ഹിന്ദു ലൈഫ് മാറ്റേഴ്സ് എന്ന പേരിലുള്ള ഹാഷ്ടാഗ് കാമ്പയിൻ ഹിന്ദുക്കളെ വികാരം കൊള്ളിക്കുന്നതായിരുന്നു. സംഭവത്തിന്റെ യഥാർഥ വശം പുറത്തു വന്നിട്ടും അത്തരം കാമ്പയിനുകൾ തുടരുകയാണ്. കേന്ദ്ര മന്ത്രിമാർ വരെ അത്തരം കാമ്പയിനുകളിൽ പങ്കാളിത്തം വഹിക്കുന്നു. തെരഞ്ഞെടുപ്പ് ജയിക്കാൻ അവർ എന്ത് തറക്കളിയും കളിക്കുമെന്നതിന് തെളിവായി മാറുകയാണ് ഈ സംഭവങ്ങളെല്ലാം.
അടുത്ത വർഷം അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ഒരു അരുംകൊല രാജ്യത്തെ മുഴുവൻ ഞെട്ടിച്ചു. ഹിന്ദുവായ ഒരു തയ്യൽക്കാരനെ രണ്ട് മുസ്ലിംകൾ കഴുത്തറുത്ത് കൊന്നു. ബി.ജെ.പി വക്താവായിരുന്ന നൂപുർ ശർമ പ്രവാചകനെ നിന്ദിച്ച് നടത്തിയ പരാമർശത്തെ അനുകൂലിച്ച് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചതിന്റെ പേരിലായിരുന്നുവത്രേ ആ കൊലപാതകം.
കൊല എന്നതിലുപരി അത് നടപ്പാക്കിയ രീതിയും അത് ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തതാണ് വലിയ പ്രതിഷേധത്തിനിടയാക്കിയത്. ആർ.എസ്.എസ്, സംഘപരിവാർ ഗ്രൂപ്പുകളിൽനിന്നും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളിൽനിന്നും ഉയർന്ന പ്രതികരണങ്ങളും പ്രതിഷേധങ്ങളും രോഷപ്രകടനങ്ങളും രാജ്യത്തെ മുസ്ലിംകൾക്കെതിരെ ആയിരുന്നു. ഇസ്ലാമിക ഭീകരവാദം രാജ്യത്ത് ശക്തി പ്രാപിച്ചിരിക്കുകയാണെന്നും ഇതിനെതിരെ ഓരോ ഹിന്ദുവും ആയുധമെടുത്ത് തിരിച്ചടി നൽകണമെന്നും ചില ബജ്റംഗ് നേതാക്കൾ സോഷ്യൽ മീഡിയയിൽ ആഹ്വാനം ചെയ്തു. രാജ്യത്തെങ്ങും മുസ്ലിം വിരുദ്ധ വികാരം ഇളക്കിവിടുന്ന വിധത്തിലായിരുന്നു ബി.ജെ.പി അനുകൂല ദേശീയ ചാനലുകളുടെ വാർത്താ അവതരണം.
ഇക്കഴിഞ്ഞ ജൂൺ 28 നായിരുന്നു കനയ്യ ലാൽ എന്ന തയ്യൽക്കാരനെ, റിയാസ് അട്ടാരി, ഗൗസ് മുഹമ്മദ് എന്നിവർ കഴുത്തറുത്ത് കൊല്ലുന്നതും അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതും. രാജ്യസ്ഥാൻ പോലീസ് പെട്ടെന്നു തന്നെ പ്രവർത്തിക്കുകയും അടുത്ത ദിവസം തന്നെ രണ്ട് പ്രതികളെയും ഇവർക്ക് സഹായം നൽകിയ മറ്റു അഞ്ചു പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിന് പിന്നാലെയാണ് ചില സത്യങ്ങൾ പുറത്തു വരുന്നത്. മുഖ്യ പ്രതികളായ റിയാസ് അട്ടാരിയും ഗൗസും ബി.ജെ.പി പ്രവർത്തകരാണെന്നതായിരുന്നു അത്. താടിയും തൊപ്പിയുമൊക്കെയുണ്ടെങ്കിലും ഇരുവരും ബി.ജെ.പിയുടെ ന്യൂനപക്ഷ വിഭാഗത്തിൽ സജീവമായി പ്രവർത്തിച്ചിരുന്നവരായിരുന്നു.
രാജസ്ഥാനിലെ പ്രമുഖ ബി.ജെ.പി നേതാക്കളുമായി അടുപ്പം പുലർത്തുന്ന റിയാസ് അട്ടാരി, സംസ്ഥാനത്തെ പാർട്ടിയുടെ സീനിയർ നേതാവ് ഗുലാബ് ചന്ദ് കട്ടാരിയക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും പുറത്തു വന്നു. റിയാസ് അട്ടാരി ബി.ജെ.പിയുടെ കാര്യകർത്ത (പ്രവർത്തകൻ) ആണെന്ന് ഒരു ബി.ജെ.പി നേതാവ് മുമ്പ് ചെയ്ത ട്വീറ്റും പുറത്തുവന്നു. അതോടെ രോഷപ്രകടനങ്ങളുടെ ശക്തിയും ഒന്നു കുറഞ്ഞു. അട്ടാരിക്കൊപ്പം താൻ നിൽക്കുന്നതായുള്ള ചിത്രങ്ങൾ മോർഫ് ചെയ്തതാണെന്ന വാദവുമായി എത്തിയിരക്കുകയാണിപ്പോൾ കട്ടാരിയ.
ഈ സംഭവം കത്തിനിൽക്കുമ്പോൾ തന്നെയാണ് ജമ്മു കശ്മീരിൽനിന്ന് സമാനമായ മറ്റൊരു സംഭവം പുറത്തുവരുന്നത്. നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപിച്ച ലഷ്കറെ ത്വയ്യിബ ഭീകരനായ താലിബ് ഹുസൈൻ ഷായും സഹായിയായ ഫൈസൽ അഹ്മദ് ദറും ബി.ജെ.പി പ്രവർത്തകരാണെന്നതായിരുന്നു ആ വിവരം. ഇതിൽ താലിബ് ഹുസൈൻ ബി.ജെ.പി ഐ.ടി സെല്ലിന്റെ സംസ്ഥാനത്തെ ചുമതലക്കാരനാണെന്നും ഇയാൾ പാർട്ടിയുടെ നിരവധി പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്നുവെന്നുമുള്ള വിവരവും പുറത്തു വന്നു; സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് രവീന്ദർ റെയ്നക്കൊപ്പം ഇയാൾ നിൽക്കുന്ന ചിത്രങ്ങളും. അമർനാഥ് യാത്രികരെ ആക്രമിച്ചിരുന്നയാളാണ് താലിബ് എന്നതായിരുന്നു ഞെട്ടിക്കുന്ന ഒരു വിവരം. ഇതോടെ പ്രതിരോധത്തിലായ ബി.ജെ.പി നേതൃത്വം ഓൺലൈൻ അംഗത്വ കാമ്പയിനിലൂടെ പാർട്ടിയിൽ കടന്നുകൂടിയവരാണ് ഇവരെന്നു പറഞ്ഞ് തടിതപ്പാനുള്ള ശ്രമത്തിലാണ്.
ഇന്ത്യയിൽ നടക്കുന്നതും മുമ്പ് നടന്നിട്ടുള്ളതുമായ ഭീകര പ്രവർത്തനങ്ങളുടെ പിന്നാമ്പുറങ്ങളെക്കുറിച്ച് ഗുരുതര സംശയം ഉയർത്തുന്നതാണ് ഈ രണ്ട് അറസ്റ്റുകളും അതേത്തുടർന്ന് പുറത്തുവരുന്ന വിവരങ്ങളും. ഓരോ ഭീകരാക്രമണം നടക്കുമ്പോഴും അന്വേഷണവും അറസ്റ്റുമൊക്കെ നടക്കാറുണ്ടെങ്കിലും പോലീസ് പുറത്തുവിടുന്ന വിവരങ്ങൾ മുഴുവൻ സത്യസന്ധമാണോ എന്ന സംശയം നേരത്തെ തന്നെയുള്ളതാണ്. പോലീസ് ചൂണ്ടിക്കാണിക്കുന്നവർ തന്നെയാണോ യഥാർഥ പ്രതികളെന്ന കാര്യത്തിലും സന്ദേഹം ഉണ്ടാവാറുണ്ട്, പ്രത്യേകിച്ച് പല ഭീകരാക്രമണങ്ങളും ബി.ജെ.പിക്ക് രാഷ്ട്രീയ നേട്ടം കൊയ്യാൻ പാകത്തിൽ നടക്കുമ്പോൾ.
ഉദയ്പൂരിൽ നടന്നത് മറ്റൊരു പുൽവാമ ആയിരിക്കാമെന്നാണ് ഉപ്സല യൂനിവേഴ്സിറ്റിയിലെപ്രൊഫസർ അശോക് സ്വെയിൻ പറയുന്നത്. 2019 ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഫെബ്രുവരിയിൽ നടന്ന പുൽവാമ ഭീകരാക്രമണം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മികച്ച ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച ലഭിക്കാൻ എത്രമാത്രം സഹായകമായി എന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത കാര്യമാണ്.
ജമ്മു കശ്മീരിലെ പുൽവാമയിൽ സൈനികരുടെ കൂട്ടക്കൊലക്കിടയാക്കിയ ഭീകരാക്രമണത്തിന് കാരണം ഇന്റലിജൻസ് വീഴ്ചയാണെന്ന വിമർശനവും അന്നേ ഉയർന്നിരുന്നു. എന്നാൽ രാജ്യസ്നേഹവും സൈനികരുടെ ജീവത്യാഗവുമെല്ലാം വൈകാരികമായി പറഞ്ഞ് ജനങ്ങളിൽ അനുകൂല വികാരമുണ്ടാക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞു. ഇന്റലിജൻസ് വീഴ്ചയെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം പ്രതിപക്ഷ കക്ഷി നേതാക്കൾ സംശയം ഉന്നയിച്ചെങ്കിലും അത്തരത്തിലൊരു അന്വേഷണത്തിനുപോലും കേന്ദ്ര സർക്കാർ തയാറായില്ല.
അതിനു മുമ്പ് നടന്ന പത്താൻകോട്ട് ഭീകരാക്രമണത്തിന് ഒരു ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥൻ ഒത്താശ ചെയ്തതായി കണ്ടെത്തിയിരുന്നു. അയാളെ അറസ്റ്റ് ചെയ്തെങ്കിലും ആക്രമണത്തിന് പിന്നിൽ രാജ്യത്തു തന്നെയുള്ള മറ്റേതൊക്കെ ശക്തികളുണ്ടെന്ന് കണ്ടെത്താനായില്ല.
ഉദയ്പൂർ കൊലപാതകത്തിലെ പ്രതികൾക്ക് ബി.ജെ.പി നേതൃത്വവുമായി കാര്യമായ അടുപ്പമുണ്ടായിരുന്നുവെന്നതിന്റെ തെളിവുകൾ കോൺഗ്രസ് നേതാവ് പവൻ ഖേര അടക്കമുള്ളവരും മനുഷ്യാവകാശ പ്രവർത്തകരും പുറത്തു വിട്ടിട്ടുണ്ട്. വരുന്ന തെരഞ്ഞെടുപ്പിനു മുമ്പ് സംസ്ഥാനത്ത് വർഗീയ ധ്രുവീകരണം പാരമ്യത്തിലെത്തിച്ച് നേട്ടം കൊയ്യാൻ സംഘപരിവാർ തന്നെ ആസൂത്രണം ചെയ്തതാവാം ഈ കൊലയെന്ന സംശയം ശക്തമാണ്. രാജസ്ഥാൻ പോലീസ് അന്വേഷണം നടത്തിവന്ന കേസ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്തിട്ടുണ്ട്. കേസിന്റെ ഗതി ഇനിയെന്താവുമെന്ന് കാത്തിരിക്കുന്നു കാണാം.
തെരഞ്ഞെടുപ്പിന് മുമ്പ് വർഗീയ ധ്രുവീകരണം പരമാവധി ആളിക്കത്തിച്ച് നേട്ടം കൊയ്യുകയെന്നതാണ് ബി.ജെ.പി കഴിഞ്ഞ കുറേക്കാലമായി രാജ്യത്ത് നടപ്പാക്കിവരുന്ന തന്ത്രം. അതിന് ഭീകരാക്രമണങ്ങൾ നടത്താൻ പോലും അവർ മടിക്കില്ലെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ നൽകുന്ന സൂചന. അതിനു പറ്റിയ ആളുകളെ അവർ തന്നെ വളർത്തിക്കൊണ്ടുവരുമെന്നാണ് ഉദയ്പൂരും ജമ്മുവും നൽകുന്ന പാഠങ്ങൾ. ഇത്തരക്കാർ പാർട്ടിയിൽ നുഴഞ്ഞുകയറിയെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്. എന്നാൽ ഇവർ പാർട്ടിക്കു വേണ്ടി നടത്തുന്ന ആക്രമണങ്ങളാണോ എന്ന സംശയവും പ്രബലമാണ്.
രാജ്യത്ത് സംഘപരിവാർ സംഘടനകൾ നടത്തിയ നിരവധി ഭീകരപ്രവർത്തനങ്ങൾ മുൻ യു.പി.എ സർക്കാരിന്റെ കാലത്ത് പോലീസ് കണ്ടെത്തിയതാണ്. മാലേഗാവ് സ്ഫോടനങ്ങൾ, ഹൈദരാബാദ് മക്ക മസ്ജിദ് ആക്രമണം, അജ്മീർ സ്ഫോടനം, സംഝോഥാ എക്സ്പ്രസ് ഭീകരാക്രമണം അങ്ങനെ പലതും. ഇന്ന് ബി.ജെ.പിയുടെ എം.പിയായ സാധ്വി പ്രഞ്ജ അടക്കം നിരവധി പേരെ എൻ.ഐ.എ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു. എന്നാൽ മോഡി സർക്കാർ അധികാരമേറ്റതോടെ കേസിന്റെ ഗതി മാറുകയും സാധ്വി പ്രജ്ഞ അടക്കമുള്ളവർ ജയിൽമോചിതരാവുകയും ചെയ്തു. സാധ്വി പിന്നീട് എം.പിയുമായി.
ഉദയ്പൂർ കൊലപാതകം ഉണ്ടായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വന്ന പ്രതികരണങ്ങൾ പലതും അങ്ങേയറ്റം വിദ്വേഷം വമിപ്പിക്കുന്നതായിരുന്നു. ഹിന്ദു ലൈഫ് മാറ്റേഴ്സ് എന്ന പേരിലുള്ള ഹാഷ്ടാഗ് കാമ്പയിൻ ഹിന്ദുക്കളെ വികാരം കൊള്ളിക്കുന്നതായിരുന്നു. സംഭവത്തിന്റെ യഥാർഥ വശം പുറത്തു വന്നിട്ടും അത്തരം കാമ്പയിനുകൾ തുടരുകയാണ്. കേന്ദ്ര മന്ത്രിമാർ വരെ അത്തരം കാമ്പയിനുകളിൽ പങ്കാളിത്തം വഹിക്കുന്നു. തെരഞ്ഞെടുപ്പ് ജയിക്കാൻ അവർ എന്ത് തറക്കളിയും കളിക്കുമെന്നതിന് തെളിവായി മാറുകയാണ് ഈ സംഭവങ്ങളെല്ലാം.






