പ്രശ്‌നം സജി ചെറിയാന്റേതല്ല, പാർട്ടി നിലപാടിന്റേതാണ്

ഇക്കാര്യം അംബേദ്കർ തന്നെ തിരിച്ചറിഞ്ഞിരുന്നു എന്നതാണ് കൗതുകം. 'അവർ ഭരണഘടനയെ എന്തുകൊണ്ട് ഇഷ്ടപ്പെടുന്നില്ല? ശരിക്കും ഭരണഘടന മോശമാണ് എന്നതുകൊണ്ടാണോ? നിശ്ചയമായും അല്ല എന്ന് ഞാൻ പറയും. കമ്യൂണിസ്റ്റ് പാർട്ടിക്ക് തൊഴിലാളികളുടെ സ്വേഛാധിപത്യത്തെ ആധാരമാക്കിയ ഭരണഘടന വേണം. ഈ ഭരണഘടന പാർലമെന്ററി ജനാധിപത്യത്തിൽ ആധാരമായതിനാൽ അവർ ഭരണഘടനയെ എതിർക്കുന്നു എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.  

ഭരണഘടനയെ അധിക്ഷേപിച്ചുകൊണ്ടുള്ള മന്ത്രി സജി ചെറിയാന്റെ നിലപാടുകളെ പിന്തുണക്കാൻ സർക്കാരോ മുഖ്യമന്ത്രിയോ തയാറല്ല എന്നു വ്യക്തമായി. അതാണ് സ്വാഭാവികമായും പ്രതിപക്ഷത്തുനിന്നു പ്രതിഷേധം ഉണ്ടായപ്പോഴേക്കും എട്ടു മിനിട്ടിനകം ഒരു ദിവസത്തേക്കു തന്നെ സഭ പിരിഞ്ഞത്. മന്ത്രിക്കെതിരെ ആരെങ്കിലും കോടതിയിൽ കയറിയാൽ രാജിയല്ലാതെ മറ്റൊരു മാർഗവുമില്ല എന്ന് ഇടതു നേതൃത്വം തിരിച്ചറിഞ്ഞതോടെ രാജിയും യാഥാർഥ്യമായി.
ഭരണഘടനയെന്നത് വിമർശനാതീതമാണെന്ന് അതിനു രൂപം കൊടുത്തവരിൽ പ്രധാനിയായ ഡോ. ബി.ആർ. അംബേദ്കർ പോലും പറഞ്ഞിട്ടില്ല. ഭരണഘടന അവസാന വാക്കുമല്ല. അതുകൊണ്ടാണല്ലോ ഭേഗദതിക്കുള്ള എല്ലാ സാധ്യതകളും ഭരണഘടനയിൽ നിലനിൽക്കുന്നതും എത്രയോ തവണ അതുപയോഗിച്ചിട്ടുള്ളതും. മറ്റൊന്നു കൂടി അംബേദ്കർ പറഞ്ഞിട്ടുള്ളതും ഇപ്പോൾ ഓർക്കേണ്ടതുണ്ട്. മോശം ഭരണാധികാരികളാണെങ്കിൽ ഈ ഭരണഘടന കൊണ്ട് ഗുണമുണ്ടാകില്ല എന്നതാണത്. അതിനു പലപ്പോഴും രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോഴും സാക്ഷ്യം വഹിക്കുന്നു. 
മന്ത്രി പറഞ്ഞത് ഭരണകൂട വിമർശനമാണ് എന്ന വ്യാഖ്യാനം ശരിയാണെങ്കിൽ പ്രശ്‌നമൊന്നുമില്ല. 'തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത നാടാണ്  ഇന്ത്യ, ഇവിടെ കൂലി ചോദിച്ചാൽ പോലീസുകാരൻ നടുചവിട്ടിയൊടിക്കുമായിരുന്നു, അതുകൊണ്ടാണ് അംബാനിയും അദാനിയും ശതകോടീശ്വരൻമാർ ഈ രാജ്യത്ത് വളർന്നുവരുന്നത്. ഈ പണമെല്ലാം പാവപ്പെട്ടവന്റെ അധ്വാനത്തിൽനിന്നു ലഭിക്കുന്ന മിച്ചമൂല്യം ഉപയോഗിച്ച് ഉണ്ടാക്കുന്നതാണ്. എട്ടു മണിക്കൂർ ജോലി ചെയ്തതിന് സമരം ചെയ്ത നമ്മൾ ഇന്നു പത്തു മണിക്കൂറും പന്ത്രണ്ട് മണിക്കൂറും ജോലി ചെയ്യുമ്പോൾ ഈ രാജ്യത്തെ ഭരണഘടന അവർക്ക് പ്രൊട്ടക്ഷൻ കൊടുക്കുന്നുണ്ടോ' തുടങ്ങിയ അദ്ദേഹത്തിന്റെ വാക്കുകൾ അവഹേളനമല്ല എന്നു വേണമെങ്കിൽ വ്യാഖ്യാനിക്കാം. എന്നാൽ തന്റെ ആദ്യ വാചകങ്ങളെ ന്യായീകരിക്കാനാണ് ഇതെല്ലാം അദ്ദേഹം പറഞ്ഞത്. അതാകട്ടെ, എല്ലാവരും കേട്ടപോലെ ഇങ്ങനെയായിരുന്നു. 'ജനങ്ങളെ കൊള്ളയടിക്കാനും ചൂഷണത്തിനും വേണ്ടി തയാറാക്കിയ ഭരണഘടനയാണ് ഇന്ത്യയുടേത്,  ബ്രിട്ടീഷുകാർ എഴുതിക്കൊടുത്തതാണത്, ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നൊക്കെ അതിൽ കൂട്ടിചേർത്തിട്ടുണ്ട.്' ഇത് വിമർശനമോ അതോ അവഹേളനമോ? അതാകട്ടെ ഭരണഘടനയെ ആണയിട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി.  മോശം ഭരണകൂടമാണെങ്കിൽ ഭരണഘടന കൊണ്ട് ഗുണമുണ്ടാകില്ല എന്ന അംബേദ്കറുടെ വാക്കുകളെ വെച്ച് മന്ത്രിയുടെ ഈ വാദത്തെ ന്യായീകരിക്കാനാവില്ല. 
സജി ചെറിയാൻ പറഞ്ഞതിനെ വർഷങ്ങൾക്കു മുമ്പ് മന്ത്രിയായിരുന്ന ആർ. ബാലകൃഷ്ണപിള്ളയുടെ വാക്കുകളുമായി താരതമ്യം ചെയ്യുന്നവരെയും കണ്ടു. കേരളത്തിനനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്കുപോയപ്പോൾ കേന്ദ്ര അവഗണനക്കെതിരെ പഞ്ചാബ് മോഡൽ സമരം വേണമെന്നാണ് അന്ന് പിള്ള പറഞ്ഞത്. അന്ന് ഖാലിസ്ഥാൻ വാദം ശക്തമായിരുന്ന കാലമായിരുന്നു. ഭരണഘടനക്കെതിരെ ഒന്നും പറയാതെപോലും കോടതി പരാമർശത്തെ തുടർന്ന് അദ്ദേഹത്തിനു രാജിവെക്കേണ്ടവന്നു. ഇതുപക്ഷേ വളരെ പ്രകടമായി തന്നെ ഭരണഘടനയെ അധിക്ഷേപിക്കലായതിനാൽ കൂടുതൽ ഗൗരവതരമാണ് എന്നതാണ് വാസ്തവം. 
ഭരണഘടനയും ജനാധിപത്യവും മതേതരത്വവുമെല്ലാം കാത്തുസംരക്ഷിക്കുമെന്നു പ്രതിജ്ഞയെടുത്ത് അധികാരത്തിലെത്തിയ ശേഷം അതെല്ലാം തകർത്ത് ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കാനുള്ള നീക്കങ്ങൾ രാജ്യത്ത് ശക്തമായിരിക്കുന്ന കാലത്താണ് മന്ത്രിയുടെ ഈ വാക്കുകൾ എന്നതും പ്രധാനമാണ്. ജനങ്ങളെ വഞ്ചിക്കാൻ മാത്രമാണ് ഭരണഘടന അംഗീകരിക്കുന്നതായി അവർ പറയുന്നതെന്നും സംഘപരിവാറിന്റെ സ്വന്തം വേദികളിലെല്ലാം അവർ തങ്ങളുടെ ലക്ഷ്യമെന്താണെന്ന് കൃത്യമായി പറയുന്നുണ്ടെന്നും വ്യക്തമാണല്ലോ. അതാകട്ടെ, ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. 'നമ്മുടെ ഭരണഘടന തന്നെയും ഇങ്ങനെ ക്ലിഷ്ടവും ഭിന്നാത്മകവുമായ വിവിധ തുണ്ടുകൾ ചേർത്തുണ്ടാക്കിയതാണ്. പാശ്ചാത്യ നാടുകളുടെ ഭരണഘടനകളിലെ വിവിധ വകുപ്പുകൾ എടുത്ത് ചേർത്ത് ഉണ്ടാക്കിയതാണ്. ഇതിൽ നമ്മുടേത് എന്ന് പറയാവുന്ന യാതൊന്നുമില്ല. നമ്മുടെ ദേശീയ ദൗത്യത്തെക്കുറിച്ചോ നമ്മുടെ ജീവിതത്തിലെ മുഖ്യ ആദർശത്തെപ്പറ്റിയോ ഒരു സൂചന പോലും അതിലെ നിർദേശക തത്വങ്ങളിലെങ്ങുമില്ല. ഐക്യരാഷ്ട്ര സഭയുടെയും മുമ്പത്തെ സർവരാഷ്ട്ര സമിതിയുടെയും പ്രമാണങ്ങളിലെ ചില മുടന്തൻ തത്വങ്ങളും അമേരിക്കയിലെയും ബ്രിട്ടനിലെയും ഭരണഘടനകളിലെ ചില പ്രത്യേകതകളും കൂട്ടിച്ചേർത്ത വികൃത സൃഷ്ടിയാണത്........' എം.എസ്. ഗോൾവൽക്കർ തന്നെ  വിചാരധാരയിൽ ഇങ്ങനെയാണ് എഴുതിവെച്ചിട്ടുള്ളത്. സജി ചെറിയാന്റെ വാക്കുകൾക്കും ഇതുമായി സാമ്യം തോന്നാത്തത് ആർക്കാണ്?
തീർച്ചയായും ജനാധിപത്യ പ്രക്രിയയിലൂടെ തന്നെയാണ് സി.പി.എമ്മും എൽ.ഡി.എഫും അധികാരത്തിലെത്തിയിരിക്കുന്നത്. എന്നാൽ ഈ ജനാധിപത്യ പ്രക്രിയയിൽ ഇത്രയും കാലം പങ്കെടുത്തിട്ടും ഒരു ജനാധിപത്യ പാർട്ടിയാകാൻ അതിനായിട്ടുണ്ടോ. ആശയപരമായും പ്രായോഗികമായും ആയിട്ടില്ല എന്നു തന്നെയാണ് മറുപടി. ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ വിപ്ലവ മുന്നണിപ്പടയാണ് പാർട്ടിയെന്നും തൊഴിലാളി വർഗ സർവാധിപത്യ ഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്യൂണിസവും കൈവരുത്തുകയാണ് ലക്ഷ്യമെന്നും പാർട്ടിയുടെ ഭരണഘടന കൃത്യമായി പ്രഖ്യാപിക്കുന്നുണ്ട്. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചപ്പോൾ അതു സ്വാതന്ത്ര്യമല്ലെന്നു നിലപാടെടുക്കുകയും സായുധ സമരത്തിലൂടെ അധികാരം പിടിച്ചെടുക്കാനാഹ്വാനം ചെയ്ത പാർട്ടി പിന്നീടത് തിരുത്തിയെന്നു പറയുമ്പോഴും സംഘടനക്കകത്ത് ഇപ്പോഴും സ്വീകരിച്ചിരിക്കുന്ന നിലപാട് അതു തന്നെയാണ്. 
ഇക്കാര്യം അംബേദ്കർ തന്നെ തിരിച്ചറിഞ്ഞിരുന്നു എന്നതാണ് കൗതുകം. 'അവർ ഭരണഘടനയെ എന്തുകൊണ്ട് ഇഷ്ടപ്പെടുന്നില്ല? ശരിക്കും ഭരണഘടന മോശമാണ് എന്നതുകൊണ്ടാണോ? നിശ്ചയമായും അല്ല എന്ന് ഞാൻ പറയും. കമ്യൂണിസ്റ്റ് പാർട്ടിക്ക് തൊഴിലാളികളുടെ സ്വേഛാധിപത്യത്തെ ആധാരമാക്കിയ ഭരണഘടന വേണം. ഈ ഭരണഘടന പാർലമെന്ററി ജനാധിപത്യത്തിൽ ആധാരമായതിനാൽ അവർ ഭരണഘടനയെ എതിർക്കുന്നു എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.  

Latest News