കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച ശിവരാമന്റെ  കുടുംബത്തിന് അഞ്ചു ലക്ഷം രൂപ 

പാലക്കാട്- നടക്കാനിറങ്ങിയപ്പോള്‍ കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചയാളുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നല്‍കുമെന്ന് സര്‍ക്കാര്‍. പ്രഭാത സവാരിക്കിറങ്ങിയ പയറ്റാംകുന്ന് സ്വദേശി ശിവരാമന്‍ ആണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. മരിച്ച ശിവരാമന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്നും, അതില്‍ അഞ്ചു ലക്ഷം രൂപ ഉടന്‍ തന്നെ കൈമാറുമെന്നും മലമ്പുഴ എംഎല്‍എ എ പ്രഭാകരന്‍ അറിയിച്ചു. ബാക്കി തുക നിയമനടപടികള്‍ പൂര്‍ത്തികരിച്ചശേഷം നല്‍കും. പ്രദേശത്ത് നിരന്തര ശല്യക്കാരനായ ആനയെ മയക്കു വെടിവെക്കാനും തീരുമാനിച്ചതായി എംഎല്‍എ വ്യക്തമാക്കി.
പാലക്കാട് ധോണിയില്‍ പുലര്‍ച്ചെ അഞ്ചുമണിക്കായിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്. പ്രഭാത സവാരിക്കുപോയ മരിച്ച ശിവരാമന്‍ അടക്കം ഒമ്പതുപേരടങ്ങിയ സംഘത്തിന് നേര്‍ക്കാണ് ആനയുടെ ആക്രമണം. സംഘത്തില്‍ മുന്നില്‍ നടന്ന രണ്ട് പേരെ വിരട്ടിയോടിച്ച ആന പിന്നാലെയുണ്ടായിരുന്ന ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

Latest News