മുസ്ലിംകള്‍ക്കെതിരെ ഭീഷണി പ്രസംഗം, ഹിന്ദുത്വ നേതാവിനെതിരെ കേസ്

കോലാര്‍- മുസ്ലിംകള്‍ക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ  ഹിന്ദുത്വ നേതാവിനെതിരെ കര്‍ണാടക പോലീസ് കേസെടുത്തു.
അഞ്ജുമാനെ ഇസ്ലാമിയ പ്രസിഡന്റ് സമീര്‍ അമദിന്റെ പരാതിയെ തുടര്‍ന്നാണ് ഹിന്ദു ജാഗരണ വേദികെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കേശവമൂര്‍ത്തിക്കെതിരെ കേസെടുത്തത്.
കേശവമൂര്‍ത്തി മുസ്ലീങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകളും ഭീഷണിയും മുഴക്കിയെന്നാണ്  പരാതി.
 ബിജെപി നേതാവ് നൂര്‍പൂര്‍ ശര്‍മയുടെ പ്രസ്താവനകളെ പിന്തുണച്ചതിന് രാജസ്ഥാനിലെ ഹിന്ദു തയ്യല്‍ക്കാരന്‍ കനയ്യ ലാലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച പൊതുയോഗത്തിലാണ് കേശവമൂര്‍ത്തി വിവാദ പരാമര്‍ശം നടത്തിയത്. മതത്തെയും മതവിശ്വാസങ്ങളെയും അവഹേളിക്കുന്നതിനും  മതവികാരങ്ങളെ പ്രകോപിപ്പിക്കുന്നതിനും ബോധപൂര്‍വം നടത്തുന്ന ശ്രമങ്ങള്‍ക്കെതിരായ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.  

 

 

Latest News