വിലക്കയറ്റത്തില്‍ വലഞ്ഞ് തുര്‍ക്കി

ഇസ്താംബൂള്‍- രണ്ട് പതിറ്റാണ്ടിനിയടിലെ ഏറ്റവും വലിയ വിലക്കയറ്റം അഭിമുഖീകരിച്ച് തുര്‍ക്കി. ജൂണ്‍ മാസത്തില്‍ രാജ്യത്ത് രേഖപ്പെടുത്തിയ വിലക്കയറ്റ തോത് 78.6 ശതമാനം. മെയ് മാസം 7.5 ശതമാനമായിരുന്ന സ്ഥാനത്താണിത്. 

ഇന്ധനം, വൈദ്യുതി, മറ്റ് അവശ്യ സാധനങ്ങള്‍ എന്നിവയുടെ വിലയാണ് വര്‍ധിക്കുന്നത്.
വിലക്കറ്റത്തിനെതിരെ രാജ്യത്ത് പ്രതിഷേധവും ശക്തമാകുകയാണ്.

1998ന് ശേഷമുള്ള ഏറ്റവും വലിയ വിലക്കയറ്റമാണിത്. തുര്‍ക്കി കറന്‍സി ലിറയില്‍ ഉണ്ടായ ഇടിവാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് കരുതുന്നത്. ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു വര്‍ഷം കൊണ്ട് പകുതിയോളമാണ് ലിറയുടെ മൂല്യം ഇടിഞ്ഞത്.

രാജ്യത്ത് സാമ്പത്തിക വളര്‍ച്ച കൊണ്ടുവരും എന്ന വാഗ്ദാനം നല്‍കിയായിരുന്നു എര്‍ദോഗന്റെ ജസ്റ്റിസ് ആന്റ് ഡെവലപ്മന്റ് പാര്‍ട്ടി അധികാരത്തിലേറിയത്. എന്നാല്‍ നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനോ കൈകാര്യം ചെയ്യാനോ പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്റെ സര്‍ക്കാരിന് സാധിക്കുന്നില്ല എന്നാണ് ഉയരുന്ന വിമര്‍ശനം.

ഇറക്കുമതി മേഖലയിലെ കൂടുതലായി ആശ്രയിക്കുന്ന തുര്‍ക്കിയുടെ സമ്പദ്രംഗത്തേയും ഡെപ്പോസിറ്റ് അക്കൗണ്ടുകളില്‍ വലിയ അളവിലുള്ള ഡോളറുകള്‍ എന്നീ രണ്ട് കാരണങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് എര്‍ദോഗന്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ഈ വര്‍ഷം ഡിസംബര്‍ മാസം മുതല്‍ വിലക്കയറ്റത്തില്‍ ഇടിവ് കണ്ടുതുടങ്ങുമെന്നാണ് തുര്‍ക്കിയുടെ ധനകാര്യ മന്ത്രി നൂറുദ്ദീന്‍ നെബാടി പറയുന്നത്.

2023 ജൂണില്‍ രാജ്യത്ത് റീ ഇലക്ഷന്‍ നടക്കാനിരിക്കെ നിലവിലെ സാമ്പത്തിക സ്ഥിതി എര്‍ദോഗന്‍ സര്‍ക്കാരിനും വെല്ലുവിളിയാണുയര്‍ത്തുന്നത്. വിലക്കയറ്റത്തിന്റെ തോത് സര്‍ക്കാര്‍ കണക്കുകളേക്കാള്‍ കൂടുതലാണെന്നും യഥാര്‍ഥ കണക്കുകള്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് മന:പൂര്‍വം മറച്ചുപിടിക്കുകയാണെന്നും പ്രതിപക്ഷ പാര്‍ട്ടികളും സാമ്പത്തിക വിദഗ്ധരും ആരോപിക്കുന്നുമുണ്ട്. 

സ്വതന്ത്ര തുര്‍ക്കി ഇക്കണോമിസ്റ്റുകളുടെ സംഘമായ ദ ഇന്‍ഫ്ളേഷന്‍ റിസര്‍ച്ച് ഗ്രൂപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ഓരോ വര്‍ഷവും 175.5 ശതമാനം എന്ന തോതിലാണ് വിലക്കയറ്റം വര്‍ധിക്കുന്നത്. ഇത് ഔദ്യോഗിക രേഖകളുടെ കണക്കിന്റെ ഇരട്ടിയാണെന്നും ഇവര്‍ പറയുന്നു.
രാജ്യത്തെ ജനസംഖ്യയുടെ കാല്‍ ഭാഗത്തില്‍ താഴെ ജനങ്ങള്‍ മാത്രമാണ് ഔദ്യോഗിക വിലക്കയറ്റ കണക്കുകളെ വിശ്വസിക്കുന്നത് എന്നാണ് കഴിഞ്ഞയാഴ്ച പുറത്തുവന്ന മെട്രോപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Latest News