Sorry, you need to enable JavaScript to visit this website.

സ്റ്റാർട്ടപ്പുകളുടെ സുവർണകാലം

വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്കുള്ള കുതിപ്പിൽ നിർണായക പങ്കുവഹിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് കഴിയും. ഈ രംഗത്ത് കേരളം രാജ്യത്തിനാകെ മാതൃകയാകുകയാണ്. ഏഷ്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ് ആവാസവ്യവസ്ഥയായി  കേരളത്തെ അംഗീകരിച്ച വാർത്ത സമീപ ദിവസങ്ങളിലാണ് എത്തിയത്. ലോകത്ത് നാലാം സ്ഥാനവും നേടി. ഇത് വലിയ അംഗീകാരമാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്റ്റാർട്ടപ് ഹബ്ബായി മാറാനുള്ള ആഗോള അംഗീകാരമാണ് ഇത്. അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ് ജിനോമും  സംരംഭകരുടെ ആഗോള നെറ്റ്‌വർക്കായ ഗ്ലോബൽ എന്റർപ്രൈനർ നെറ്റ്‌വർക്കും സംയുക്തമായി തയ്യാറാക്കിയ ഗ്ലോബൽ ഓൺട്രോപനേഴ്‌സ് ഇക്കോസിസ്റ്റം റിപ്പോർട്ടിലാണ് കേരളം ഒന്നാമതെത്തിയത്. അതുപോലെ പ്രാരംഭഘട്ട ഫണ്ടിങ്, വെഞ്ച്വർ  ക്യാപിറ്റൽ തുടങ്ങിയ മേഖലകളിലും കേരളം മുന്നിലെത്തി. വലിയ തോതിലുള്ള നിക്ഷേപമാണ് സംസ്ഥാനത്ത് ഈ രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. വരുംനാളുകളിൽ വലിയ സാധ്യതകളാണ് ഈ മേഖലയിൽ തുറക്കുക.
ഒന്നോ അതിലധികമോ സംരംഭകർ ചേർന്ന് തുടങ്ങുന്ന, വ്യത്യസ്തവും നൂതനവുമായ ഉൽപ്പന്നങ്ങളോ സേവനങ്ങളോ ലഭ്യമാക്കുന്ന, പ്രാരംഭ ദശയിലുള്ള ബിസിനസ് സ്ഥാപനങ്ങളെയോ കമ്പനികളെയോ ആണ് സ്റ്റാർട്ടപ്പുകളെന്ന് പൊതുവെ പറയുന്നത്. കൂടുതലും ഇന്റർനെറ്റ് ഇ കൊമേഴ്‌സ് അധിഷ്ഠിതമായ വിവിധതരം സേവനങ്ങളാണ് സ്റ്റാർട്ടപ്പുകൾ നൽകുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ട്രാവൽ ആൻഡ് ടൂറിസം, ഭക്ഷ്യ വിതരണം എന്നിവയിലും അതുപോലെ പരമ്പരാഗത മേഖലയിൽ കൃഷി (ഓർഗാനിക്), ആയുർവേദം തുടങ്ങി ഒട്ടേറെ സ്റ്റാർട്ടപ് ഉൽപ്പന്നങ്ങളും സേവനങ്ങളും ലഭ്യമാണ്. ഈ മേഖലയിൽ വലിയതോതിലുള്ള വൈവിധ്യവൽക്കരണവും നടക്കുന്നു. ബഹിരാകാശ ഗവേഷണരംഗത്ത് കേരളത്തിലെ സ്റ്റാർട്ടപ്പുകൾ പങ്കാളികളായിത്തുടങ്ങിയെന്നതും വലിയ നേട്ടമാണ്.
സ്റ്റാർട്ടപ്പുകൾക്കായുള്ള ആശയങ്ങൾ ആവിഷ്‌കരിക്കാനും  അവയുടെ വളർച്ചയ്ക്കും  ഉൽപ്പന്നങ്ങളുടെ വിപണനത്തിനും അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കാനും  ഒരുമിച്ചു പ്രവർത്തിക്കുന്ന വ്യക്തികൾ, ഗ്രൂപ്പുകൾ, സ്ഥാപനങ്ങൾ, അനുബന്ധ സംഘടനകൾ  എന്നിവയൊക്കെ ചേർന്ന ഒരു വ്യവസ്ഥയാണ് സ്റ്റാർട്ടപ് ആവാസ് വ്യവസ്ഥ എന്ന് അറിയപ്പെടുന്നത്. സ്റ്റാർട്ടപ് തുടങ്ങുന്നയാൾ, നിക്ഷേപം നടത്തുന്നയാൾ, ഉൽപ്പന്നം സ്വീകരിക്കുന്നയാൾ എന്നിവരെല്ലാം  ഈ ആവാസവ്യവസ്ഥയിൽ ഉൾപ്പെടുന്നു. മിക്ക അവസരത്തിലും ഇത്തരം വ്യവസ്ഥകൾ, യൂണിവേഴ്‌സിറ്റി പോലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലോ  അല്ലെങ്കിൽ ടെക്‌നോപാർക്ക് പോലെയുള്ള ഐടി വ്യവസായകേന്ദ്രങ്ങളിലോ ആണ് സ്ഥാപിക്കപ്പെടുന്നത്. പല വികസിത രാജ്യത്തിലും ഇത്തരം ആവാസവ്യവസ്ഥകൾ വൻതോതിലുള്ള തൊഴിൽ ഉൽപ്പാദനകേന്ദ്രങ്ങളായും സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായും മാറുന്നത് കാണാം.
ഇന്ന് യുവതലമുറ സ്റ്റാർട്ടപ്പുകളിലേക്ക് കൂടുതലായി ആകർഷിക്കപ്പെടുകയാണ്. പരമ്പരാഗത തൊഴിൽ മേഖലകളേക്കാളും പല രീതിയിൽ മികച്ചതാണ് സ്റ്റാർട്ടപ്പുകളിലെ തൊഴിൽ മേഖലയും സംസ്‌കാരവും. മികച്ച ശമ്പളമെന്നത് ചിലരുടെ കാര്യത്തിൽ യാഥാർഥ്യമാണ്. അതിനേക്കാൾ ഉപരി, കൂടുതൽ സ്വതന്ത്രമായി, ചട്ടക്കൂടുകളുടെ നിയന്ത്രണങ്ങൾ ഇല്ലാതെ, പ്രവർത്തിക്കാനുള്ള അവസരം. പുതിയ മേഖലകളെക്കുറിച്ച് അറിയാനും ആശയങ്ങൾ പരീക്ഷിക്കാനുമുള്ള സാഹചര്യം, കൂടുതൽ വെല്ലുവിളികൾ ഏറ്റെടുക്കാനും  വിജയത്തിലേക്ക് എത്തിക്കാനുമുള്ള അവസരങ്ങൾ, ഇതൊക്കെ യുവതലമുറയ്ക്ക് സ്റ്റാർട്ടപ്പുകളോടുള്ള അഭിനിവേശത്തിനു കാരണമാണ്.
സംസ്ഥാന സർക്കാരിന്റെ മികച്ച പിന്തുണയും പ്രതിഭയുള്ള ഉദ്യോഗാർഥികളെ കിട്ടാനുള്ള സാഹചര്യവുമാണ് കേരളത്തിൽ സ്റ്റാർട്ടപ്പുകൾക്ക് വളരാൻ ഏറ്റവും അനുകൂലമായത്. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ സ്റ്റാർട്ടപ് മേഖലയുടെ വികസനത്തിന് 1000 കോടിയാണ്  നീക്കിവച്ചത്.ഇത് വലിയ മാറ്റം ഈ രംഗത്ത് സൃഷ്ടിക്കും.
കേരള സ്റ്റാർട്ടപ് മിഷന് കീഴിൽ ടെക്‌നോളജി ഇന്നോവേഷൻ സോണിനും  യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും  വലിയ പ്രാധാന്യമാണ് ബജറ്റ് നൽകുന്നത്. ഉന്നതവിദ്യാഭാസ കേന്ദ്രങ്ങളോടനുബന്ധിച്ച്  ഇൻകുബേഷൻ കേന്ദ്രങ്ങൾ വികസിപ്പിക്കാൻ പത്ത് സർവകലാശാലയ്ക്ക് 20 കോടി മാറ്റിവച്ചിരിക്കുന്നു. സ്റ്റാർട്ടപ്പുകളുടെ വളർച്ചയിൽ മൂലധന നിക്ഷേപകർ വഹിക്കുന്ന പങ്ക് വളരെ പ്രധാനമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ഏകദേശം 250 കോടി ഫണ്ട് ഓഫ് ഫണ്ട് എന്ന രീതിയിലും നീക്കിവച്ചിട്ടുണ്ട്. ഇത് സംരംഭകരുടെ മൂലധനം സ്വരൂപിക്കാൻ ഉപയോഗിക്കും. വിവിധ പദ്ധതിയുടെ അടിസ്ഥാനത്തിൽ അഞ്ചു ലക്ഷം മുതൽ മുകളിലേക്കുള്ള ഗ്രാന്റുകൾ സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ അനുവദിക്കുന്നുണ്ട്.
കേരള സ്റ്റാർട്ടപ് മിഷന്റെ കീഴിൽ രജിസ്റ്റർ ചെയ്ത  ഐടി അനുബന്ധ സ്റ്റാർട്ടപ്പുകൾക്ക്  നൽകുന്ന  ആനുകൂല്യങ്ങൾ ഐടി ഇതര സ്റ്റാർട്ടപ് മേഖലകളിലേക്കുകൂടി വ്യാപിപ്പിക്കാൻ കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം തീരുമാനിച്ചതും ഈ മേഖലയ്ക്ക് വലിയ നേട്ടമാണ്. സ്റ്റേറ്റ് യുണീക് ഐഡിയുള്ള 
സ്റ്റാർട്ടപ്പുകളുടെ മൊബൈൽ ആപ്പുകൾ, മറ്റ് സോഫ്റ്റ്വെയർ ഉൽപ്പന്നങ്ങൾ തുടങ്ങിയ ഐടി അനുബന്ധ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും നൽകിവരുന്ന ആനുകൂല്യങ്ങളാണ് ഇതര മേഖലകൾക്കുകൂടി ലഭ്യമാക്കുക.  
ഇതിനൊപ്പം സ്റ്റേറ്റ് യുണീക് ഐഡിയുള്ള സ്റ്റാർട്ടപ്പുകളിൽനിന്നുള്ള എല്ലാത്തരം ഉൽപ്പന്നത്തിന്റെയും സേവനങ്ങളുടെയും വാങ്ങലുകൾക്കുള്ള ധനപരിധി  50 ലക്ഷമാക്കി ഉയർത്തുകയും ചെയ്തു. സമീപകാലത്തായി കേരളത്തിലെ സർവകലാശാലകളിൽ സ്റ്റാർട്ടപ് മേഖലയ്ക്ക് വലിയ പിന്തുണയാണ് നൽകുന്നത്.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ  കേരളത്തിലെ സ്റ്റാർട്ടപ് മേഖലയിൽ വനിതാ സംരംഭകരുടെ  എണ്ണത്തിൽ  അഞ്ചു മടങ്ങ് വർധന ഉണ്ടായതായാണ് കണക്ക്. സംസ്ഥാന സർക്കാർ  കളമശേരി സ്റ്റാർട്ടപ് വില്ലേജിലടക്കം  തുടങ്ങിയ ഫാബ് ലാബ്, എംഎസ്എംഇ,  ടെസ്റ്റിങ് സെന്റർ എന്നിവ സ്റ്റാർട്ടപ്പുകൾക്ക് ഉത്തേജകമാകും. വിവിധ പരീക്ഷണം നടത്താൻ ഉതകുന്ന സംവിധാനങ്ങളാണ് ഇവ. നിലവിൽ കേരളത്തിലെ സ്റ്റാർട്ടപ്പുകൾ വൻ  തൊഴിൽ അവസരമാണ്  പ്രദാനം ചെയ്യുന്നു. സർക്കാർ തലത്തിൽ അല്ലാതെ വിവിധ ഏരിയൽ നെറ്റ്വർക്കുകൾ കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്നുണ്ട്. പല തരത്തിലുള്ള സ്റ്റാർട്ടപ്പുകൾക്ക് ഇവ ഫണ്ടിങ് നൽകുന്നുണ്ട്. വിദേശ മലയാളികളും ഇത്തരം നെറ്റ്വർക്കുകളിൽ സജീവമാണ്.
കേരളത്തിൽ പ്രധാനമായും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയവ കേന്ദ്രീകരിച്ചാണ്  സ്റ്റാർട്ടപ്പുകളുടെയും ഇൻകുബേഷൻ കേന്ദ്രങ്ങളുടെയും പ്രവർത്തനം. മറ്റിടങ്ങളിലേക്കും ഇവ വ്യാപകമാകുന്നു. വരാൻ പോകുന്നത് സ്റ്റാർട്ടപ്പുകളുടെ കാലമാണ്.

(ആഗോള ഐ.ടി കമ്പനികളിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ച ലേഖകൻ കേരളത്തിലെ വിവിധ സ്റ്റാർട്ട് അപ്പ്കളുടെ മെന്ററായി പ്രവർത്തിക്കുന്നു)
 

Latest News