Sorry, you need to enable JavaScript to visit this website.
Sunday , August   14, 2022
Sunday , August   14, 2022

കാണാതായ അഞ്ചാം ക്ലാസുകാരി ഇന്‍സ്റ്റഗ്രാം സുഹൃത്തിനൊപ്പം തിയേറ്ററില്‍

കണ്ണൂര്‍ - സ്‌കൂള്‍ ബസ് സ്‌റ്റോപ്പില്‍ ഇറങ്ങിയ ശേഷം കാണാതായ അഞ്ചാം ക്ലാസുകാരിയെ ഇന്‍സ്റ്റഗ്രാം സുഹൃത്തിനൊപ്പം സിനിമാ തിയേറ്ററില്‍ കണ്ടെത്തി. കണ്ണൂര്‍ സിറ്റി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് വീട്ടുകാരെയും പോലീസിനെയും മണിക്കൂറുകള്‍ പരിഭ്രാന്തിയിലാക്കിയ സംഭവം നടന്നത്.
പതിവുപോലെ സ്‌കൂള്‍ ബസില്‍ സ്‌കൂളിന് മുന്നില്‍ വന്നിറങ്ങിയ കുട്ടി അപ്രത്യക്ഷയാവുകയായിരുന്നു. അസുഖമായതിനാല്‍ സ്‌കൂളില്‍ വരില്ലെന്ന് കുട്ടി ക്ലാസ് ടീച്ചറെ അറിയിച്ചിരുന്നു. എന്നാല്‍ പതിവുപോലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പുറപ്പെടുകയും ചെയ്തു. ബസ് സ്‌റ്റോപ്പില്‍ ഇറങ്ങിയ കുട്ടി ക്ലാസിലെത്തിയില്ലെന്ന് മനസ്സിലാക്കിയ സഹപാഠികള്‍ ക്ലാസ് ടീച്ചറോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്‌കൂളിലേക്ക് അയച്ചിരുന്നതായി അറിയിച്ചു. കുട്ടി സ്‌കൂളിന് മുന്നില്‍ ഇറങ്ങിയിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ പറഞ്ഞതോടെ പരിഭ്രാന്തി ഇരട്ടിച്ചു. ആരെങ്കിലും തട്ടിക്കൊണ്ടു പോവുകയോ, അപായപ്പെടുത്തുകയോ ചെയ്തുവോ എന്നായി ആശങ്ക.
വിവരമറിഞ്ഞ് സിറ്റി പോലീസ് എത്തി കുട്ടികളുടെ ബന്ധുക്കളുമായി സംസാരിച്ച് വിവരങ്ങള്‍ തിരക്കി. മൊബൈല്‍ ഫോണ്‍ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും അന്വേഷണം. ഇതു വഴി ലഭിച്ച മൊബൈല്‍ നമ്പര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് നഗരത്തിലെ പ്രമുഖ തിയേറ്റര്‍ ടവര്‍ ലൊക്കേഷന്‍ ലഭിച്ചത്. തുടര്‍ന്ന് തിയേറ്ററിനകത്ത് പരിശോധന നടത്തി ഇരുവരെയും കൈയോടെ പിടികൂടുകയായിരുന്നു.
തിരുവനന്തപുരം സ്വദേശിയായ പതിനാറുകാരനാണ് കുട്ടിക്കൊപ്പം ഉണ്ടായിരുന്നത്. ഈ കുട്ടി, ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ കാണാനായാണ് കണ്ണൂരിലെത്തിയത്. കണ്ണൂരില്‍ പലയിടത്തും കറങ്ങിയ ശേഷം തിയേറ്ററില്‍ പോവുകയായിരുന്നു.
ഇരുവരെയും സ്‌റ്റേഷനില്‍ കൊണ്ടുവന്ന് കൗണ്‍സലിംഗിന് വിധേയമാക്കിയ ശേഷം  ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞയച്ചു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ആണ്‍കുട്ടിയുമായി സൗഹൃദത്തിലാവുകയും തുടര്‍ന്ന് ഒരുമിച്ച് സിനിമയ്ക്ക് പോവുകയും ചെയ്തുവെന്നാണ് വിദ്യാര്‍ഥിനി അറിയിച്ചത്.

 

 

Latest News