ഇടുക്കി- ജില്ലയില്‍ വ്യാപക മഴ. അടിമാലി, മൂന്നാര്‍ മേഖലകളില്‍ പരക്കെ മഴ പെയ്തു.മഴ കനത്തതോടെ കല്ലാര്‍കുട്ടി,ഹെഡ് വര്‍ക്ക്‌സ്,പൊന്‍മുടി, ചെങ്കുളം,മാട്ടുപ്പെട്ടി തുടങ്ങി വിവിധ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു.കല്ലാര്‍കുട്ടി അണക്കെട്ടിന്റെ തുറന്ന ഷട്ടറിലൂടെ വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. മൂന്നാര്‍ ഹെഡ് വര്‍ക്ക്‌സ് അണക്കെട്ടും പരമാവധി സംഭരണശേഷിയിലേക്കെത്തി.മുതിരപ്പുഴ, നല്ലതണ്ണിയാര്‍,ദേവിയാര്‍ തുടങ്ങിയ പുഴകളിലും ജലനിരപ്പും ഒഴുക്കും വര്‍ധിച്ചു.
അടിമാലി- കുമളി ദേശിയപാതയില്‍ കല്ലാര്‍കുട്ടിക്കും പനംകുട്ടിക്കും ഇടയില്‍ കല്ലും മണ്ണും ഇടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. മൂന്നാര്‍- ദേവികുളം റോഡില്‍ ബുധനാഴ്ച മണ്ണിടിച്ചില്‍ ഉണ്ടായ ബൊട്ടാണിക്കല്‍ ഗാര്‍ഡന് സമീപം ഇന്നലെയും മണ്ണിടിഞ്ഞ് ഗതാഗത തടസമുണ്ടായി. മൂന്ന് തവണയായിരുന്നു ബുധനാഴ്ച മാത്രം ഈ മേഖലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിച്ചിരുന്നു. ഇതിന് ശേഷമാണ് ഇന്നലെ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായത്.
മലങ്കര അണക്കെട്ടിലെ 6 ഷട്ടറുകളും 70 സെ. മീറ്റര്‍ ഉയര്‍ത്തി.അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മഴ ശക്തമായതിനെ തുടര്‍ന്നുള്ള ജാഗ്രതയുടെ ഭാഗമായിട്ടാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഇന്നലെ അണക്കെട്ടിലെ ജലനിരപ്പ് 39.20 മീറ്ററായിരുന്നു. പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്. മഴയുടെ തോത് കണക്കാക്കിയാണ് തൊടുപുഴയാറ്റിലേക്ക് വെള്ളം ഒഴുക്കി വിടുന്നത്.






