കൊല്ലത്ത് കാറപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം, മൂന്ന് വയസ്സുകാരിക്ക് ഗുരുതര പരിക്ക്

കൊല്ലം- കൊട്ടാരക്കര കുളക്കടയില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ ബിനീഷ് ഭവനില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ ബിനീഷ് കൃഷ്ണന്‍ (34), ഭാര്യ അഞ്ജു എ.ജി (30) എന്നിവരാണ് മരിച്ചത്. മൂന്നു വയസ്സുള്ള മകള്‍ ശ്രേയയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തിങ്കള്‍ രാത്രി 12 ഓടെ അടൂര്‍ - കൊട്ടാരക്കര റോഡില്‍ കുളക്കട എന്‍.എസ്.എസ് കരയോഗ മന്ദിരത്തിനു മുന്നിലായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തേക്ക് വന്ന ഇന്നോവ കാറും അടൂര്‍ ഭാഗത്തേക്ക് പോയ ആള്‍ട്ടോയും കൂട്ടിയിടിക്കുകയായിരുന്നു. ദമ്പതികള്‍ ആള്‍ട്ടോ വാഹനത്തിലാണ് ഉണ്ടായിരുന്നത്. എറണാകുളത്ത് സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം.
അടൂര്‍, കൊട്ടാരക്കര ഫയര്‍ ഫോഴ്‌സ് യൂനിറ്റുകള്‍ ഏറെ പരിശ്രമിച്ച് ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് കാര്‍ മുറിച്ചു മാറ്റിയാണ് പരിക്കേവരെ പുറത്തെടുത്തത്. ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സ് ആംബുലന്‍സില്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നോവയില്‍ ഉള്ളവര്‍ക്ക് ഗുരുതര പരിക്കുകളില്ല. ഇന്നോവ യാത്രക്കാരെ കൊട്ടാരക്കര ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Latest News