ചന്ദ്രശേഖര്‍ ഗുരുജിയുടെ കൊലപാതകത്തിന് പിന്നില്‍ സ്വത്തുതര്‍ക്കമെന്ന് പോലീസ്

ബെംഗളൂരു- പ്രമുഖ വാസ്തു ശാസ്ത്ര വിദഗ്ധനായ ചന്ദ്രശേഖര്‍ ഗുരുജിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് സ്വത്ത് തര്‍ക്കം. ഇക്കാര്യം അദ്ദേഹത്തിന്റെ മുന്‍ ജീവനക്കാര്‍ പോലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തി. പോലീസ് കസ്റ്റഡിയില്‍ തുടരുന്ന പ്രതികളായ മഹന്തേഷ് ഷിരൂര്‍, മഞ്ചുനാഥ് മരേവാഡ എന്നിവരാണ് ഇക്കാര്യം സമ്മതിച്ചത്. ചൊവ്വാഴ്ച്ച രാവിലെ ഹോട്ടലില്‍ എത്തിയ രണ്ടുപേര്‍ റിസപ്ക്ഷനില്‍ വെച്ച് ഇദ്ദേഹത്തെ കുത്തികൊല്ലുകയിരുന്നു. കൃത്യം നടത്തി പ്രതികള്‍ ഉടന്‍ സ്ഥലം വിട്ടെങ്കിലും നാല് മണിക്കൂറിനുള്ളില്‍ ബെലേഗവി ജില്ലയിലെ രാംദുര്‍ഗില്‍ നിന്നും പ്രതികള്‍ പിടിയിലായി. ഇരുവരേയും ആറ് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

പോലീസ് പറയുന്നത്- റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലേക്ക് കടന്ന ഗുരുജി അതില്‍ നിന്നും ലഭിക്കുന്ന പണം കൊണ്ട് വീടുകള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തിവരികയായിരുന്നു. വാസ്തു ശാത്രപ്രകാരം നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു. മുംബൈ, ബംഗളൂരു, ഹുബ്ബള്ളി തുടങ്ങിയ നഗരങ്ങളില്‍ ഓഫീസുകളുള്ള ഗുരുജിയുടെ സ്ഥാപനം വന്‍തുക സമ്പാദിക്കുകയും അക്രമികളിലൊരാളായ മഹന്തേഷ് ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ പേരില്‍ സ്വത്തുക്കള്‍ വാങ്ങികൂട്ടുകയും ചെയ്തിരുന്നു. 2016 ലാണ് മഹന്തേഷ് ഗുരുജിയുടെ സ്ഥാപനമായ സരള വാസ്തുവില്‍ നിന്നും രാജിവെച്ചിരുന്നു. പിന്നാലെ അദ്ദേഹം മഹന്തേഷിന്റെ പേരില്‍ നിക്ഷേപിച്ച സ്വത്ത് തിരികെ ആവശ്യപ്പെട്ടു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ്  പോലീസ് പറയുന്നത്.

 

Latest News