നൂപുര്‍ ശര്‍മയുടെ തലവെട്ടുന്നയാള്‍ക്ക് വീട്, അജ്മീര്‍ പുരോഹിതന്‍ അറസ്റ്റില്‍

ജയ്പുര്‍-ബി.ജെ.പി മുന്‍ ദേശീയവക്താവ് നൂപുര്‍ ശര്‍മയുടെ തലവെട്ടുന്നയാള്‍ക്ക് തന്റെ വീടു നല്‍കുമെന്ന് വാഗ്ദാനം ചെയ്ത അജ്മീര്‍ ദര്‍ഗയിലെ പുരോഹിതന്‍ അറസ്റ്റില്‍. ഖാദിം സയ്യിദ് സല്‍മാന്‍ ചിഷ്തി എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ വിഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന്  നേരത്തെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരുന്നു.


നൂപുര്‍ ശര്‍മയുടെ തലവെട്ടി കൊണ്ടുവരുന്നയാള്‍ക്ക് തന്റെ വീട് നല്‍കുമെന്ന് പറഞ്ഞതിനു പുറമെ, നൂപുറിനെ വെടിവയ്ക്കുമെന്നും വിഡിയോ ക്ലിപ്പില്‍ പറഞ്ഞിരുന്നു. എല്ലാ മുസ്ലിം രാജ്യങ്ങള്‍ക്കുമായി നിങ്ങള്‍ മറുപടി നല്‍കണം. ഞാനിത് രാജസ്ഥാനിലെ അജ്മീറില്‍നിന്നാണ് പറയുന്നത്-  വിഡിയോയില്‍ സല്‍മാന്‍ ചിഷ്തി  വ്യക്തമാക്കി.

ക്രിമിനല്‍ പശ്ചാത്തലം ഉള്ളയാളാണ് ചിഷ്തിയെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ദല്‍വീര്‍ സിങ് ഫൗജ്ദര്‍ പറഞ്ഞു. അതേസമയം, ചിഷ്തിയുടെ പ്രസ്താവനയെ അപലപിക്കുന്നതായും തങ്ങളുടെ സന്ദേശമല്ലെന്നും ദര്‍ഗ അധികൃതര്‍ അറിയിച്ചു.

നൂപുറിനെ പിന്തുണച്ച് ഉദയ്പുരില്‍ സമൂഹമാധ്യമത്തില്‍ കുറിപ്പിട്ട തയ്യല്‍ക്കാരന്‍ കനയ്യലാലിന്റെ കൊലപാതകത്തിനുശേഷം  രാജസ്ഥാനിലെ സ്ഥിതി കലുഷിതമായി തുടരുകയാണ്. കനയ്യ ലാലിനെ കൊലപ്പെടുത്തുന്ന വിഡിയോയും ആയുധങ്ങള്‍ സഹിതമുള്ള വിഡിയോകളും പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാജസ്ഥാന്‍ പോലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.  

 

Latest News