സൗദി എയര്‍പോര്‍ട്ട് ലക്ഷ്യമിട്ട് വന്നത് ഇറാന്‍ നിര്‍മിത ഡ്രോണ്‍ 

റിയാദ് - അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഹൂത്തി മിലീഷ്യകള്‍ അയച്ചത് ഇറാന്‍ നിര്‍മിത ഡ്രോണ്‍. ബുധനാഴ്ച രാവിലെ 7.40 നാണ് അബഹ എയര്‍പോര്‍ട്ടിനു നേരെ ഹൂത്തികള്‍ പൈലറ്റില്ലാ വിമാനം അയച്ചതെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. 
എയര്‍പോര്‍ട്ട് ലക്ഷ്യമാക്കി ഡ്രോണ്‍ വരുന്നത് വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശ്രദ്ധയില്‍ പെട്ടയുടന്‍ വെടിവെച്ചിടുകയായിരുന്നു. എയര്‍പോര്‍ട്ടില്‍ വ്യോമഗതാഗതം നിര്‍ത്തിവെച്ചിരുന്നു. വൈകാതെ വ്യോമഗതാഗതം സാധാരണ നിലയിലായി. തകര്‍ത്ത ഡ്രോണ്‍ ഭാഗങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ്  ഇറാന്‍ നിര്‍മിതമാണെന്നും എയര്‍പോര്‍ട്ട് ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്നും വ്യക്തമായത്. 
ജിസാനു നേരെയും ഇന്നലെ സമാന രീതിയില്‍ ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായി. രാവിലെ ഏഴരക്കായിരുന്നു ഇത്. അബഹ എയര്‍പോര്‍ട്ട് ആക്രമണത്തിന് ഉപയോഗിച്ചതിന് സമാനമായ ഡ്രോണ്‍ ആണ് ജിസാന്‍ ആക്രമണ ശ്രമത്തിനും ഉപയോഗിച്ചതെന്ന് വ്യക്തമായി. സാധാരണക്കാര്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും തന്ത്രപ്രധാന സ്ഥാപനങ്ങള്‍ക്കും നേരെ ഇത്തരം ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് സഖ്യസേന മുന്നറിയിപ്പ് നല്‍കി. 
ഇന്നലെ വൈകിട്ട് റിയാദിനു നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണ ശ്രമവുമുണ്ടായി. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സൗദി സൈന്യം മിസൈല്‍ തകര്‍ത്തു. മൂന്നു ആക്രമണങ്ങളിലും ആര്‍ക്കെങ്കിലും ജീവഹാനിയോ പരിക്കോ ഉണ്ടായിട്ടില്ല. കഴിഞ്ഞ മാസാവസാനം റിയാദും ജിസാനും നജ്‌റാനും ഖമീസ് മുഷൈത്തും ലക്ഷ്യമിട്ട് ഹൂത്തികള്‍ ഏഴു ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടിരുന്നു. ഏഴു മിസൈലുകളും ലക്ഷ്യത്തിലെത്തുന്നതിനു മുമ്പായി സൗദി സൈന്യം തകര്‍ത്തു. ഇതിനു ശേഷവും ഹൂത്തികള്‍ മിസൈല്‍ ആക്രമണങ്ങള്‍ തുടര്‍ന്നു. മൂന്നു വര്‍ഷം മുമ്പ് യെമന്‍ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് സൗദിയില്‍ ആക്രമണം നടത്തുന്നതിന് ഹൂത്തികള്‍ ശ്രമിക്കുന്നത്. മൂന്നു വര്‍ഷത്തിനിടെ സൗദി അറേബ്യക്കു നേരെ നൂറിലേറെ തവണ ഹൂത്തികള്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. മുഴുവന്‍ മിസൈലുകളും ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നതിനു മുമ്പായി സൗദി സൈന്യം തകര്‍ത്തു. യു.എന്‍ രക്ഷാ സമിതി തീരുമാനങ്ങള്‍ ലംഘിച്ച് ഇറാനാണ് ഹൂത്തികള്‍ക്ക് ബാലിസ്റ്റിക് മിസൈലുകള്‍ നല്‍കുന്നതെന്ന് സൗദി അറേബ്യ കുറ്റപ്പെടുത്തുന്നു. യെമനിലെ അല്‍ഹുദൈദ തുറമുഖം വഴിയാണ് ബാലിസ്റ്റിക് മിസൈലുകള്‍ അടക്കമുള്ള ആയുധങ്ങള്‍ ഇറാനില്‍ നിന്ന് ഹൂത്തികള്‍ക്ക് എത്തിച്ചുനല്‍കുന്നത്. 

Latest News