കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ ഹജ്ജ് സീസണ്‍ ഇന്ന് ആരംഭിക്കുന്നു

മക്ക- ലക്ഷക്കണക്കിന് വിശ്വാസികള്‍ കഅ്ബക്ക് ചുറ്റും ആഗമന ത്വവാഫ് (ത്വവാഫുല്‍ ഖുദൂം) ചെയ്യാനെത്തിയതോടെ ഈ വര്‍ഷത്തെ ഹജ്ജിന് ഇന്ന് മുതല്‍ ഔദ്യോഗിക തുടക്കമായി. നിരവധി ഹജ്ജ് കമ്പനികള്‍ ഹാജിമാരോട് ജനത്തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇന്ന് തന്നെ ത്വവാഫുല്‍ ഖുദൂം ചെയ്യാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ബാക്കിയുള്ളവര്‍ നാളെ വ്യാഴാഴ്ചയാണ് ത്വവാഫുല്‍ ഖുദൂം ചെയ്യുക.  ശേഷം എല്ലാവരും അഞ്ചു കിലോമീറ്റര്‍ അകലെയുള്ള മിനയിലേക്ക് നീങ്ങും. 
കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച പത്ത് ലക്ഷം പേരാണ് ഈ വര്‍ഷത്തെ ഹജ്ജില്‍ സംബന്ധിക്കുന്നത്. ഇവരില്‍ എട്ടരലക്ഷം പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നുളളവരാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയധികം ഹാജിമാര്‍ ഹജ്ജിനെത്തുന്നത്. മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന് കമ്പനികള്‍ ഹാജിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2020, 2021 നേക്കാള്‍ കൂടുതല്‍ പേര്‍ക്ക് ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിച്ചിട്ടുണ്ട്. എങ്കിലും കോവിഡിന് മുമ്പുള്ളതിനേക്കാള്‍ വളരെ കുറവാണിത്. 2019ല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 25 ലക്ഷം പേര്‍ ഹജ്ജിനെത്തിയിരുന്നു. എന്നാല്‍ കോവിഡിന് ശേഷം ഹാജിമാരുടെ എണ്ണം കുറക്കാന്‍ സൗദി ഗവണ്‍മെന്റ് നിര്‍ബന്ധിതമായി. 2021ല്‍ പൂര്‍ണമായും വാക്‌സിനെടത്ത 60000 പേര്‍ക്കും 2020 ആയിരത്തോളം പേര്‍ക്കുമാണ് ഹജ്ജ് ചെയ്യാന്‍ അവസരം ലഭിച്ചത്.
65 വയസ്സിന് താഴെയുള്ളവര്‍ക്ക് മാത്രമാണ് ഈ വര്‍ഷം ഹജ്ജിന് അനുമതിയുള്ളത്. പിസിആര്‍ പരിശോധന പൂര്‍ത്തിയാക്കിയാണ് വിദേശത്ത് നിന്നുള്ള ഹാജിമാര്‍ സൗദിയില്‍ എത്തിയത്. ഹാജിമാരുടെ സേവനത്തിനായി മൊബൈല്‍ ക്ലിനിക്കുകള്‍, ആംബുലന്‍സുകള്‍ എന്നിവ പുണ്യ നഗരിയില്‍ സജ്ജമാക്കിയിട്ടുണ്ട്. അനുമതിയില്ലാതെ ഹജ്ജ് ചെയ്യാനെത്തുന്നവര്‍ക്ക് 10000 റിയാലാണ് പിഴ. മലമ്പാതകളിലും മറ്റും പോലീസുകാര്‍ പരിശോധന നടത്തുന്നുണ്ട്.

Latest News