ആത്മഹർഷവുമായി വീണ്ടുമൊരു ഹജ്

കോവിഡ് ഇന്നും ഭീതി വിതച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിൽനിന്നുള്ളവർക്കുവരെ ഹജിന് അവസരമൊരുക്കാൻ സൗദി അറേബ്യക്ക് ആത്മവിശ്വാസം നൽകിയത് കോവിഡ് പ്രതിരോധ രംഗത്തു കൈവരിച്ച നേട്ടമാണ്. ഏതു ലോക രാജ്യങ്ങളേക്കാളും കവച്ചു വെക്കുന്ന നേട്ടമാണ് ഈ രംഗത്ത്  സൗദി അറേബ്യ അതിവേഗം കൈവരിച്ചത്. ആ സൂക്ഷ്മത ഇപ്പോഴും തുടരുന്നതിനാലാണ് വിവിധ രാജ്യങ്ങളിൽനിന്ന് ഹാജിമാർ വരാൻ തുടങ്ങി ആഴ്ചകൾ പിന്നിട്ടിട്ടും രാജ്യത്ത് കോവിഡ് കേസുകൾ അധികമൊന്നും റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കുന്നത്.

കോവിഡ് മഹാമാരി അകറ്റിയ കണ്ണികളെ വിളക്കിച്ചേർത്ത് ലോക സാഹോദര്യത്തിന്റെ വിളംബരവുമായി പരിശുദ്ധ ഹജ് സമാഗതമായിരിക്കുന്നു. 
മനുഷ്യർക്കും രാജ്യങ്ങൾക്കുമിടയിൽ അതിർവരമ്പുകളും അകലവും സൃഷ്ടിച്ച് മനുഷ്യ കുലത്തെ ഒന്നാകെ പിടിച്ചുലച്ച കോവിഡ് കാലത്തും ഹജിന് മുടക്കമില്ലായിരുന്നുവെങ്കിലും കർശന നിയന്ത്രണങ്ങളാലും വളരെ കുറഞ്ഞ തീർഥാടകരിലുമായി ഒതുങ്ങിയപ്പോൾ ഹജിന്റെ ചൈതന്യത്തിനാണ് അതു മങ്ങലേൽപിച്ചത്. വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെയുള്ള ഒരുമയും സ്വരുമയും  സാഹോദര്യവുമാണ് ഹജിന്റെ ചൈതന്യം. ഒരേ ലക്ഷ്യവും മാർഗവുമായി ലക്ഷങ്ങൾ ഒരേ സമയം ഒരിടത്തു സംഗമിക്കുമ്പോഴാണ് അതു കൈവരുന്നത്്. അതിനു ഭംഗം ഉണ്ടാക്കുന്നതായിരുന്നു കോവിഡ് മഹാമാരിക്കാലം. മനുഷ്യരെ തമ്മിൽ അകറ്റപ്പെട്ട കാലം. കോവിഡ് ഭീഷണി പരിപൂർണമായും വിട്ടകന്നിട്ടില്ലെങ്കിലും സൗദി ഭരണാധികാരുകളുടെ അതിസൂക്ഷ്മമായ ഇടപെടലുകളിലൂടെയും ജാഗ്രതയിലൂടെയും ഹജിന്റെ ചൈതന്യം അതിവേഗം തിരിച്ചുപിടിക്കാനായി എന്നതിനു തെളിവു കൂടിയാണ് ഇന്ന് ആരംഭം കുറിക്കുന്ന പരിശുദ്ധ ഹജിൽ പങ്കെടുക്കുന്ന ജനലക്ഷങ്ങൾ. 
25 ലക്ഷത്തിലേറെ തീർഥാടകർ വരെ ഹജ് നിർവഹിച്ചിരുന്നിടത്ത്  കഴിഞ്ഞ രണ്ടു വർഷമായി അത് ആയിരങ്ങളിലേക്ക് ഒതുങ്ങുകയായിരുന്നു. എന്നാൽ ഈ വർഷം  ലക്ഷങ്ങൾക്ക് അവസരമൊരുക്കി വീണ്ടും പഴയ നില വീണ്ടെടുക്കാൻ സാധിച്ചത് കോവിഡ് പ്രതിരോധത്തിൽ സൗദി അറേബ്യ കാണിച്ച അതീവ ജാഗ്രതയും നടപടികളുമാണ്. 180 രാജ്യങ്ങളിൽനിന്നായി പത്തു ലക്ഷത്തോളം പേരാണ് ഈ വർഷം ഹജിൽ പങ്കെടുക്കുന്നത്. ഇതിൽ ഒന്നര ലക്ഷം ആഭ്യന്തര തീർഥാടകരൊഴിച്ചാൽ ബാക്കിയുള്ളവരെല്ലാം രാജ്യാന്തര തീർഥാടകരാണ്. കോവിഡ് ഇന്നും ഭീതി വിതച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിൽനിന്നുള്ളവർക്കുവരെ ഹജിന് അവസരമൊരുക്കാൻ സൗദി അറേബ്യക്ക് ആത്മവിശ്വാസം നൽകിയത് കോവിഡ് പ്രതിരോധ രംഗത്തു കൈവരിച്ച നേട്ടമാണ്. ഏതു ലോക രാജ്യങ്ങളേക്കാളും കവച്ചുവെക്കുന്ന നേട്ടമാണ് ഈ രംഗത്ത്  സൗദി അറേബ്യ അതിവേഗം കൈവരിച്ചത്. ആ സൂക്ഷ്മത ഇപ്പോഴും തുടരുന്നതിനാലാണ് വിവിധ രാജ്യങ്ങളിൽനിന്ന് ഹാജിമാർ വരാൻ തുടങ്ങി ആഴ്ചകൾ പിന്നിട്ടിട്ടും രാജ്യത്ത് കോവിഡ്  കേസുകളധികമൊന്നും റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കുന്നത്. 
നവജാത ശിശുക്കൾ മുതൽ നൂറിലേറെ പ്രായം കഴിഞ്ഞവർ വരെ ഹജ് നിർവഹിക്കാൻ എത്തിയിരുന്നിടത്ത് ഈ വർഷം 15 ൽ താഴെ പ്രായക്കാരും 65 നു മുകളിൽ പ്രായമുള്ളവരും ഇല്ലെന്നത് പ്രത്യേകതയാണ്. കോവിഡ് ജാഗ്രത നടപടികളാണ് ഇത്തരമൊരു നിന്ത്രണം കൊണ്ടുവരാൻ അധികൃതരെ പ്രേരിപ്പിച്ചത്. കൂടാതെ സൗദിയിലേക്ക് യാത്ര തിരിക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ പി.സി.ആർ പരിശോധനയും വാക്‌സിനേഷൻ പൂർത്തിയാക്കിയിരിക്കണമെന്ന നിബന്ധനയുമുണ്ട്. ഹജിനിടെ വ്യക്തിശുചിത്വം കാത്തുസൂക്ഷിക്കാനും അണുബാധകൾ തടയാനുമുള്ള മാർഗനിർദേശങ്ങളും നിരന്തരം ഹാജിമാർക്കു നൽകി വരികയുമാണ്. 
മാസ്‌ക് ധരിക്കുക, ഇഹ്റാം വസ്ത്രത്തിന്റെ ശുചിത്വം കാത്തുസൂക്ഷിക്കുക, നിലത്ത് തുപ്പാതിരിക്കുക, ചുമയ്ക്കുമ്പോൾ ടിഷ്യൂ പേപ്പർ ഉപയോഗിക്കുക, കൈകൾ പതിവായി വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുക, വായും പല്ലുകളും വൃത്തിയായി സൂക്ഷിക്കുക,   മുഷിയുന്ന വസ്ത്രങ്ങൾ മാറ്റി വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക,  അതിനു ആവശ്യമായത്ര ഇഹ്റാം വസ്ത്രങ്ങൾ കൈവശം വെക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഹജ്, ആരോഗ്യ മന്ത്രാലയം നൽകിയിട്ടുള്ളത്. ഇതിനു പുറമെ മിനായിലെയും അറഫയിലെയും തമ്പുകളുടെ ആധുനികവൽക്കരണവും ഹജ് കർമങ്ങൾ നടക്കുന്ന മറ്റിടങ്ങളിലെ സൗകര്യങ്ങളുടെ വിപുലീകരണവുമെല്ലാം ഹാജിമാരുടെ സുരക്ഷയും രോഗവ്യാപനം തടയുന്നതിനും വേണ്ടിയുള്ളതാണ്. ശുചിത്വം പാലിക്കുന്നതിലൂടെയും നിർദേശങ്ങൾ  അനുസരിക്കുന്നതിലൂടെയും തീർഥാടകർക്കും വലിയ പങ്കു വഹിക്കാനുണ്ട്. എങ്കിൽ മാത്രമേ ലക്ഷങ്ങൾ സംഗമിച്ചിട്ടും രോഗവ്യാപനം തടയാനായി എന്നു പറയാൻ സാധിക്കൂ. വരും വർഷങ്ങളിലും ഏതു പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് ലക്ഷങ്ങളെ പങ്കെടുപ്പിച്ച ഹജ് സുഗമമായി നടത്താൻ അധികൃതരെ അതു സഹായിക്കുകയും ചെയ്യും. 
ഒരിടവേളക്കു ശേഷം ഹജ് ഇത്രയും വിപുലമായി നടത്താൻ കഴിയുന്നത് വിശ്വാസികൾക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. പുണ്യ സ്ഥലങ്ങളിൽ നടത്തിയ ലക്ഷക്കണക്കിനു റിയാലിന്റെ വികസന പ്രവർത്തനങ്ങൾ ചലനമറ്റു കിടന്നിരുന്നു നിർമാണ രംഗത്തും വിപണിയിലുമെല്ലാം വലിയ ഉണർവാണ് സമ്മാനിച്ചത്. 
ഹാജിമാരുടെ വരവ് തുടങ്ങിയതു മുതൽ മക്കയും മദീനയും മാത്രമല്ല, മറ്റു നഗരങ്ങളും പാതകളും വ്യാപാര, വാണിജ്യ സ്ഥാപനങ്ങളുമെല്ലാം ഉണർന്നു.  നിരാശകൾ പ്രതീക്ഷകൾക്ക് വഴിമാറി. ഒട്ടേറെ പ്രതിസന്ധികൾ നേരിട്ടിരുന്ന ഹോട്ടൽ, റിയൽ എസ്‌റ്റേറ്റ് മേഖല പഴയ പ്രതാപത്തിലേക്ക് മടങ്ങാൻ തുടങ്ങി. വാഹന ഗതാഗത രംഗവും സജീവമായി. അങ്ങനെ എല്ലാ രംഗങ്ങളിലും ഒരു പുത്തനുണർവ് പകരാൻ ഈ വർഷത്തെ ഹജിനായിട്ടുണ്ട്. 
സാങ്കേതിക വിദ്യയുടെ നൂതന രീതികൾ ഏറ്റവും കൂടുതൽ പ്രയോഗവൽക്കരിച്ചിട്ടുള്ള ഹജ് കൂടിയാണിത്. ഹാജിമാരുടെ തെരഞ്ഞെടുപ്പു മുതൽ അവർ മടങ്ങിപ്പോകുന്നതു വരെയുള്ള കാര്യങ്ങളിലെല്ലാം മാനുഷിക ഇടപെടലുകൾ അധികം വേണ്ടതില്ലാത്ത വിധത്തിലുള്ള ആധുനിക സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 
വരുംകാലങ്ങളിലെ ഹജ് നടപടിക്രമങ്ങളിൽ പരമാവധി മനുഷ്യവിഭവ ശേഷിയും സമയവും കുറക്കയെന്ന ലക്ഷ്യത്തോടു കൂടിയാണ് പുതിയ പദ്ധതികൾ ഓരോന്നും നടപ്പാക്കുന്നത്. വരുന്ന ഹജുകൾ കൂടുതൽ കൂടുതൽ ഹൈടെക് ആയി മാറിക്കൊണ്ടിരിക്കും. അഞ്ച് രാജ്യങ്ങളിൽനിന്ന് റോഡ് ടു മക്ക സംവിധാനം ഏർപ്പെടുത്തിയതിലൂടെ ഹാജിമാർക്ക് അവരുടെ രാജ്യങ്ങളിൽനിന്നു തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഹജിനെത്താൻ കഴിയുന്നതിലൂടെ സൗദിയിലെ വിമാനത്താവളങ്ങളിലെ തിരക്കു കുറക്കുന്നതിനും ഹാജിമാർക്ക് പ്രയാസരഹിതമായി പുണ്യ സ്ഥലങ്ങളിൽ എത്തുന്നതിനും സാധിച്ചു. ഓൺലൈൻ ഹജ് രജിസ്‌ട്രേഷനിലൂടെ ഈ രംഗത്തെ മനുഷ്യ ഇടപെടലുകളും പരമാവധി കുറക്കാൻ കഴിഞ്ഞു. 
ഇന്ത്യയിൽനിന്ന് എൺപതിനായിരത്തോളം പേർക്കാണ് ഹജിന് അനുമതിയുള്ളത്.  ഇതിൽ 56,637 പേർ ഹജ് കമ്മിറ്റി വഴിയും ഇരപത്തി രണ്ടായിരത്തിൽപരം പേർ സ്വകാര്യ ഹജ് ഗ്രൂപ്പ് വഴിയുമാണ്. ഹജ് കമ്മിറ്റി വഴിയെത്തിയവരിൽ 5758 പേർ മലയാളികളാണ്. 
രണ്ടായിരത്തിലേറെ പേർ കേരളത്തിൽനിന്ന് സ്വകാര്യ ഹജ് ഗ്രൂപ്പുകൾ വഴിയുമെത്തിയിട്ടുണ്ട്. ഇന്ത്യൻ ഹാജിമാരുടെ സേവനത്തിന് വിവിധ സംഘടനകളുടെ നൂറുകണക്കിനു വളണ്ടിയർമാരാണ് സന്നദ്ധ സേവകരായി രംഗത്തുള്ളത്. നിലവിൽ മക്കയിലും മദീനയിലുമുള്ള സന്നദ്ധ പ്രവർത്തകർക്കാണ് ഹാജിമാർക്ക് സേവനം നൽകാൻ കഴിഞ്ഞിട്ടുള്ളതെങ്കിലും അനുമതി ലഭിച്ചാൽ മിനായിലും അറഫയിലും മുസ്ദലിഫയിലുമെത്തി സേവനം നൽകാൻ ആയിരിക്കണക്കിനു വളണ്ടിയർമാർ സന്നദ്ധരായിട്ടുള്ളതും സംഘടനകളിലും ആവേശം ജനിപ്പിച്ചിട്ടുണ്ട്. 
കോവിഡ് കാലം സമ്മാനിച്ച ദുരിതങ്ങളും പ്രയാസങ്ങളുമെല്ലാം വിട്ടകലുന്നതിനും പരസ്പര സ്‌നേഹവും സാഹോദര്യവും വീണ്ടും ഊട്ടിയുറപ്പിക്കുന്നതിനും സർവ മേഖലകളിലും പ്രതീക്ഷയുടെ പൊൻപുലരി സൃഷ്ടിക്കുന്നതിനും ഈ വർഷത്തെ ഹജ് സഹായകമായിട്ടുണ്ട്. 
 

Latest News