Sorry, you need to enable JavaScript to visit this website.

എട്ട് മിനിറ്റിൽ എല്ലാം തീർത്ത് സ്പീക്കർ രാജേഷ്, ജയ് ഭീം വിളിയുമായി പ്രതിപക്ഷം പുറത്തേക്ക്

സീനിയർ ജേർണലിസ്റ്റുകൾ നിയമസഭ മാർച്ച് നടത്തിയ ദിവസം

മുൾ മുനയിലായിരുന്നു ഇന്നലെ നിയമസഭ. ആർക്കും രക്ഷിക്കാനാകാത്ത വിധം കരുക്കിലായിപ്പോയ സജി ചെറിയാന്റെ മന്ത്രി സ്ഥാനത്തിന്റെ ഭാവിയെന്ത് എന്നറിയാൻ എല്ലാവരും ഉറ്റു നോക്കുന്ന മണിക്കൂറുകൾ. അതിനിടക്കാണ് സഭ ചേരുന്നത്. സഭതുടങ്ങിയ ഉടൻ ചോദ്യോത്തരവേള നിർത്തിവച്ച് അടിയന്തര പ്രമേയം ചർച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കുകയായിരുന്നു. കീഴ്‌വഴക്കം അതല്ലല്ലോ എന്ന് സ്പീക്കർ എം.ബി. രാജേഷ് സൗമ്യനായെങ്കിലും അതു കേൾക്കാനുള്ള അവസ്ഥയിലായിരുന്നില്ല അപ്പോൾ പ്രതിപക്ഷം. ബഹളം അതിന്റെ മൂർദ്ധന്യത്തിലേക്ക് കടന്നത് അതിവേഗം. മുദ്രാവാക്യം വിളികൾക്കിടെ സ്പീക്കർ ചോദ്യോത്തരവേളയിലെ ചോദ്യങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷ എം.എൽ.എമാരോട് ആവശ്യപ്പെട്ടെങ്കിലും അവർ തയാറായില്ല. മന്ത്രി സജി ചെറിയാന്റെ കാര്യം എന്താകും എന്നറിയാതെ എന്ത് ചോദ്യം, ഏത് ചോദ്യം. തളികയിൽ വെച്ചു കിട്ടിയതുപോലെയാണല്ലോ സജി ചെറിയാൻ പ്രശ്‌നം ഉണ്ടായി തീർന്നത്. അത്യസാധാരണ സംഭവങ്ങൾക്ക് പിറകെ പൊട്ടി വീണു കിട്ടിയ സംഭവം. സ്വർണക്കടത്ത്, എ.കെ .ജി സെന്റർ ബോംബ് ഇവയെല്ലാം കൊണ്ട് എരി പൊരികൊള്ളുന്ന അവസ്ഥയിലേക്കാണ് ചെറിയാന്റെ വാക്കുകൾ ഇടിത്തീയായി വന്നു വീണത്.  അത്ര പെട്ടെന്ന് ഉപേക്ഷിച്ചു കളയാൻ പറ്റുന്നാളല്ല മുഖ്യമന്ത്രി പിണറായി വിജയന് സജി ചെറിയാൻ. വി.എസിന്റെ ജന്മ പ്രദേശമായ ആലപ്പുഴ പിടിച്ചെടുത്ത് സമർപ്പിച്ചയാളാണദ്ദേഹം. അഭിമാന കരമായ ഉപതെരഞ്ഞെടുപ്പ് വിജയത്തിലൂടെ ശക്തി പകർന്ന വ്യക്തി. ഇതൊക്കെയായിട്ടെന്ത് ചെറിയാനെ രക്ഷിക്കാൻ പിണറായി വിജയനും ഒടുവിൽ സാധിച്ചില്ല. ചെറിയാനെതിരെ ഇനിയും പൊല്ലാപ്പുകൾ വരാനിരിക്കുന്നതെയുള്ളൂ. പൗരത്വം വരെ റദ്ദാക്കാനുള്ള വകുപ്പ് സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിലുണ്ടെന്ന് നിയമജ്ഞർ പേടിപ്പിത്തുന്നുണ്ട്.  
ചോദ്യോത്തര വേളയിൽ നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷെ വിഷയം ഉന്നയിക്കാൻ  പ്രതിപക്ഷത്തിന് അവസരം കിട്ടാതെ നിയമസഭ പിരിയേണ്ടി വരുന്നത് അപൂർവം. പ്രതിപക്ഷ ബഹളത്തിന്റെ ദൃശ്യങ്ങൾ സഭാ ടി.വി കാണിച്ചിരുന്നില്ല എന്ന ആക്ഷേപവും ഉയർന്നു കഴിഞ്ഞു. സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കർ പ്രഖ്യാപിച്ചതോടെയാണ് പ്രതിപക്ഷം പ്രകടനമായി പുറത്തിറങ്ങിയത്. നിയമസഭാ വളപ്പിലെ അംബേദ്കർ പ്രതിമയ്ക്ക് താഴെക്കാണ് അവർ മുദ്രാവാക്യം വിളികളുമായി പോയത്.  ജയ് ഭീം മുദ്രാവാക്യം മുഴക്കിയും ഭരണഘടനാ ശിൽപിയുടെ ഫോട്ടോ ഉയർത്തിയും ആയിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഈ നടപടിയിലും  വലിയ രാഷ്ട്രീയമുണ്ട്. അംബേദ്ക്കറെയുമാണ് സജി ചെറിയാൻ തന്റെ പ്രസംഗത്തിൽ ചെറുതാക്കിയതെന്ന വിമർശം ഉയർന്നു കഴിഞ്ഞിരിക്കുന്നു. സണ്ണി എം. കപിക്കാടിനെപ്പോലുള്ളവർ ഈ രാഷ്ട്രീയം പൊതു ഇടത്തിൽ പറഞ്ഞു തുടങ്ങി. വീ ദ പീപ്പിൾ ഓഫ് ഇന്ത്യ എന്നു തുടങ്ങുന്ന പേജിന്റെ കളർ കോപ്പി പ്രത്യേകമായി അംഗങ്ങൾ ഉയർത്തിപ്പിടിച്ചിരുന്നു.  
സഭയ്ക്കകത്ത് ശക്തമായ പ്രതിഷേധം നടത്താനുള്ള തീരുമാനവുമായിട്ടായിരുന്നു പ്രതിപക്ഷം ഇന്നലെ എത്തിയത്. അടിയന്തര പ്രമേയ നോട്ടീസ് നൽകാനും ചോദ്യോത്തരവേള മുതൽ പ്രതിഷേധം ശക്തമാക്കാനുമായിരുന്നു തീരുമാനം. നിയമസഭയിലേത് അസാധാരണ നടപടിയെല്ലെന്നാണ് സ്പീക്കറുടെ ഓഫീസിന്റെ പ്രതികരണം. 2001 ഒക്ടോബറിൽ 3 തവണയും 2007 ലും 2013 ലും ഇത്തരത്തിൽ ചോദ്യോത്തരവേള പൂർത്തിയാക്കാതെ സഭ നിർത്തിവച്ചിട്ടുണ്ടെന്ന് നിയമസഭ സെക്രട്ടറിയേറ്റ് ന്യായീകരിക്കുന്നു. ചോദ്യങ്ങൾക്ക് മുന്നിൽ മറുപടി നൽകാൻ കഴിയാത്തതിനാലാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞതെന്ന് പതിപക്ഷ നേതാവ് വി.ഡി. സതീശൻ. 
 അസാധാരണ നടപടിയിലൂടെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞതിൽ സ്പീക്കറെ നേരിൽക്കണ്ട് പ്രതിപക്ഷം പ്രതിഷേധം അറിയിച്ചിട്ടുണ്ട്.  അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാതെ ശൂന്യവേള റദ്ദാക്കിയതിലുള്ള പ്രതിഷേധമാണ് പ്രതിപക്ഷാംഗങ്ങൾ സ്പീക്കറെ അറിയിച്ചത്. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടത് അംഗീകരിക്കാനാകില്ല. പ്രതിപക്ഷാംഗങ്ങൾ സീറ്റിൽ ഇരുന്നതിന് ശേഷവും എട്ട് മിനിട്ട് കൊണ്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കി സഭ പിരിഞ്ഞതിലുള്ള വിയോജിപ്പും പ്രതിപക്ഷം സ്പീക്കറെ അറിയിച്ചു. ഇന്ന് പ്രതികരിക്കാമെന്നാണ് സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞത്. ഇതു സംബന്ധിച്ച് ദൃശ്യ മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ സ്പീക്കർ അതൃപ്തി പ്രകടിപ്പിച്ചിട്ടുമുണ്ട്. 
അസാധാരണമായ ഒരു സമരവും ഇന്നലെ നിയമസഭക്ക് പുറത്തു നടന്നു. പെൻഷൻ പറ്റിയ പത്രപ്രവർത്തകരുടെ വർദ്ധിപ്പിച്ച പെൻഷൻ തുക ആയിരത്തിൽ നിന്ന് അഞ്ഞൂറായി കുറച്ചതിനെതിരെയായിരുന്നു പെൻഷൻ കാരുടെ സംഘടനകളിലൊന്നായ സീനിയർ ജേണലിസ്റ്റ്‌സ് ഫോറത്തി ന്റെ നിയമസഭ മാർച്ച്.  ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട സമരത്തിന് നേതൃത്വം നൽകിയത് മുൻ ധനകാര്യ മന്ത്രിയായിരുന്ന വരദരാജൻ നായരുടെ മകൻ അഡ്വ. വി. പ്രതാപ ചന്ദ്രൻ (മുൻ വീക്ഷണം) പ്രസിഡന്റായ സംഘടനയാണെന്നത് മറ്റൊരു പ്രത്യേകത. അംശാദായം അടച്ചുള്ള പെൻഷനല്ലെ പിന്നെയെന്തിനാണ് ഇത്തരം പ്രശ്‌നങ്ങൾ എന്നാണ് മാർച്ച് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും  പ്രശ്‌നത്തെ ശരിയാം വണ്ണം നിരീക്ഷിച്ചത്. 

Latest News