ന്യൂദല്‍ഹി- നാലു വര്‍ഷം മുമ്പത്തെ ട്വീറ്റിന്റെ പേരില്‍ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് യു.പിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അഞ്ച് ദിവസത്തേക്കാണ് ജാമ്യം അനുവദിച്ചത്. സുബൈറിനെതിരെ ഉത്തര്‍പ്രദേശ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. ദല്‍ഹിക്ക് പുറത്ത് പോകില്ലെന്നും പുതുതായി ട്വീറ്റ് ചെയ്യില്ലെന്നുമുള്ള ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
കേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകളില്‍ മാറ്റം വരുത്താന്‍ ശ്രമിക്കരുതെന്ന നിര്‍ദ്ദേശവും ജാമ്യവ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ദല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സുബൈര്‍ ജുഡീഷ്യല്‍ റിമാന്‍ഡില്‍ തുടരും. ഈ കേസില്‍ കൂടി ജാമ്യം നേടിയാല്‍ മാത്രമേ ജയില്‍ മോചിതനാകാന്‍ സാധിക്കൂ.
സുബൈര്‍ യു.പിയിലെ കേസ് വിവരങ്ങള്‍
മറുച്ചുവെച്ചെന്ന് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍
ന്യൂദല്‍ഹി- ഉത്തര്‍പ്രദേശില്‍ തനിക്കെതിരായ പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) റദ്ദാക്കാന്‍ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചതിനെ ചോദ്യം ചെയ്ത് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം കോടതിയില്‍ വാദം തുടങ്ങി. ജാമ്യം നിരസിച്ചതു സംബന്ധിച്ച ഹൈക്കോടതി ഉത്തരവിലെ വിവരങ്ങള്‍ ഹരജിക്കാരന്‍ മറച്ചുവെച്ചിരിക്കയാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കുറ്റപ്പെടുത്തി.
ഹിന്ദു പുരോഹിതരെ വിദ്വേഷപ്രചാരകര്‍ എന്ന് വിളിച്ച് ട്വീറ്റ് ചെയ്തതുമായി ബന്ധപ്പെട്ട എഫ്ഐആറില്‍ വ്യാഴാഴ്ച ജാമ്യം നിരസിച്ചതും യുപി പോലീസ് കസ്റ്റഡിയില്‍ വിട്ടതും സംബന്ധിച്ച വിവരങ്ങള്‍ മനഃപൂര്‍വം മറച്ചുവെച്ചതിന് സുബൈര്‍ കുറ്റക്കാരനാണെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു.
ജാമ്യത്തില്‍ വിടണമെന്നാണ് പ്രതിയുടെ ഹരജി. ഇത് ഒരു കോടതി പാസാക്കിയ ഉത്തരവ് റദ്ദാക്കുന്നതിന് തുല്യമായിരിക്കുമെന്നും ഇത് വളരെ ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതു പോലുള്ള വിദ്വേഷപ്രചാരകരുണ്ടെങ്കില്‍ വേറെ ആരെ വേണമെന്നും മറ്റുള്ളവരെ ജാമ്യത്തില്‍ വിട്ടയച്ചുവെന്നും പക്ഷേ ഒരു മതേതര ട്വീറ്ററായ താന്‍ അറസ്റ്റിലായെന്നുമാണ് മാധ്യമ പ്രവര്‍ത്തകന്‍ സുബൈര്‍ പറഞ്ഞതെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായി കോളിന്‍ ഗോണ്‍സാല്‍വസ് വാദിച്ചു.
കഴിഞ്ഞയാഴ്ച ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിന് ശേഷം സുബൈറിനെതിരെ ഉയരുന്ന രണ്ടാമത്തെ കേസാണിത്. 2018 ല്‍ മതവികാരം വ്രണപ്പെടുത്തുന്ന ട്വീറ്റ് ചെയ്തുവെന്ന് ആരോപിച്ചാണ് സുബൈറിനെ അറസ്റ്റ് ചെയ്തിരുന്നത്.






