Sorry, you need to enable JavaScript to visit this website.

കെ. ദാമോദരന്റെ രാഷ്ട്രീയ പ്രസക്തി

കേരളം വളരെ പ്രാധാന്യത്തോടെ സ്മരിക്കേണ്ട ഒരു ദിനമാണ് കടന്നു പോയത്- ജൂലൈ 3. എന്നാലതുണ്ടായില്ല. കഴിഞ്ഞ നൂറ്റാണ്ടിൽ കേരളം കണ്ട, ഒരുപക്ഷേ കേരള ചരിത്രം ഇന്നോളം കണ്ട ഏറ്റവും ശ്രദ്ധേയനായ ഇടത് ബുദ്ധിജീവി കെ. ദാമോദരന്റെ ഓർമ ദിനമാണ് ഉദ്ദേശിച്ചത്. പതിവുപോലെ കാനം രാജേന്ദ്രൻ ജനയുഗത്തിൽ ഒരു കുറിപ്പെഴുതി എന്നല്ലാതെ കേരളം പോയിട്ട്, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പോലും ദാമോദരനെ സ്മരിക്കുന്നില്ല എന്നതാണ് ഖേദകരം. 
തീർച്ചയായും കേരളത്തിലുടനീളം ദാമോദരൻ അനുസ്മരണം നടന്നു. എന്നാലത് അദ്ദേഹത്തിന്റെ പ്രധാന സംഭാവനകളെ കേന്ദ്രീകരിച്ചായിരുന്നില്ല എന്നതാണ് തമാശ. പി.എൻ. പണിക്കരുടെ സ്മരണാർത്ഥം കേരളമാകെ ആചരിക്കുന്ന വായനാപക്ഷത്തിന്റെ ഭാഗമായി, മുകളിൽ നിന്നുള്ള നിർദേശത്തെ തുടർന്ന് സംസ്ഥാനത്തെ മിക്കവാറും വായനശാലകളിൽ ഈ ദിവസം ദാമോദരനെ സ്മരിക്കുകയുണ്ടായി. 
എന്നാൽ വായനശാലകൾക്കു ലഭിച്ച നിർദേശം മലബാർ ഗ്രന്ഥശാല പ്രസ്ഥാനത്തിനു അടിത്തറ പാകാൻ പ്രവർത്തിച്ച കെ. ദാമോദരനെ സ്മരിക്കുക എന്നായിരുന്നു. അല്ലാതെ മലബാറിൽ നിന്നു വിശ്വപൗരനായി മാറിയ അദ്ദേഹത്തിന്റെ ധൈഷണിക സംഭാവനകളെ സ്മരിക്കാനായിരുന്നില്ല. അത്തരമൊരു സ്മരണ ഈ ഉത്തരവ് നൽകിയവർക്കടക്കം ഭീഷണിയാണെന്നതാണ് യാഥാർത്ഥ്യം. അതോടൊപ്പം മറ്റൊന്നു കൂടി ഈ ഉത്തരവ് നൽകിയവർ മറക്കുന്നു. പി.എൻ. പണിക്കരേക്കാൾ മുമ്പേ ഗ്രന്ഥശാല പ്രസ്ഥാനം കെട്ടിപ്പടുക്കാൻ പ്രവർത്തിച്ചത് ദാമോദരനായിരുന്നു. എന്നാലദ്ദേഹത്തിന്റെ പ്രവർത്തന മേഖല മലബാറായിരുന്നു. പണിക്കരുടേത് തിരുവിതാംകൂറും. 
എന്താണ് ഇന്നു ദാമോദരന്റെ പ്രസക്തി? തീർച്ചയായും ഒറ്റ വാചകത്തിൽ പറയാവുന്ന ഒന്നല്ല അത്. കേരളത്തിലെ മുഖ്യധാര രാഷ്ട്രീയത്തോടൊപ്പം കമ്യൂണിസ്റ്റ് രാഷ്ട്രീയവും ഏറെ ജീർണിച്ച കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ, അധികാരത്തിനും സമ്പത്തിനും മുന്നിൽ പ്രത്യയശാസ്ത്രത്തിനോ ധൈഷണികതക്കോ ഒരു സ്ഥാനവുമില്ലാത്ത നേതാക്കളാൽ പ്രസ്ഥാനങ്ങൾ നിയന്ത്രിക്കപ്പെടുമ്പോൾ, സ്വന്തമായി ചിന്താശേഷിയില്ലാതെ നേതാവിനോ നേതാക്കൾക്കോ  തല പണയംവെച്ചവരുടെ കൂട്ടമായി പാർട്ടികൾ മാറുമ്പോൾ അതിനെല്ലാമുള്ള ഉത്തരം തേടാവുന്ന ആദ്യനാമം ദാമോദരന്റേതാകും. അത് കുടിലിൽ ജനിച്ച് കൊട്ടരത്തിലെത്തുന്ന ഇന്നത്തെ നേതാക്കളിൽ നിന്ന് വ്യത്യസ്തമായി കൊട്ടാരത്തിൽ ജനിച്ച് താഴേക്കെത്തിയ ഒരാളായിരുന്നു അദ്ദേഹം എന്നതിനാലല്ല.  കേരളത്തിനു അദ്ദേഹം നൽകിയ ധൈഷണിക സംഭാവനകളെയും പാർട്ടിക്കകത്തു നടത്തിയ ആശയ സമരങ്ങളുടെയും പേരിലാണ്. 
കേരളം വളരെ പ്രബുദ്ധമാണെന്നാണല്ലോ വെപ്പ്. എന്നാൽ യാഥാർത്ഥ്യമെന്താണ്? ഒരു കാലത്ത് കേരളത്തെ മാറ്റിമറിച്ച നവോത്ഥാന കാലഘട്ടത്തിനു ശേഷം എടുത്തുപറയത്തക്ക, മാതൃകയാക്കാവുന്ന ഏതെങ്കിലും രാഷ്ട്രീയ നേതാവോ സാംസ്‌കാരിക നായകനോ നായികയോ നമുക്കുണ്ടോ എന്ന പരിശോധന എവിടെയാണ് നമ്മെ എത്തിക്കുക? നൂറുകണക്കിന് വാള്യങ്ങൾ എഴുതിക്കൂട്ടിയ രാഷ്ട്രീയ നേതാക്കൾ നമുക്കുണ്ടാകാം. എന്നാലവയിൽ കക്ഷിരാഷ്ട്രീയത്തിനപ്പുറം അതാതു കാലത്തെ രാഷ്ട്രീയ നിലപാടുകളെ സാധൂകരിക്കാനെഴുതിയതല്ലാതെ, സൈദ്ധാന്തികമോ ഫിലോസഫിക്കലോ ആയ എന്തുണ്ടെന്ന് ചോദിച്ചാൽ ഉത്തരമെന്തായിരിക്കും? മറുവശത്ത് പാർട്ടിയെയും നേതാക്കളെയും സ്തുതിച്ച് പട്ടും വളയും വാങ്ങാത്തവരല്ലാതെ എത്ര മൗലിക ബുദ്ധിജീവികളും എഴുത്തുകാരും നമുക്കുണ്ടായിട്ടുണ്ട്? കെ. ദാമോദരനും എം. ഗോവിന്ദനും കെ. വേണുവും പോലും വിരലിലെണ്ണാവുന്നർ മാത്രം. 
കേരള മാർക്‌സ് എന്നായിരുന്നു ദാമോദരൻ അറിയപ്പെട്ടിരുന്നത്. പാർട്ടിയിൽ അംഗമാകുന്ന ആദ്യ മലയാളി. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആദ്യമായി മലയാളത്തിലേക്ക് തർജമ ചെയ്ത വ്യക്തി. ആദ്യത്തെ വിദ്യാർത്ഥി നേതാവ്. പതിനെട്ടാം വയസ്സിൽ നെഹ്‌റുവിന്റെ ജീവചരിത്രമെഴുതി, പതിനെട്ടു വയസ്സാകാത്തതിനാൽ ഉപ്പു സത്യഗ്രഹത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന സ്വാതന്ത്ര്യ സമര പോരാളി, തോപ്പിൽ ഭാസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിക്കും മുന്നെ പാർട്ടിക്കായി പാട്ടബാക്കി എന്ന നാടകത്തിന്റെ രചയിതാവ്... ഇതൊക്കെയാണല്ലോ ആദ്യകാല ദാമോദരനെ കുറിച്ച് പറയാറ്. 
വീടുമായുള്ള ബന്ധം ഏറെക്കുറെ അവസാനിച്ച ശേഷം കാശി വിദ്യാപീഠത്തിൽ പോയി പഠിക്കുകയും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ കുലപതി പ്രേംചന്ദിനെ പരിചയപ്പെടുകയും ചെയ്തതാണ് സത്യത്തിൽ ദാമോദരന്റെ ജീവിതം മാറ്റിമറിച്ചത്. തിരിച്ചെത്തിയ അദ്ദേഹം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെയും പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയുടെയും പ്രധാന  നേതാക്കളിലൊരാളായി മാറുകയായിരുന്നു. എന്നാൽ മരണം വരെ അദ്ദേഹം ഇരുന്നുവെന്നു പറയാവുന്ന ഏക അധികാര കസേര കുറച്ചുകാലത്തെ രാജ്യസഭാംഗത്വം മാത്രമായിരുന്നു എന്നതു തന്നെ എന്തുകൊണ്ട് ദാമോദരൻ എന്ന ചോദ്യത്തിനു മറുപടിയാണ്. 
മൗലികമായി ചിന്തിക്കുന്ന ഒരാൾക്കും നിലനിന്നുപോകാവുന്ന ഒന്നല്ല കമ്യൂണിസ്റ്റ് പാർട്ടികളുടെ സ്റ്റാലിനിസ്റ്റ് ചട്ടക്കൂട് എന്നതാണ് പാർട്ടിയും അതിന്റെ തുടർച്ചയായി കേരളവും ഇന്ന് ദാമോദരനു അർഹമായ പ്രാധാന്യം നൽകാത്തത് എന്നതു തന്നെയാണ് അടിസ്ഥാന കാരണം. പിളർപ്പിനു ശേഷം സി.പി.ഐയിൽ തുടർന്നതിനാൽ മാത്രമാണ് ഇപ്പോഴും സംസ്ഥാന സെക്രട്ടറി അദ്ദേഹത്തെ ഒരു ദിവസമെങ്കിലും സ്മരിക്കുന്നത്. അല്ലെങ്കിൽ അതുമുണ്ടാകില്ല. 
തുടക്കം മുതലേ തെറ്റെന്നു തോന്നുന്ന പാർട്ടിയുടെ നിലപാടുകൾക്കെതിരെ അദ്ദേഹം പോരാടിയിരുന്നു. ചിലപ്പോഴൊക്കെ അതിശക്തമായ സംഘടന ചട്ടക്കൂടുകളെ ഭേദിച്ച് അവ പുറത്തുവരികയും ചെയ്തിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിൽ പാർട്ടി എടുത്ത നിലപാട് ശരിയല്ല എന്നു വാദിച്ചതു മുതൽ ഈ പോരാട്ടം ആരംഭിക്കുന്നുണ്ട്. സ്വാതന്ത്ര്യം കിട്ടിയപ്പോൾ, ഈ സ്വാതന്ത്ര്യം നുണയാണെന്നു വാദിച്ച് സായുധ പോരാട്ടം നടത്താനുള്ള ആഹ്വാനത്തോടും അദ്ദേഹം യോജിച്ചില്ല. റഷ്യയിൽ നിന്ന് സ്റ്റാലിൻ അയക്കുന്ന നിർദേശങ്ങൾക്കനുസരിച്ചുള്ള പ്രവർത്തനങ്ങളെയും അദ്ദേഹം അന്നു തന്നെ എതിർത്തിരുന്നു.
റഷ്യയിൽ പോയി ക്രൂഷ്‌ചേവിനെ പോലും നേരിട്ട് വിമർശിച്ച വ്യക്തിയാണദ്ദേഹം. എഴുത്തുകാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം തടയുകയും അവരെ തുറങ്കിലടക്കുകയും ചെയ്ത നടപടിയെയായിരുന്നു രൂക്ഷമായി അദ്ദേഹം വിമർശിച്ചത്. കൃത്യമായി മറുപടി പറയാനാവാതെ ക്രൂഷ്‌ചേവ് എണീറ്റു പോകുകയായിരുന്നു. സോവിയറ്റ് യൂനിയൻ ചെക്‌സ്ലോവാക്യയെ ആക്രമിച്ചത് അംഗീകരിക്കാതെ ലഘുലേഖ പ്രസിദ്ധീകരിച്ച  ദാമോദരനെതിരെ പാർട്ടി നടപടി എടുത്ത ചരിത്രവുമുണ്ടല്ലോ.
റഷ്യയിൽ മാത്രമല്ല, ചൈനയിൽ പോയി ചൗ എൻ ലായിയെ വിമർശിക്കാനും ദാമോദരൻ ധൈര്യം കാട്ടി. അതേസമയം വിയറ്റ്‌നാമിലെ പാർട്ടിനേതാവ് ഹോചിമിൻ അദ്ദേഹത്തിനു പ്രിയങ്കരനായിരുന്നു. വിയറ്റ്‌നാമിൽ പാർട്ടി അധികാരത്തിലേറിയിട്ടും എന്തുകൊണ്ട് ഇന്ത്യയിൽ അതു സംഭവിക്കുന്നില്ല എന്നതിനെ കുറിച്ചുള്ള തന്റെ ചോദ്യത്തിനു ഹോചിമിന്റെ മറുപടി ദാമോദരൻ ഉദ്ധരിക്കുന്നത് ഏറെ പ്രസിദ്ധമാണല്ലോ. 'അവിടെ നിങ്ങൾക്ക് ഗാന്ധിയുണ്ടായിരുന്നതിനാൽ.. ഇവിടെ ഞാനാണ് ഗാന്ധി'. താനും ഗാന്ധിയും സ്വന്തം നാട്ടിലെ സാമൂഹ്യ സാഹചര്യങ്ങളെ കൃത്യമായി വിശകലനം ചെയ്തവരാണെന്നും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് അതിനായില്ല എന്നു തന്നെയാണ് ഹോചിമിൻ ഉദ്ദേശിച്ചത് എന്നും വ്യക്തം. ഇന്നും പാർട്ടിക്കു തിരുത്താൻ കഴിയാത്ത തെറ്റായി അതു തുടരുന്നു എന്നതാണ് യാഥാർത്ഥ്യം. ഉദാഹരണം ഇന്ത്യയിലെ ജാതിവ്യവസ്ഥ തന്നെ. എന്തിനേറെ, അക്കാര്യത്തിൽ ദാമോദരൻ പോലും കാര്യമായി പറഞ്ഞിട്ടില്ലല്ലോ. 
ജനാധിപത്യ വിരുദ്ധമായ പാർട്ടി ചട്ടക്കൂടു നിലനിർത്തി തന്നെ, മുതലാളിത്തത്തിന്റേതെന്ന് അവർ തന്നെ വിമർശിക്കുന്ന എല്ലാ ജീർണതകളിലൂടെയും ഇന്ന് കേരളത്തിലെ മുഖ്യധാര കമ്യൂണിസ്റ്റ് പാർട്ടികൾ കടന്നുപോകുമ്പോഴാണ് കെ. ദാമോദരൻ കൂടുതൽ പ്രസക്തനാകുന്നത്. തീർച്ചയായും കാനം രാജേന്ദ്രനെ പോലുള്ളവരും ദാമോദരനെ സ്മരിക്കുമെങ്കിലും ഇക്കാര്യം പറയാൻ മടിക്കുമല്ലോ. കേരളത്തിലെ മിക്കവാറും എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും അവസ്ഥയും വ്യത്യസ്തമല്ല. അവരെല്ലാം കുഴലൂത്തുകാരാകുന്ന കാഴ്ചയാണ് കാണുന്നത്.  

Latest News