തൃശൂർ- കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത് രവിക്ക് ജാമ്യം നൽകരുതെന്ന് പോലീസ് കോടതിയിൽ. ശ്രീജിത് രവി മുമ്പും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം തെറ്റായ സന്ദേശം നൽകുമെന്നും പോലീസ് കോടതിയിൽ നിലപാട് സ്വീകരിച്ചു. അതേസമയം, ശ്രീജിതിന് സൈക്കോതെറപ്പി ചികിത്സ നൽകുന്നുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. കേസിൽ ഇന്ന് രാവിലെയാണ് ശ്രീജിത് രവിയെ അറസ്റ്റ് ചെയ്തത്. കുട്ടികൾ നൽകിയ പരാതിയിലാണ് നടനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. 14, 9 വയസുള്ള പെൺകുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തി എന്നാണ് കേസ്. പാർക്കിന് സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതി ശ്രീജിത് രവിയാണെന്ന് തിരിച്ചറിഞ്ഞത്. സമാനമായ കേസിൽ നേരത്തെ പാലക്കാട്ടുനിന്നും ശ്രീജിത് രവിയെ അറസ്റ്റ് ചെയ്തിരുന്നു.






