കൊളംബോ സെക്യൂരിറ്റി കോണ്‍ക്ലേവിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ആറ് രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍

കൊച്ചി- ആറാമത് കൊളംബോ സുരക്ഷാ കോണ്‍ക്ലേവിനുള്ള ഒരുക്കങ്ങള്‍ കൊച്ചിയില്‍ പൂര്‍ത്തിയായി. ജൂലൈ ഏഴിന് വ്യാഴാഴ്ച ഹോട്ടല്‍ ക്രൗണ്‍ പ്ലാസയിലാണ് കോണ്‍ക്ലേവ്. ഇന്ത്യ, ശ്രീലങ്ക, മാലദ്വീപ്, മൗറീഷ്യസ് എന്നീ അംഗരാജ്യങ്ങളുടെയും ബംഗ്ലാദേശ്, സീഷെല്‍സ് എന്നീ നിരീക്ഷക രാജ്യങ്ങളുടെയും ദേശീയ ഉപസുരക്ഷാ ഉപദേഷ്ടാക്കളുടെ പദവിയിലുള്ള ഉന്നതോദ്യോഗസ്ഥരാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്.

സമുദ്രസുരക്ഷ, സംരക്ഷണം, തീവ്രവാദ പ്രതിരോധം, കള്ളക്കടത്തും മയക്കുമരുന്ന് വ്യാപാരവും അടക്കമുള്ള രാജ്യാന്തര കുറ്റകൃത്യങ്ങള്‍ തടയല്‍, സൈബര്‍ സുരക്ഷ, അടിസ്ഥാന വികസനം, വിവര സാങ്കേതിക വിദ്യ, ദുരന്ത നിവാരണം, അടിയന്തര ഘട്ടങ്ങളിലെ സഹായം തുടങ്ങിയ രംഗങ്ങളില്‍ പരസ്പര സഹകരണം ലക്ഷ്യമിട്ടാണ് 2011ല്‍ കോണ്‍ക്ലേവ് ആരംഭിച്ചത്. കോളംബോയാണ് കോണ്‍ക്ലേവിന്റെ ആസ്ഥാനം. കഴിഞ്ഞ മാര്‍ച്ചില്‍ മാലദ്വീപില്‍ നടന്ന അഞ്ചാമത് കോണ്‍ക്ലേവിലെ തീരുമാനപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും പുതിയ പ്രവര്‍ത്തനപരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനുമാണ് കൊച്ചിയിലെ കോണ്‍ക്ലേവ്.

ആറ് രാജ്യങ്ങളുടെയും പ്രതിനിധികള്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കൊച്ചിയിലെത്തി. ദേശീയ സുരക്ഷാ ഉപദേശകസമിതിയുടെ സെക്രട്ടറിയേറ്റാണ് കൊച്ചിയില്‍ ക്യാമ്പ് ചെയ്ത് കോണ്‍ക്ലേവിന് ചുക്കാന്‍ പിടിക്കുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് കോണ്‍ക്ലേവ്.

Latest News