Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയുടെ 'മിഷൻ ദക്ഷിണേന്ത്യ' ലക്ഷ്യം കാണുമോ ?

വൈ.എസ്.ആർ കോൺഗ്രസ് ഭരിക്കുന്ന ആന്ധ്രയിൽ വലിയ പ്രതീക്ഷയാണ് ബി.ജെ.പിക്കുള്ളത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നണിയുടെ സ്ഥാനാർത്ഥിയെ പിന്തുണക്കാനുള്ള വൈ.എസ്.ആർ കോൺഗ്രസിന്റെ തീരുമാനം പുതിയ ഒരു രാഷ്ട്രീയ സഖ്യത്തിന് വഴി തുറക്കുമെന്ന് ബി.ജെ.പി നേതൃത്വം കണക്കുകൂട്ടുന്നുണ്ട്. അടുത്ത പൊതു തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ 129 ലോക്‌സഭ സീറ്റുകളിൽ കുറേയെണ്ണത്തിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തിൽ കേന്ദ്ര മന്ത്രി അമിത് ഷായാണ് മിഷൻ ദക്ഷിണേന്ത്യ ദൗത്യത്തിന് ചുക്കാൻ പിടിക്കുന്നത്. 

ഇന്ത്യയിൽ തെരഞ്ഞെടുപ്പ്  രാഷ്ട്രീയത്തിന്റെ പുറമ്പോക്കിലാണ് പലപ്പോഴും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സ്ഥാനമുണ്ടാകാറുള്ളത്. രാജ്യത്തിന്റെ ഭരണം പിടിക്കണമെങ്കിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അധികാരം ഉറപ്പിച്ചതുകൊണ്ട് കാര്യമില്ല, മറിച്ച് ഉത്തർപ്രദേശ് അടക്കമുള്ള ഉത്തരേന്ത്യയിലെ വലിയ സംസ്ഥാനങ്ങളിൽ ആധിപത്യം പുലർത്തണമെന്നത് കക്ഷി രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളിലൊന്നാണ്. അതുകൊണ്ട് തന്നെ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലങ്ങൾ ഒരു പരിധിക്കപ്പുറം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കാറില്ലായിരുന്നുവെന്നത് വാസ്തവമാണ്. 
അധികാരത്തിലേക്കുള്ള ബോണസ് മാർക്കുകളായാണ് ദക്ഷിണേന്ത്യയിലെ തെരഞ്ഞെടുപ്പുകളെ അടുത്ത കാലം വരെ ദേശീയ പാർട്ടികൾ കണ്ടിരുന്നത്. എന്നാൽ രാജ്യത്ത് ഒറ്റക്കക്ഷി ഭരണമെന്നത് വ്യാമോഹം മാത്രമായി അവശേഷിക്കുന്ന സ്ഥിതിയിലേക്ക് എത്തുകയും മുന്നണി രാഷ്ട്രീയത്തിന് വലിയ പ്രസക്തി കൈവരികയും ചെയ്തത് ദക്ഷിണേന്ത്യയിലെ തെരഞ്ഞെടുപ്പ്  രാഷ്ട്രീയത്തിന് അടുത്ത കാലത്തായി വലിയ പ്രാമുഖ്യം കൈവരാനിടയാക്കിയിട്ടുണ്ട്. 
രാജ്യം ഭരിക്കണമെങ്കിൽ ഉത്തരേന്ത്യയിലെ ആധിപത്യം മാത്രം മതിയാകില്ലെന്ന് പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ പ്രാദേശിക രാഷ്ട്രീയ കക്ഷികൾ വലിയ തോതിൽ സ്വാധീനം ചെലുത്തുകയും പലയിടത്തും ഭരണം കൈയാളുകയും ചെയ്യുമ്പോൾ ആരെയും അവഗണിക്കാൻ പറ്റാത്ത രാഷ്ട്രീയ സാഹചര്യം ഉയർന്നു വന്നു. 2024 ൽ  പൊതുതെരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങുമ്പോൾ ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തെ തങ്ങൾക്കനുകൂലമാക്കി മാറ്റാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ബി.ജെ.പി. 
രാജ്യത്ത് തുടർഭരണ പ്രതീക്ഷ നിലനിർത്തണമെങ്കിൽ ദക്ഷിണേന്ത്യയിൽ കാര്യമായ സ്വാധീനം ഉറപ്പിക്കണമെന്ന രാഷ്ട്രീയ ബോധ്യം ബി.ജെ.പി ദേശീയ നേതൃത്വം പ്രകടിപ്പിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് 'മിഷൻ ദക്ഷിണേന്ത്യ' കർമപരിപാടിക്ക് ബി.ജെ.പി രൂപം നൽകിയിട്ടുള്ളത്. ഇതിനായി കഴിഞ്ഞ ദിവസം ഹൈദരാബാദിൽ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന പാർട്ടിയുടെ ദേശീയ നിർവാഹക സമിതി യോഗത്തിൽ കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സ്വാധീനം വർധിപ്പിക്കാനും സാധ്യമായിടത്തെല്ലാം ഭരണത്തിലെത്താനുമുള്ള തന്ത്രങ്ങളെക്കുറിച്ചാണ് ചർച്ചകൾ നടന്നത്. 
കർണാടക ഒഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. കർണാടകയിൽ ഭരണം ബി.ജെ.പിയുടെ കൈകളിലായതിനാൽ ഏത് വിധേനയും സ്വാധീനം നിലനിർത്താനുള്ള എല്ലാ വർഗീയ അജണ്ടകളും ഇവിടെ സർക്കാർ മുന്നോട്ട് വെയ്ക്കുന്നുണ്ട്. കർണാടക മോഡലിൽ ദക്ഷിണേന്ത്യ കീഴടക്കുകയെന്ന തന്ത്രങ്ങളാണ് 'മിഷൻ ദക്ഷിണേന്ത്യ' യുടെ ഭാഗമായി നടപ്പാക്കാൻ പോകുന്നത്. 
ദക്ഷിണേന്ത്യയിൽ ഏറ്റവും ആദ്യം ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുന്നത് തെലങ്കാനയിലാണ്. അടുത്ത വർഷം തെലങ്കാനയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇവിടെ ഭരണത്തിലേറുകയെന്നതിനപ്പുറം മുഖ്യ പ്രതിപക്ഷമായി മാറാനുള്ള സാധ്യതകളാണ് ബി.ജെ.പി പരീക്ഷിക്കുന്നത്. പ്രതിപക്ഷമായ കോൺഗ്രസിനെ തളർത്തി ഭരണത്തിലുള്ള തെലങ്കാന രാഷ്ട്രീയ സമിതിയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിനാണ്  ബി.ജെ.പി തയാറെടുക്കുന്നത്. 119 അംഗ നിയമസഭയിൽ കേവലം രണ്ട് എം.എൽ.എമാർ മാത്രമേ ബി.ജെ.പിക്കുള്ളൂ. 
ഏഴ് ശതമാനം മാത്രമാണ് വോട്ട് ഷെയറുള്ളത്. എങ്കിൽ പോലും അടുത്ത വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അരയും തലയും മുറുക്കി രംഗത്തിറങ്ങാനുള്ള പദ്ധതികൾ ബി.ജെ.പി നേതൃത്വം തയാറാക്കിക്കഴിഞ്ഞിട്ടുണ്ട്. 'മിഷൻ ദക്ഷിണേന്ത്യ' യുടെ ആദ്യ അജണ്ടയാണിത്. പാർട്ടി കേന്ദ്ര നേതൃത്വമാണ് ഇതിന് നേരിട്ട് ചുക്കാൻ പിടിക്കുന്നത്. പ്രാദേശിക കക്ഷികളെ പിളർത്താനുള്ള നീക്കങ്ങളും ബി.ജെ.പി ഇവിടെ നടത്തിക്കൂടായ്കയില്ല.
തമിഴ്‌നാട്ടിൽ സഖ്യക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ ക്ഷീണം മുതലെടുക്കുകയെന്നതാണ് ബി.ജെ.പി നടപ്പാക്കാൻ പോകുന്ന തന്ത്രം. കടുത്ത ബി.ജെ.പി വിരുദ്ധനായ എം.കെ. സ്റ്റാലിൻ നയിക്കുന്ന  ഡി.എം.കെ സർക്കാരിന്റെ ജനപ്രീതി  വലിയ വെല്ലുവിളിയാണെന്ന് ബി.ജെ.പി നേതൃത്വം കണക്കുകൂട്ടുന്നുണ്ട്. സ്റ്റാലിന്റെ വ്യക്തിപ്രഭാവം തന്നെയാണ് സർക്കാരിന്റെ മുതൽക്കൂട്ട്. എ.ഐ.എ.ഡി.എം.കെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയമായി വലിയ ക്ഷീണത്തിലാണ്. ബി.ജെ.പിയുമായുള്ള ബന്ധം ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കിയതെന്ന ചിന്ത എ.ഐ.എ.ഡി.എം.കെ നേതൃത്വത്തിനുണ്ട്. ഇക്കാര്യം ബോധ്യപ്പെട്ട ബി.ജെ.പി നേതൃത്വം എ.ഐ.എ.ഡി.എം.കെ കേന്ദ്രങ്ങളിൽ സ്വന്തമായി സ്വാധീനമുറപ്പിക്കാനുള്ള നീക്കങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. 
കേരളം ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ദക്ഷിണേന്ത്യയിലെ അവരുടെ അവസാനത്തെ അജണ്ടയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ഷെയറിലടക്കം വലിയ തോതിൽ പിന്നോട്ട് പോയതോടെ പാർട്ടി കേന്ദ്ര നേതൃത്വത്തിന് കടുത്ത അസംതൃപ്തിയാണ് ഉണ്ടായിട്ടുള്ളത്. ആവശ്യത്തിലേറെ ആളും അർത്ഥവും നൽകി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടു പോലും യാതൊരു ഗുണവുമുണ്ടായില്ല. മുഖ്യ പ്രതിപക്ഷമായി മാറാനുള്ള സീറ്റുകൾ കിട്ടുമെന്നു വരെ വീമ്പിളക്കിയെങ്കിലും ഒരു എം.എൽ.എയെപ്പോലും നേടാൻ കഴിഞ്ഞില്ലെന്നത് പാർട്ടി കേന്ദ്ര നേതൃത്വം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. 'മിഷൻ ദക്ഷിണേന്ത്യ' പദ്ധതി നടപ്പാക്കുമ്പോഴും വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കാര്യമായ പ്രതീക്ഷയൊന്നും ബി.ജെ.പി കേന്ദ്ര നേതൃത്വം പുലർത്തുന്നില്ല. രണ്ടു സീറ്റുകളിലെങ്കിലും ജയിക്കാനുള്ള ശ്രമങ്ങൾ പാർട്ടി സംസ്ഥാന നേതൃത്വം നടത്തണമെന്നാണ് കേന്ദ്ര സമിതി നൽകിയിട്ടുള്ള നിർദേശം. സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകേടുതന്നെയാണ് കേരളത്തിൽ പ്രകടമാകുന്നത്. അതുകൊണ്ട് തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ ഉടച്ചുവാർക്കാനുള്ള നീക്കങ്ങൾക്കും സാധ്യതയുണ്ട്. 
വൈ.എസ്.ആർ കോൺഗ്രസ് ഭരിക്കുന്ന ആന്ധ്രയിൽ വലിയ പ്രതീക്ഷയാണ് ബി.ജെ.പിക്കുള്ളത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നണിയുടെ സ്ഥാനാർത്ഥിയെ പിന്തുണക്കാനുള്ള വൈ.എസ്.ആർ കോൺഗ്രസിന്റെ തീരുമാനം പുതിയ ഒരു രാഷ്ട്രീയ സഖ്യത്തിന് വഴി തുറക്കുമെന്ന് ബി.ജെ.പി നേതൃത്വം കണക്കുകൂട്ടുന്നുണ്ട്. അടുത്ത പൊതു തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ 129 ലോക്‌സഭ സീറ്റുകളിൽ കുറേയെണ്ണത്തിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തിൽ കേന്ദ്ര മന്ത്രി അമിത് ഷായാണ് മിഷൻ ദക്ഷിണേന്ത്യ ദൗത്യത്തിന് ചുക്കാൻ പിടിക്കുന്നത്. 
70 ലോക്‌സഭാ മണ്ഡലങ്ങളിൽ അതീവ ശ്രദ്ധ ചെലുത്താനായി പ്രത്യേക പാനലിനെ നിയോഗിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പ് ലാക്കാക്കി ബി.ജെ.പി ഒരു മുഴം നീട്ടിയെറിയുമ്പോൾ ചങ്കിടിക്കുന്നത് അധികാരത്തിലിരിക്കുന്ന പ്രാദേശിക രാഷ്ട്രീയ കക്ഷികൾക്കാണ്.

Latest News