Sorry, you need to enable JavaScript to visit this website.

വിദ്യാര്‍ഥികളെ കയറ്റാന്‍ സ്വകാര്യ ബസ് ഡ്രൈവര്‍ വിസമ്മതിച്ചു; ലൈസന്‍സ് റദ്ദാക്കി

കൊച്ചി- വിദ്യാര്‍ഥികളെ കയറ്റാതിരിക്കാന്‍ ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ പോകുകയും ഇത് ചോദ്യം ചെയ്തതില്‍ പ്രതിഷേധിച്ചു വാഹനത്തില്‍ നിന്ന് ഇറങ്ങി പോവുകയും ചെയ്ത സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് തത്കാലികമായി റദ്ദ് ചെയ്തു. എടത്തല കുഴിവേലിപ്പടി സ്വദേശി കെ. എസ്. സുധീറിന്റെ ലൈസന്‍സ് ആണ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയത്. ഇയാള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി പോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

മെയ് 19നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. എറണാകുളം- പുക്കാട്ടുപാടി റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസ് കുഴിവേലിപ്പടി കെ. എം. ഇ. എ കോളേജിന്റെ സമീപം നിര്‍ത്താതെ പോകുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ബസ് നിര്‍ത്തി വാഹനത്തില്‍ നിന്ന് ഇയാള്‍ ഇറങ്ങിപ്പോയത്. ഇത് പ്രദേശത്തു ഗതാഗത തടസമുണ്ടാകുന്നതിനും കാരണമായി. 

സുധീറിനെ കൂടിക്കാഴ്ചക്കായി ലൈസന്‍സിങ് അതോറിറ്റി വിളിച്ച സമയത്ത് ലൈസന്‍സിന്റെ അസ്സല്‍ ഹാജരാക്കിയിരുന്നില്ല. 15 ദിവസത്തിനകം ലൈസന്‍സ് ഹാജരാക്കാന്‍ നിര്‍ദേശിച്ചു എങ്കിലും സുധീര്‍ ലൈസന്‍സ് ഹാജരാക്കിയില്ല. മോട്ടോര്‍ നിയമ ലംഘനത്തിന് പുറമെ ലൈസന്‍സിങ് അതോറിറ്റി നിര്‍ദേശങ്ങള്‍ അനുസരിക്കാതിരിക്കുകയും ചെയ്തതിനാലാണ് ലൈസന്‍സ് ആഗസ്റ്റ് ഒന്ന് മുതല്‍ മൂന്നു മാസത്തേക്ക് റദ്ദാക്കിയത്.

Latest News