Sorry, you need to enable JavaScript to visit this website.

കുട്ടിയുടെ പ്രകോപനമുദ്രാവാക്യം: കേസിലെ 31 പേർക്കും ജാമ്യം

കൊച്ചി- ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടി പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചെന്ന കേസിലെ 31 പേർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആലപ്പുഴയിൽ സംഘടിപ്പിച്ച ജനമഹാസമ്മേളനത്തിൽ ഒരു കുട്ടി വിളിച്ച മുദ്രാവാക്യം മതസ്പർധ വളർത്തുന്നതാണെന്നു പറഞ്ഞ് പോലീസ് ചുമത്തിയ കേസിൽ റിമാന്റിൽ കഴിഞ്ഞയാളുകൾക്കാണ് ജാമ്യം അനുവദിച്ചത്.
പോപ്പുലർ ഫ്രണ്ട് സംസ്ഥാന ഖജാൻജി കെ.എച്ച്. നാസർ, സമ്മേളനത്തിന്റെ സംഘാടക സമിതി ചെയർമാനും സംസ്ഥാന സമിതിയംഗവുമായ യഹിയ കോയ തങ്ങൾ, ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം തുടങ്ങിയവർ ഉൾപ്പെടെയുള്ളവർക്കാണ് ജാമ്യം അനുവദിച്ചത്. കുട്ടിയുടെ പിതാവും കേസിൽ റിമാന്റിലായിരുന്നു.  കേസിൽ പ്രതിചേർക്കപ്പെട്ട് 40 ദിവസത്തിലേറെയായി പ്രതികൾ റിമാന്റിലാണ്. പ്രതികൾ കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനം വിട്ടുപോവരുത്, അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാവണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
 

Latest News