ശശി തരൂര്‍ സാദിഖലി തങ്ങളെ സന്ദര്‍ശിച്ചു

മലപ്പുറം-ശശി തരൂര്‍ എം.പി മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ പാണക്കാട് വീട്ടിലെത്തിയാണ് തങ്ങളെ കണ്ടത്. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പി.എം.എ സലാം എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. അരമണിക്കൂറോളം നേതാക്കളുമായി സംസാരിച്ചതിന് ശേഷമാണ് തരൂര്‍ മടങ്ങിയത്. പാണക്കാട് കുടുംബവുമായി വളരെ കാലത്തെ ബന്ധമാണെന്നും മലപ്പുറത്തുവരുമ്പോഴെല്ലാം പാണക്കാട് എത്താറുണ്ടെന്നും തരൂര്‍ പറഞ്ഞു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റടുത്തതിന് ശേഷം ആദ്യമായാണ് കാണുന്നത്. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും അറിയിച്ചു. സംസ്ഥാനത്താകെ ജില്ലാ കേന്ദ്രങ്ങളില്‍ അദ്ദേഹം നടത്തിയ സൗഹൃദ സംഗമം ഏറെ മനോഹരമായിരുന്നു. നാടിന്റെ നന്മയും സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കാന്‍ പാണക്കാട് കുടുംബം എന്നും മുന്നില്‍ നിന്നിട്ടുണ്ടെന്നും അതിന്റെ ഭാഗമായിരുന്നു സാദിഖലി തങ്ങളുടെ യാത്രയെന്നും തരൂര്‍ പറഞ്ഞു. വിദേശത്തായതിനാല്‍ സംഗമത്തില്‍ പങ്കെടുക്കാനായിരുന്നില്ല. അതിന്റെ സങ്കടം തീര്‍ക്കുക എന്ന ഉദ്ദേശം കൂടി ഈ വരവിന് പിന്നിലുണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News