കൊച്ചി- സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും പരാതിപ്പെട്ടി സ്ഥാപിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. വിദ്യാര്‍ഥികള്‍ക്ക് പേര് വെളുപ്പെടുത്താതെ തന്നെ പരാതികളും ആശങ്കകളും ഉന്നയിക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ വകുപ്പ് പരാതിപ്പെട്ടികള്‍ സ്ഥാപിക്കണമെന്നാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുമ്പ് ഉത്തരവ് നല്‍കിയിരുന്നുവെങ്കിലും പല സ്‌കൂളുകളിലും പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിവിഷന്‍ബെഞ്ചിന്റെ തീരുമാനം.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടം നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ തീരുമാനം.
സ്‌കൂളുകളില്‍ സ്ഥാപിക്കുന്ന പരാതിപ്പെട്ടികള്‍ ആഴ്ചയില്‍ മൂന്നു ദിവസം പ്രധാന അധ്യാപകന്റെയും സമിതിയിലുള്ള രണ്ട് അധ്യാപകരുടെയും സാന്നിധ്യത്തില്‍ പരിശോധിക്കണമെന്ന് ഉത്തരവ് പറയുന്നു. സ്‌കൂള്‍ തലത്തില്‍ വിദ്യാര്‍ഥികളുടെ പരാതികള്‍ പരിശോധിച്ചു തീര്‍പ്പാക്കുന്നതിനുള്ള ചുമതല സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കോ, പ്രിന്‍സിപ്പലിനോ ഇവരുടെ അഭാവത്തില്‍ ചുമതലയുള്ള അധ്യാപകനോ ആയിരിക്കും. ഇവര്‍ തെരഞ്ഞെടുത്ത മൂന്ന് അധ്യാപകര്‍ ഉള്‍പ്പെടുന്ന അഞ്ചംഗ കമ്മിറ്റിക്കും ഇതു സംബന്ധിച്ച് തീരുമാനമെടുക്കാം. ഇതിനായി അഞ്ചംഗ കമ്മറ്റി രൂപീകരിക്കണമെന്നും ഇതില്‍ രണ്ട് പേര്‍ അധ്യാപികമാരായിരിക്കണമെന്നും കോടതി വ്യക്തമാക്കി. 200ല്‍ താഴെ കുട്ടികളുള്ള സ്‌കൂളുകളില്‍ മൂന്നംഗ കമ്മറ്റിയുണ്ടാക്കിയാല്‍ മതി എന്നാല്‍ എതില്‍ ഒരാള്‍ അധ്യാപികയാവണം. ചെറിയ പരാതികള്‍ സ്‌കൂളുമായി ബന്ധപ്പെട്ട കമ്മറ്റിക്ക് തന്നെ പരിഹരിക്കാം. ഗൗരവ പരാതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരാതി പരിഹാരസെല്ലിന് കൈമാറണം. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ടു വരുന്ന പരാതികള്‍ ഉടന്‍ പോലീസിന് കൈമാറണമെന്നും ഉത്തരവ് പറയുന്നു. പരാതികളുടെ രഹസ്യ സ്വഭാവം ഉറപ്പാന്‍ പ്രധാന അധ്യാപകന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.
സ്‌കൂളുകളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കാന്‍ നേരത്തെ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ചാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുന്നുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നില്‍കിയിരിക്കുന്നത്.