Sorry, you need to enable JavaScript to visit this website.

നിരത്തുകളിലെ മരണക്കെണികൾ

നിരത്തുകളിൽ മരണപ്പാച്ചിലുകൾക്ക് കുറവില്ല. കേവിഡ് കാലത്ത് വാഹനങ്ങൾ റോഡുകളിൽ നിന്ന് അകന്നു നിന്നപ്പോൾ കുറവു വന്ന വാഹനാപകടങ്ങൾ വീണ്ടും വർധിച്ചു. ഓരോ ദിവസവും പത്തിലേറെ പേർ സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ മരിക്കുന്നു. പ്രതിവർഷം നാലായിരത്തോളം പേർക്കാണ് ജീവൻ നഷ്ടമാകുന്നത്. അപകട മരണങ്ങളുടെ കാര്യത്തിൽ കേരളത്തിൽ ഒട്ടുമിക്ക ജില്ലകളും ഏതാണ്ട് ഒരേ കണക്കാണ്. വടക്കൻ കേരളത്തിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകൾ കൂടുതൽ വാഹാനാപകടങ്ങളും മരണങ്ങളും നടക്കുന്ന മേഖലകളാണ്.
സംസ്ഥാന മോട്ടോർ വാഹന വകുപ്പ് നിയമം കർശനമാക്കിയെങ്കിലും അപകടങ്ങൾക്ക് കുറവില്ല. മലബാർ മേഖലയിൽ ഏറ്റവുമധികം വാഹനാപകടങ്ങളും അപകട മരണങ്ങളും നടക്കുന്നത് മലപ്പുറം ജില്ലയിലാണ്. രണ്ടായിരത്തിലേറെ അപകടങ്ങളാണ് ഓരോ വർഷവും നടക്കുന്നത്. 
സംസ്ഥാനത്ത് തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം,  തൃശൂർ ജില്ലകൾ കഴിഞ്ഞാൽ കൂടുതൽ അപകടങ്ങൾ നടക്കുന്നത് മലപ്പുറം ജില്ലയിലാണ്. കണ്ണൂരും കോഴിക്കോടും പിറകിലുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ അപകട മരണമുണ്ടായത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണെങ്കിൽ മലപ്പുറം ജില്ല ഇക്കാര്യത്തിൽ നാലാം സ്ഥാനത്താണ്. പാലക്കാട്- 278, മലപ്പുറം-291, കോഴിക്കോട്- 270, വയനാട്- 54, കണ്ണൂർ- 189, കാസർകോട്- 85 എന്നിങ്ങനെയാണ് മലബാർ ജില്ലകളിലെ കഴിഞ്ഞ വർഷത്തെ അപകട മരണക്കണക്ക്.
വിദ്യാർഥികൾ മുതൽ പ്രായമായവർ വരെ റോഡ് അപകടങ്ങളിൽ മരിക്കുന്നു. സ്വകാര്യ വാഹനങ്ങൾ ഒാടിക്കുന്നവരുടെ അശ്രദ്ധയോടെയുള്ള ഡ്രൈവിംഗും പൊതുവാഹനങ്ങളുടെ മരണപ്പാച്ചിലുമാണ് റോഡുകളെ കുരുതിക്കളമാക്കുന്നത്. വിദ്യാർഥികൾ നിയമം ലംഘിച്ച് വാഹനമോടിക്കുന്നതും അപകടങ്ങൾക്ക് ഇടവരുത്തുന്നു. ബോധവൽക്കരണങ്ങളൊന്നും ഫലം കാണുന്നില്ല. റോഡ് അപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം വർഷം തോറും വർധിക്കുകയാണെന്നാണ് കണക്കുകളും കാണിക്കുന്നത്.
പൊതുവാഹനങ്ങളിൽ ബസുകളാണ് അപകടങ്ങൾ കൂടുതലും വരുത്തിവെക്കുന്നത്. മരണപ്പാച്ചിൽ തന്നെയാണ് പ്രധാന കാരണം. പല റൂട്ടുകളിലും ബസുകൾ തമ്മിലുള്ള സമയത്തിന്റെ വ്യത്യാസം കുറഞ്ഞു വരികയാണ്. കോവിഡ് കാലത്ത് സർവീസ് നടത്തിയിരുന്ന ബസുകളുടെ എണ്ണം കുറവായിരുന്നെങ്കിൽ ഇപ്പോൾ എല്ലാ ബസുകളും ഓടുന്നുണ്ട്. ഇതോടെ മൽസര ഓട്ടവും വർധിച്ചു. ഒന്നും രണ്ടു മിനിട്ടിന്റെ വ്യത്യാസത്തിലാണ് ബസുകൾക്ക് പെർമിറ്റ് നൽകുന്നത്. ഇത് ബസുകൾ തമ്മിലുള്ള മൽസരം വർധിപ്പിക്കുകയും അപകടങ്ങൾക്കും തർക്കങ്ങൾക്കും വഴിവെക്കുകയും ചെയ്യുന്നു. പെർമിറ്റ് സമയ പ്രശ്്‌നം ഏറെക്കാലമായി നിലനിൽക്കുന്നുണ്ടെങ്കിലും ഇതുവരെ പരിഹരിക്കാൻ മോട്ടോർ വാഹന വകുപ്പിന് കഴിഞ്ഞിട്ടില്ല. സ്വകാര്യ ബസുകളിലെ ഡ്രൈവർമാർ പല തരത്തിലുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതായി നേരത്തെ ആരോപണമുയർന്നിരുന്നു. ഇത്തരത്തിലുള്ള ഡ്രൈവർമാർ അമിത വേഗം മൂലം അപകടങ്ങൾ ക്ഷണിച്ചു വരുത്തുകയാണ്. ഇവരെ പരിശോധനയിലൂടെ കണ്ടെത്താനും സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നില്ല.
സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ വരെ ഇരുചക്ര വാഹനങ്ങളുടെ ഉപയോഗം വർധിച്ചു വരികയണ്. ഹയർ സെക്കണ്ടറി വിദ്യാർഥികൾ ബൈക്കുമായി സ്‌കൂളുകളിലെത്തുന്നത് പലയിടത്തും കാണാം. സ്‌കൂളുകളിൽ ബൈക്കുകൾ വെക്കാനാകാത്തതിനാൽ സമീപത്തുള്ള കെട്ടിടങ്ങളുടെ ഓരങ്ങളിലോ പൊതുസ്ഥലങ്ങളിലോ വെച്ചാണ് കുട്ടികൾ സ്‌കൂളിലെത്തുന്നത്. 
ബൈക്കുകളിലെ അഭ്യാസ പ്രകടനങ്ങളും കുട്ടികൾക്കിടയിൽ പതിവാണ്. ബൈക്ക് സ്റ്റണ്ട് നടത്തുന്നവരുടെ മാത്രമായി സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വരെയുണ്ട്. മുതിർന്നവർ നടത്തുന്ന അഭ്യാസ പ്രകടനങ്ങളുടെ വീഡിയോ ഇത്തരം ഗ്രൂപ്പുകളിൽ കണ്ട് അത് പരീക്ഷിക്കാൻ ഇറങ്ങുകയാണ് വിദ്യാർഥികൾ. ഇത് അപകടങ്ങൾക്ക് ഇടയാക്കുന്നു. 18 വയസ്സ് തികയാത്തവർ വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് കർശന നിയമമുണ്ട്. എന്നാൽ ഇത്തരക്കാരെ കണ്ടെത്തുന്നതും നടപടിയെടുക്കുന്നതും വിരളമായി മാത്രമാണ്.
റോഡപകടങ്ങളിൽ പലതും വാഹനങ്ങൾ ഉപയോഗിക്കുന്നവർ മനസ്സുവെച്ചാൽ ഒഴിവാക്കാവുന്നതാണ്. സ്വന്തം വാഹനം മാന്യമായി ഓടിക്കുന്നതോടൊപ്പം മറ്റു വാഹനങ്ങളെ കൂടി പരിഗണിച്ചുകൊണ്ടുള്ള ഡ്രൈവിംഗ് സംസ്‌കാരം വളരേണ്ടതുണ്ട്. സ്വകാര്യ ബസുകളിലെയും ചരക്കു ലോറികളിലെയും ഡ്രൈവർമാർ പലപ്പോഴും ചെറുവാഹനങ്ങളെ ഗൗനിക്കാത്തവരും അവയുടെ യാത്രയെ തടസ്സപ്പെടുത്തുന്നവരുമാണ്. ചെറുവാഹനങ്ങളെ അനായാസം മറികടക്കാനുള്ള ശ്രമത്തിനിടയിൽ വലിയ വാഹനങ്ങൾ പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു.
ബൈക്ക് യാത്രികരാണ് അപകടങ്ങളിൽ കൂടുതലായി മരിക്കുന്നത്. ബൈക്കുകളുടെ എണ്ണം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. വാഹനങ്ങൾ കൂടുന്നതിനനുസരിച്ച് ഡ്രൈവിംഗിൽ ജാഗ്രത വർധിക്കേണ്ടതുണ്ട്. എന്നാൽ ഇതുണ്ടാകുന്നില്ല.
നിയമങ്ങൾ കർശനമാണെങ്കിലും അത് പാലിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. വലിയ തുക ഫൈൻ നൽകേണ്ടി വന്നാലും ശ്രദ്ധയോടെയുള്ള ഡ്രൈവിംഗിന് തയാറല്ലാത്ത ഒരു വിഭാഗം നമുക്ക് ചുറ്റുമുണ്ട്. നല്ല റോഡുകൾ കാണുമ്പോൾ വേഗം കൂട്ടി അപകടകരമായി ഡ്രൈവ് ചെയ്യുന്ന  യുവാക്കൾ മരണത്തോടാണ് മൽസരിക്കുന്നത്. അപകടങ്ങൾ കുറക്കാൻ ബോധവൽക്കരണം തുടരുന്നതോടൊപ്പം നിയമം കർശനമായി നടപ്പാക്കാൻ മോട്ടോർ വാഹന വകുപ്പിന് കഴിയണം. ഇല്ലെങ്കിൽ നിരത്തുകളിൽ അപകടങ്ങൾ അവസാനമില്ലാതെ തുടരുകയും മരണക്കളങ്ങായി തുടരുകയും ചെയ്യും. 

Latest News