നൂപുര്‍ ശര്‍മക്കെതിരായ സുപ്രീം കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യം തള്ളണമെന്ന് ബാര്‍ അസോസിയേഷന്‍

ന്യൂദല്‍ഹി- ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്ത മുന്‍  വക്താവ് നൂപുര്‍ ശര്‍മക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന ആവശ്യം തള്ളിക്കളയണമെന്ന് ആള്‍ ഇന്ത്യാ ബാര്‍ അസോസിയേഷന്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണക്കെഴുതി.
അഭിഭാഷകരുമായുള്ള വാദത്തിനിടെ ജഡ്ജിമാര്‍ അഭിപ്രായ പ്രകടനം നടത്തുക സ്വാഭാവികമാണെന്നും നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടെന്നും ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കി.
നൂപുര്‍ ശര്‍മക്കെതിരായ പരാമര്‍ശങ്ങളെ അപലപിച്ച് മുന്‍ ജഡ്ജിമാരും ഉദ്യോഗസ്ഥരും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു.

പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിച്ച കേസില്‍ പ്രതിയായ ബി.ജെ.പി ദേശീയ വക്താവായിരുന്ന  നൂപുര്‍ ശര്‍മ്മയെ രൂക്ഷമായി വിമര്‍ശിച്ചതിന് സുപ്രീംകോടതി ജഡ്ജിമാരെ വ്യക്തിപരമായി ആക്ഷേപിക്കുന്നതിനെതിരെ നേരത്തെ  സുപ്രീംകോടതി ജഡ്ജി രംഗത്തുവന്നിരുന്നു. നൂപുര്‍ ശര്‍മ്മയെ വിമര്‍ശിച്ച സുപ്രീം കോടതി ബെഞ്ചിലെ ജഡ്ജിയാണ്, ജഡ്ജിമാരുടെ വിധിന്യായങ്ങള്‍ക്കെതിരെ വ്യക്തിപരമായ ആക്രമണത്തെക്കുറിച്ച് ശക്തമായ പരാമര്‍ശം നടത്തി രംഗത്തുവന്നത്. വിധിന്യായങ്ങള്‍ക്കെതിരെയുള്ള വ്യക്തിപരമായ ആക്രമണങ്ങള്‍ അപകടകരമായ സാഹചര്യത്തിലേക്ക് നയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ ബി.ജെ.പി വക്താവ് നൂപുര്‍ രാജ്യത്തോട് മാപ്പ് പറയണമെന്ന് പറഞ്ഞ ബെഞ്ചിന്റെ ഭാഗമായ ജസ്റ്റിസ് ജെ.ബി പര്‍ദിവാലയാണ് വിമര്‍ശനവുമായി രംഗത്തുവന്നത്.

നൂപുര്‍ ശര്‍മയുടെ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെ അവര്‍ക്കെതിരെ വാക്കാലുള്ള അഭിപ്രായപ്രകടനം നടത്തിയതിന് ശേഷം ജസ്റ്റീസ് പര്‍ദിവാലയെയും ജസ്റ്റിസ് സൂര്യ കാന്തിനെയും സോഷ്യല്‍ മീഡിയയില്‍ ഹിന്ദുത്വ വാദികള്‍ ആക്രമിച്ചിരുന്നു.

രാജ്യത്തുടനീളം തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ പ്രഥമ വിവര റിപ്പോര്‍ട്ടുകളും ഒരുമിച്ച് ചേര്‍ത്ത് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുര്‍ ശര്‍മ്മ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. താനും കുടുംബവും സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നും അവര്‍ക്ക് സംരക്ഷണം ആവശ്യമാണെന്നും ഹരജിയില്‍ പറയുന്നു.

എന്തുകൊണ്ടാണ് നൂപൂര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യാത്തതെന്നും 'രാജ്യത്തുടനീളം വികാരങ്ങള്‍ ആളിക്കത്തിച്ചതിന്' അവര്‍ ഉത്തരവാദിയാണെന്നും ജഡ്ജിമാര്‍ അവരുടെ നിരീക്ഷണങ്ങളില്‍ സൂചിപ്പിച്ചിരുന്നു.

 

 

Latest News