ലണ്ടന്‍- ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകാന്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനക്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സ്ഥാനമൊഴിയാനിരിക്കെ അടുത്ത ബ്രിട്ടീഷ് സര്‍ക്കാരിനെ നയിക്കാനുള്ള മത്സരത്തില്‍ ഇന്ത്യന്‍ വംശജനും മുന്‍ മന്ത്രിയുമായ ഋഷി സുനക് മുന്‍ നിരയിലുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയിലെ വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ധനമന്ത്രി സ്ഥാനം ഋഷി സുനക് രാജിവെച്ചിരുന്നു.
ഇന്‍ഫോസിസ് സ്ഥാപകന്‍ നാരയണമൂര്‍ത്തിയുടെ മകള്‍ അക്ഷാമൂര്‍ത്തിയുടെ ഭര്‍ത്താവാണ് ഋഷി സുനക്. തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ യു.കെയുടെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിച്ചേരുന്ന ആദ്യ ഇന്ത്യന്‍ വംശജനാകും ഋഷി സുനക്. 42 കാരനായ ഋഷി സുനകിനെ തന്റെ മന്ത്രിസഭയിലേക്ക് ബോറിസ് ജോണ്‍സണ്‍ തന്നെയാണ് തെരെഞ്ഞെടുത്തത്. 2020 ല്‍ യു.കെ മന്ത്രിസഭയില്‍ ട്രഷറി ചാന്‍സലറായ ഋഷി സുനക് വഹിച്ച ആദ്യത്തെ മുഴുവന്‍ സമയ മന്ത്രിസഭാ പദവിയായിരുന്നു ഇത്. വ്യാപാരികളേയും തൊഴിലാളികളേയും സഹായിക്കാന്‍ കോവിഡ് മഹാമാരികാലത്ത് ബില്യന്‍ പൗണ്ടുകളുടെ പാക്കേജുകള്‍ പ്രഖ്യാപിച്ചതിലൂടെ ഋഷി സുനക് യു.കെയില്‍ ജനകീയ മുഖമായി മാറി.
ഭാര്യക്ക് നിയമപരമായി ബ്രിട്ടീഷ് പൗരത്വമില്ലെന്നത് സംബന്ധിച്ച ആരോപണങ്ങള്‍ എതിരാളികളില്‍ നിന്നു ഋഷി സുനക് നേരിടുന്നുണ്ട്.