പോലീസ് അരിച്ചുപെറുക്കിയിട്ടും എ.കെ.ജി സെന്റര്‍ ആക്രമണക്കേസ് പ്രതിയെ കണ്ടെത്താനാകാതെ പോലീസ്

തിരുവനന്തപുരം- വീടുകളിലേതുള്‍പ്പെടെ നൂറോളം സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും എ.കെ.ജി സെന്ററിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ ആള്‍ സഞ്ചരിച്ച വാഹനം കണ്ടെത്താനാകാതെ പോലീസ്. സി.സി.ടി.വി ദൃശ്യങ്ങളില്‍ വാഹനത്തിന്റെ നമ്പരോ സഞ്ചരിച്ച ആളിനെ തിരിച്ചറിയുന്ന വിവരങ്ങളോ ഇല്ലാത്തതാണ് തിരിച്ചടിയായത്. ഗിയറില്ലാത്ത ബൈക്കിലെത്തിയ ആളാണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്ന വിവരം മാത്രമാണ് പോലീസിനുള്ളത്. ഇത്തരത്തിലുള്ള രണ്ടായിരത്തോളം വാഹനങ്ങള്‍ പരിശോധിച്ചെങ്കിലും അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങള്‍ ലഭിച്ചില്ല. നഗരത്തിലെ പോലീസ് ക്യാമറകളില്‍ പലതും പ്രവര്‍ത്തിക്കാത്തതും അന്വേഷണത്തെ ബാധിച്ചു.

ജൂണ്‍ 30നു രാത്രി 11.20ന് ശേഷമാണ് എ.കെ.ജി സെന്ററിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞത്. അക്രമി കുന്നുകുഴി ഭാഗത്തേക്കാണ് ബൈക്കില്‍ പോയത്. ഈ ഭാഗത്തെ വീടുകളിലെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഗുണം ചെയ്തില്ല. പല സി.സി.ടി.വി ദൃശ്യങ്ങളും വ്യക്തതയില്ലാത്തതായിരുന്നു. ചില സി.സി.ടി.വി ക്യാമറകളുടെ പരിധി വീടിന്റെ ഗേറ്റിന്റെ ഭാഗംവരെ മാത്രമായിരുന്നു. പോലീസ് നിരത്തുകളില്‍ സ്ഥാപിച്ച ക്യാമറകളില്‍നിന്നും വിവരം ലഭിച്ചില്ല. പ്രധാന ജങ്ഷനുകളില്‍ പോലീസ് സുരക്ഷാ ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതും പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. രാത്രി ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള സംവിധാനം മിക്ക ക്യാമറകളിലും ഇല്ലാത്തതിനാല്‍ തെരുവ് വിളക്ക് കത്തിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ ലഭിക്കില്ല. 233 ക്യാമറകളാണ് നഗരത്തില്‍ പോലീസ് സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ നൂറിനടുത്ത് ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. തലസ്ഥാനത്തെ പ്രധാന റോഡായ കടവടിയാര്‍-വെള്ളയമ്പലം റോഡില്‍ നടന്ന അപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കൊല്ലപ്പെട്ടിട്ടും സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല.

 

Latest News