Sorry, you need to enable JavaScript to visit this website.

വീണ്ടുമിടിഞ്ഞ് രൂപ, വിനിമയ നിരക്ക് പ്രവാസികള്‍ക്ക് നേട്ടമാകും

മുംബൈ- ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. യു.എസ് കറന്‍സിക്കെതിരെ 79.37 നിലവാരത്തിലാണ് ചൊവാഴ്ച രൂപ ക്ലോസ് ചെയ്തത്. കുത്തനെ കൂടുന്ന വ്യാപാര കമ്മിയാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. 2021 ജൂണിനെ അപേക്ഷിച്ച് 62 ശതമാനമാണ് വ്യാപാര കമ്മിയിലുള്ള വര്‍ധന. 2022 ജൂണിലെ കണക്കുപ്രകാരം 25.6 ബില്യണ്‍ ഡോളറായാണ് കമ്മി ഉയര്‍ന്നത്.
രൂപയുടെ വിലയിടിവ് ഗള്‍ഫ് കറന്‍സികളുമായുള്ള വിനിമയ നിരക്കിലും വലിയ മാറ്റങ്ങളുണ്ടാക്കി. പ്രവാസികള്‍ക്ക് പരമാവധി പണം നാട്ടിലേക്ക് അയക്കാനുള്ള സുവര്‍ണാവസരമാണിത്. സൗദി റിയാലുമായി രൂപയുടെ വിനിമയ നിരക്ക് ഒരു റിയാലിന് 21 രൂപ എന്ന നിലയിലെത്തി. എന്നാല്‍ മണി എക്‌സ്‌ചേഞ്ചുകളും ബാങ്കുകളും 20.5 മുതല്‍ 20.9 രൂപ വരെയാണ് നല്‍കുന്നത്.
വന്‍തോതില്‍ വിദേശ നിക്ഷേപം രാജ്യത്തുനിന്ന് പുറത്തേക്കൊഴുകുന്നതിനാല്‍ കനത്ത സമ്മര്‍ദമാണ് രൂപ നേരിടുന്നത്. നടപ്പ് കലണ്ടര്‍ വര്‍ഷത്തില്‍ ഇതുവരെ 2.29 ലക്ഷം കോടി രൂപ രാജ്യത്തെ മൂലധന വിപണിയില്‍നിന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ പിന്‍വലിച്ചുകഴിഞ്ഞു. 2022 മൂന്നാം പാദമാകുമ്പോഴേക്കും രൂപയുടെ മൂല്യം 82 നിലവാരത്തിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. രൂപയുടെ ഇടിവ് പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ശ്രമം നടത്തുന്നുണ്ടെങ്കിലും കാര്യമായ മാറ്റം ഉണ്ടാകുന്നില്ല. യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് കര്‍ശന പണനയവുമായി മുന്നോട്ടുപോയാല്‍ ഡോളര്‍ വീണ്ടും കരുത്തുനേടും. ഇത് രൂപയുടെ മൂല്യം വീണ്ടും ഇടിയാനിടയാക്കും.

 

Latest News