സ്വന്തക്കാരെ കൊണ്ട് തോറ്റു; അവര്‍ ആദിത്യനാഥിനെ വെള്ളം കുടിപ്പിക്കുന്നു

ലഖ്‌നൗ- തീപ്പൊരി ഹിന്ദുത്വ നേതാവ് യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റതിന്റെ ഒന്നാം വാര്‍ഷികം കഴിഞ്ഞ മാസമായിരുന്നു. ആദിത്യനാഥിന്റെ വരവ് ഹിന്ദുത്വ സംഘടനകള്‍ക്ക് സംസ്ഥാനത്ത് പുത്തനുണര്‍വാണ് നല്‍കിയതെങ്കിലും ഇപ്പോള്‍ അദ്ദേഹം അവരെ കൊണ്ട് ശരിക്കും വെള്ളം കുടിക്കുകയാണ്. ഹിന്ദുത്വ തീവ്രവാദികള്‍ പലയിടത്തും ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്നു. 
ഒരു വര്‍ഷത്തിനിടെ ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിനു വരുത്തിവെച്ച തലവേദനകള്‍ ചില്ലറയല്ല.  ദളിതര്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരെ അതിക്രമങ്ങളും വര്‍ഗീയ സംഘര്‍ഷങ്ങളും വ്യാജ ഏറ്റമുട്ടല്‍ കൊലകളും സംസ്ഥാനത്ത് വര്‍ധിച്ചു. 


സ്വന്തം സര്‍ക്കാരിന്റെ തണലില്‍ ഹിന്ദുത്വ, സംഘ്പരിവാര്‍ സംഘടനകള്‍ യു.പിയിലുടനീളം അഴിഞ്ഞാടുന്ന കാഴ്ചയാണ് ഒരു വര്‍ഷത്തിനിടെ കണ്ടത്. പല സംഭവങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോള്‍ അധികമൊന്നും ചര്‍ച്ചയാവാത്ത നിരവധി ചെറിയ ആക്രമങ്ങളും വി.എച്ച്.പി, ഹിന്ദു യുവ വാഹിനി, ബജ്‌റംഗ്ദള്‍ എന്നീ സംഘ്പരിവാര്‍ സംഘടനകള്‍ പലയിടത്തും നടത്തിയിട്ടുണ്ട്. 
സഹാറന്‍പൂരില്‍ ബി.ജെ.പി എംപി രാഘവ് ലഖന്‍പാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20 ന് ദുധ്‌ലിയില്‍  അംബേദ്കര്‍ ജയന്തി ആഘോഷമെന്ന പേരില്‍ നടത്തിയ യാത്ര ഹിന്ദുത്വ തീവ്രവാദികളുടെ നിയമവിരുദ്ധ നീക്കത്തിന് ഉദാഹരണമായിരുന്നു. അംബേദ്കര്‍ ജയന്തി കഴിഞ്ഞ് ആറു ദിവസത്തിനു ശേഷമായിരുന്നു ലഖന്‍പാലിന്റെ ഈ യാത്ര. എന്നാല്‍ പോലീസ് ഈ യാത്ര നടത്താന്‍ അനുമതി നല്‍കിയില്ല. അനുമതി നിഷേധിച്ച പോലീസ് ഓഫീസറുടെ വീടാക്രമിച്ച് അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കണമെന്ന് പ്രഖ്യാപിച്ച് ലഖന്‍പാല്‍ അനുയായികളെ ഇളക്കിവിട്ടു. ജാഥ നീങ്ങുന്നതിനിടെ മുസ്ലിംകള്‍ക്കെതിരായ മുദ്രാവാക്യം വിളിച്ചതോടെ ജാഥയ്ക്കു നേരെ കല്ലേറുണ്ടായി. പ്രശ്‌നം രൂക്ഷമായതോടെ ആദിത്യനാഥിന് ഇടപെടേണ്ടി വന്നു. കലാപകാരികള്‍ക്കെതിരെ കേസെടുത്തു.

ഈ സംഭവത്തിനു ഒരാഴ്ചയ്ക്കു ശേഷം ആഗ്രയില്‍ ആര്‍.എസ്.എസ്, വി.എച്ച്.പി, ബി.ജെ.പി പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനു തീയിട്ട് കസ്റ്റഡിലിയുള്ള അഞ്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ കലാപമുണ്ടാക്കി. മുസ്ലിംകളുടെ കടകള്‍ ആക്രമിച്ച കേസില്‍ പിടിയിലായ ആര്‍.എസ്.എസുകാരെയാണ് ഇവര്‍ രക്ഷിക്കാന്‍ ശ്രമിച്ചത്. ഈ സംഭവത്തില്‍ രണ്ടു കേസുകള്‍ എടുത്തെങ്കിലും ഇതുവരെ ഒരു നടപടിയുമുണ്ടായില്ല.
കഴിഞ്ഞ വര്‍ഷം മേയില്‍ താജ്മഹല്‍ സന്ദര്‍ശനത്തിനെത്തിയ വിദേശ മോഡലുകള്‍ ധരിച്ച കാവി വസ്ത്രം വി.എച്ച്.പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് അഴിപ്പിച്ചു. താജ്മഹല്‍ സന്ദര്‍ശനത്തിനെത്തുന്നവരുടെ വസ്ത്രധാരണ രീതിയും മതചിഹ്നങ്ങല്‍ പ്രദര്‍ശിപ്പിക്കുന്നതും നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികള്‍ താജ്മഹല്‍ പ്രവേശന കവാടത്തില്‍ ധര്‍ണയും നടത്തി. ഫത്തേപൂര്‍ സിക്രി, മഥുര തുടങ്ങി പലയിടത്തും സമാനമായ ഹിന്ദുത്വ അതിക്രമങ്ങള്‍ അരങ്ങേറി. ആര്‍.എസ്.എസ്, വി.എച്ച്.പി, ഹിന്ദു യുവ വാഹിനി, യുവ മോര്‍ച്ച, ബി.ജെ.പി എന്നീ സംഘ്പരിവാര്‍ സംഘടനകളായിരുന്നു എല്ലാത്തിനും പിന്നില്‍. 
മീറത്തില്‍ പ്രതിശ്രുത വധുവിനെ വീട്ടില്‍ കൊണ്ടുവിടുകയായിരുന്ന മുസ്ലിം യുവാവിനെ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു. മീറത്തില്‍ തന്നെ ഇതേ സംഘടനക്കാര്‍ ഒരു വീട്ടില്‍ അതിക്രമിച്ചു കയറി മുസ്ലിം യുവാവിനേയും ഹിന്ദു യുവതിയേയും ലൗ ജിഹാദ് ആരോപിച്ച് മര്‍ദിച്ചു. ഈ വര്‍ഷം ജനുവരിയിലും ഇതേ ആരോപണമുന്നയിച്ച് ഒരു മുസ്ലിം യുവാവിനെ ഇവര്‍ തല്ലിച്ചതച്ചു. ഈ സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനും മര്‍ദനമേറ്റു. പിന്നീട് പോലീസ് അന്വേഷണത്തില്‍ യുവതിയു യുവാവും തമ്മില്‍ ബന്ധമുണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. 
ജനുവരിയില്‍ റിപ്പബ്ലിക് ദിനത്തില്‍ കാസ്ഗഞ്ചില്‍ ആര്‍.എസ്.എസ് വിദ്യാര്‍ഥി വിഭാഗമായ എ.ബി.വി.പി പ്രവര്‍ത്തകര്‍ മുസ്ലിംകളെ അകാരണമായി മര്‍ദിക്കുകയും കടകള്‍ക്കും വീടുകള്‍ക്കും തീയിട്ട് കലാപം സൃഷ്ടിക്കുകയും ചെയ്തു. 
ഫെബ്രുവരില്‍ ഫിറോസാബാദില്‍ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ച തൊപ്പിധാരികളായ മുസ്ലിംകളുടെ രക്ഷക്കെത്തിയ പോലീസുദ്യോഗസ്ഥനെ ബി.ജെ.പി നേതാവ് നാനക് ചന്ദ് അഗര്‍വാളിന്റെ അനുയായികള്‍ മര്‍ദിച്ചു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അനില്‍ ജെയിനിന്റെ സഹോദരനാണ് നാനക് ചന്ദ്്. 

Latest News