സിംഗാളിന്റെ തന്ത്രമാണിത്. മിയോ മുസ്ലിംകള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവുകള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തെ ഞാന്‍ പരസ്യമായി വെല്ലുവിളിക്കുന്നു- മിയോ പഞ്ചായത്ത പ്രസിഡന്റ് ഷെര്‍ മുഹമ്മദ് പറഞ്ഞു.
 

Latest News