കാമുകിയോട് തര്‍ക്കിച്ചയാളെ  യുവാവ് വെടിവച്ചു വീഴ്ത്തി

ന്യൂദല്‍ഹി- സെന്‍ട്രല്‍ ദല്‍ഹിയിലെ ജിമ്മില്‍ വെടിവെപ്പ്. തന്റെ കാമുകിയോട് തര്‍ക്കിച്ചയാളെ യുവാവ് വെടിവച്ചു വീഴ്ത്തി. സംഭവത്തില്‍ 27 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പട്ടേല്‍ നഗറിന് സമീപമുള്ള ജിമ്മില്‍ ഇന്നലെ രാത്രി 9.45 ഓടെയാണ് സംഭവം. ഹര്‍ സനം ജോത് സിംഗ് എന്നയാള്‍ക്കാണ് വെടിയേറ്റത്. ദിവസങ്ങള്‍ക്ക് മുമ്പ് ജിമ്മില്‍ വച്ച് പരുക്കേറ്റ യുവാവ് പ്രതിയുടെ കാമുകിയുമായി വഴക്കിട്ടു. ഇതിന് പ്രതികാരം ചെയ്യാന്‍ ജിമ്മില്‍ എത്തിയ പ്രതി യുവാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
വയറ്റില്‍ വെടിയേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. ദൃക്‌സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതി എക്ഷനെതിരെ ഐപിസി സെക്ഷന്‍ 307, ഐപിസി 25/27/54/59 ആയുധ നിയമം എന്നിവ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദല്‍ഹിയിലെ ഷാദിപൂര്‍ ഗ്രാമത്തില്‍ നിന്നാണ് പ്രതി ഏകാന്‍ഷിനെ അറസ്റ്റ് ചെയ്തത്. ഒപ്പം കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തു. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
 

Latest News