Sorry, you need to enable JavaScript to visit this website.
Sunday , August   14, 2022
Sunday , August   14, 2022

എവിടെയോ കിടക്കുന്ന മഴുവെടുത്ത് കാലിലിട്ട് സജി ചെറിയാൻ

ആദ്യ പ്രസംഗത്തിലും ജയിച്ചു കയറി ഉമാ തോമസ്

തൃക്കാക്കരയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഉമ തോമസിന്റെ നിയമസഭയിലെ ആദ്യ പ്രസംഗം ദിനമായിരുന്നു ഇന്നലെ. സഭക്ക് പുറത്തെ വലിയ പ്രസംഗകർ പോലും തോറ്റു പോകുന്ന രംഗമാണ് സഭാ പ്രസംഗ അവസരം. അതിനൊരു പ്രത്യേക കഴിവ് വേണം. ഉമ പക്ഷെ ആദ്യഘട്ടത്തിൽ തന്നെ വിജയിച്ചു. ഏഴ് മിനിറ്റിൽ പറയാനുള്ളതെല്ലാം നന്നായി പറഞ്ഞു. നിയമസഭാ സെക്രട്ടറിയേറ്റ് നൽകുന്ന ചെറിയ നോട്ട് ബുക്കിൽ കുറിച്ചു കൊണ്ടു വന്ന പ്രസംഗപോയന്റുകൾ ഒന്നൊഴിയാതെ പറഞ്ഞു തീർക്കാൻ ഉമക്ക് സാധിച്ചു. ഭർത്താവ് പി.ടി. തോമസിന്റെയും രീതി ഏതാണ്ട് ഇതു തന്നെയായിരുന്നു -കുറിപ്പ് നോക്കി പറയുക. പി.ടിയുടെ സൽപ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണ് തന്റെ വിജയമെന്ന് ഉമ ഉറപ്പിച്ചു പറഞ്ഞു. തൃക്കാക്കരയുടെ പ്രശ്‌നങ്ങൾ എന്തൊക്കെയാണെന്ന് ഭരിക്കുന്നവർക്ക് ഇന്ന് പറഞ്ഞു തരേണ്ടതില്ല. കാരണം ഭരണ സംവിധാനമാകെ പ്രചാരണ കാലത്ത് അവിടെയുണ്ടായിരുന്നു. അന്ന് വോട്ടർ മാരോട് പറഞ്ഞ വാക്ക് പാലിച്ചാൽ മാത്രം മതി. വോട്ടർ മാർക്കുള്ള ഉറപ്പ് 35 ലക്ഷത്തിലധം ചെലവാക്കി വോട്ടെടുപ്പ് ദിവസം പത്ര പരസ്യമായി ഇറക്കിയിരുന്നു -തെളിവായി ആ പത്രങ്ങൾ ഉമ സഭയിൽ ഉയർത്തിക്കാണിച്ചു. 
ഉപധനാഭ്യർഥന ചർച്ചയിൽ സംസാരിച്ച സി.പി.ഐയിലെ ഇ.ടി. ടൈസൺ മാസ്റ്റർ യു.ഡി.എഫിനെ ബാധിച്ച തൃക്കാക്കര മാനിയയെപ്പറ്റിയാണ് ഓർത്തത്. അത്രക്കൊന്നും ആഘോഷിക്കാനുള്ള വിജയമൊന്നുമല്ല ഇതെന്ന് ടൈസണ് ഉറപ്പാണ്. ഇതൊക്കെ മറി കടക്കാനുള്ള കെൽപ്പൊക്കെ എൽ.ഡി.എഫിനുണ്ട്.   
വരാനിരിക്കുന്ന കെ-റെയിൽ കയറാൻ ആളെക്കുട്ടാനാണോ കെ.എസ്.ആർ.ടി.സിയെ തകർക്കാൻ നോക്കുന്നതെന്ന് ധനാഭ്യർഥന ചർച്ചയിൽ കെ.കെ. രമയുടെ ചോദ്യം. യു.ഡി.എഫിന്റെ ബി.ജെ.പി വിരുദ്ധത അത്രക്കങ്ങ് പോര എന്നാണ് സി.പി.എമ്മിലെ എൻ.കെ. അക്ബറിന് തോന്നുന്നത്. 
 പി.പി. ചിത്തരജ്ഞൻ, പി.പി. സുമോദ്, ഡോ. എൻ. ജയരാജ്, കാനത്തിൽ ജമീല, തോമസ് കെ. തോമസ്, വി.കെ. പ്രശാന്ത്, സി.സി. മുകുന്ദൻ എന്നിവരാണ് ഭരണ കക്ഷിയിൽനിന്ന് ബജറ്റ് ചർച്ചയിൽ അണി നിരന്നത്. സി.ആർ. മഹേഷ്, എം.കെ.എം. അഷ്‌റഫ്, പി. അബ്്ദുൽ ഹമീദ്, എം. വിൻസെന്റ് എന്നിവർ യു.ഡി.എഫ് പക്ഷത്തുനിന്ന് സംസാരിച്ചു. 
അകത്തെങ്ങാണ്ട് കിടക്കുന്ന മഴുവെടുത്ത് കാലിലിടുക എന്ന് പറയാറുണ്ട്. അതു പോലെയാണിപ്പോൾ എൽ.ഡി.എഫ് മന്ത്രിമാരും സംവിധാനവും. സജി ചെറിയാൻ പത്തനംതിട്ടയിലെ പാർട്ടിക്കാരുടെ മുന്നിൽ ഇന്ത്യൻ ഭരണ ഘടനക്കെത്തിരെ കത്തിക്കയറിയതും ഈ ഗണത്തിൽ പെടുത്താം. ഈ ഭരണഘടന തൊട്ടാണ് താൻ സത്യ പ്രതിജ്ഞ ചെയ്തതെന്നൊന്നും ആൾ ഓർക്കാഞ്ഞിട്ടൊന്നുമല്ല. കുന്തം കൊടചക്രം എന്നൊക്കെയുള്ള അധിക്ഷേപ പദങ്ങളും ചെറിയാൻ ഭരണ ഘടനക്കെതിരെ ഉപയോഗിച്ചു. ധനാഭ്യർഥ ചർച്ചക്ക് സജി ചെറിയാൻ മറുപടി പറയാനൊരുങ്ങിയപ്പോഴേക്കും പ്രതിപക്ഷം പ്രതിഷേധിച്ച് ഇറങ്ങി പോയി. അങ്ങിനെ ഈ വിഷയത്തിൽ പുറത്ത് നടക്കുന്ന പ്രക്ഷോഭ ചൂട് കൈയ്യോടെ നിയമസഭയിലെത്തിക്കാനും പ്രതിപക്ഷത്തന് അവസരമൊരുങ്ങി. 
തീവ്രവാദികളെ കൊണ്ട് കേരളത്തിൽ ഇറങ്ങി നടക്കാൻ പറ്റാത്ത സ്ഥിതിയായെന്ന് തോന്നുന്നു. കോഴിക്കോട്ടെ ആവിക്കൽത്തോട് സമരത്തിന് പിന്നിലും തീവ്രവാദികളാണെന്നാണ് മന്ത്രി എം.വി. ഗോവിന്ദൻ നിയമസഭയിൽ ഉറപ്പിച്ച് പറയുന്നത്. സർവകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരം നടപ്പാക്കിയ പദ്ധതിക്കെതിരെ സമരമുണ്ടായത് അതുകൊണ്ടാണ്ട്. സമരം ചെയ്യുന്നവരെയെല്ലാം തീവ്രവാദികളും അർബൻ നക്‌സലേറ്റുകളുമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരുത്തി. പദ്ധതി നിർത്തിവച്ച് ചർച്ചയിലൂടെ മറ്റൊരു സ്ഥലം തെരഞ്ഞെടുക്കണം. 
ആവിക്കൽത്തോട് മാലിന്യ പ്ലാന്റിനെതിരെ നടന്ന സമരവും പോലീസ് നടപടികളുമാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് ആയി സഭയിലെത്തിച്ചത്. 
സമരത്തിനു പിന്നിൽ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‌ലാമിയുമാണെന്ന് മന്ത്രി അടിവരയിട്ടു. ഇതുപോലൊരു പദ്ധതി നടപ്പിലാക്കാൻ കഴിയാത്ത സ്ഥലമാണ് ആവിക്കൽ. ആയിരക്കണക്കിന് ആളുകൾ തിങ്ങി താമസിക്കുന്നയിടമാണ്. വിളപ്പിൽശാല അടക്കമുള്ള പാഠങ്ങൾ ഓർമയില്ലെ ? നഗരത്തിന്റെ വിഴുപ്പും മാലിന്യവും കൊണ്ട് തള്ളേണ്ട ഇടമാണോ ഗ്രാമങ്ങളെന്നും പ്രതിപക്ഷ നേതാവ് സതീശൻ ചോദിച്ചു. ഇതിനു മാത്രം തീവ്രവാദികൾ കേരളത്തിൽ എവിടെ എന്നായിരുന്നു എം.കെ. മുനീറിന്റെ സംശയം. 

നിയമസഭയുടെ അന്തസ്സിന് ചേരാത്ത രീതിയിൽ അംഗങ്ങൾ പ്രവർത്തിക്കരുതെന്ന് ഇന്നലെയും ഓർമിപ്പിച്ച് സ്പീക്കർ എം.ബി. രാജേഷ്. സഭ ചേരുമ്പോൾ അംഗങ്ങൽ അച്ചടക്കം പാലിക്കണം. പ്രതിപക്ഷ നിരയിൽ ഇന്നും സംസാരമുണ്ടായി. ഗൗരവമുള്ള ചർച്ചകൾ അംഗങ്ങൾ ശ്രദ്ധിക്കുന്നില്ല. ഇന്നലെ ഇരുപക്ഷത്തും ഇതായിരുന്നു സ്ഥിതി. ഒരംഗത്തെ മാത്രമല്ല ഇന്നലെ പറഞ്ഞത്. ഇങ്ങനെ നിരന്തരം ഓർമിപ്പിക്കേണ്ടി വരുന്നത് സഭയുടെ അന്തസ്സിന് ചേർന്നതല്ലെന്ന്  സ്പീക്കർ ഓർമിപ്പിച്ചു.
മന്ത്രിയുടെ മറുപടിക്കിടെ സഭയിലെ പുതിയ അംഗമായ പി.പി. ചിത്തരഞ്ജൻ പുറം തിരിഞ്ഞ് നിന്നതിനെ കഴിഞ്ഞ ദിവസം സ്പീക്കർ പേരെടുത്ത് വിമർശിച്ചിരുന്നു. ഒരംഗത്തിനെതിരെ അല്ല പറഞ്ഞത് പൊതുവായാണെന്നും സ്പീക്കറുടെ പ്രത്യേക വിശദീകരണം. 

Latest News