വിനോദ സഞ്ചാരികളുടെ വാഹനത്തിനു നേരെ കാട്ടാനയാക്രമണം

ഇടുക്കി- ചിന്നക്കനാലിലേക്ക് പോയ വിനോദ സഞ്ചാരികളുടെ വാഹനത്തിനു നേരെ കാട്ടാനയാക്രമണം. വാഹനത്തിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. കൊല്ലം സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ ആനയിറങ്കലിന് സമീപം വെച്ച് അരികൊമ്പനെന്ന് വിളിക്കുന്ന ഒറ്റയാന്റെ ആക്രമണമുണ്ടായത്. കൊടൈക്കനാലില്‍ നിന്നും പൂപ്പാറ വഴി ചിന്നക്കനാലിലേക്ക് പോകുമ്പോഴാണ് സംഭവം. റോഡില്‍ നിന്ന ഒറ്റയാന്‍ വാഹനം കൊമ്പുപയോഗിച്ച് കുത്തി റോഡില്‍ നിന്നും നീക്കി. വാഹനത്തിലുണ്ടായിരുന്ന ദമ്പതികള്‍ പുറത്തിറങ്ങാതെ കരഞ്ഞ് ബഹളം വെച്ചു. ഈ സമയം റോഡിലൂടെ ഒരു ചരക്ക് ലോറി വന്നതിനാല്‍ ഒറ്റയാന്‍ പിന്തിരിഞ്ഞു പോയി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രി പട്രോളിംഗിനായി സമീപത്തു തന്നെയുണ്ടായിരുന്നു. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ദമ്പതികളെ പൂപ്പാറയിലെ ഹോട്ടലിലേക്ക് മാറ്റി.

 

Latest News