Sorry, you need to enable JavaScript to visit this website.

ജമ്മു കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സും പി.ഡി.പിയും യോജിച്ച് മത്സരിക്കും

ശ്രീനഗര്‍- കേന്ദ്രഭരണ പ്രദേശത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സും പീപ്പിള്‍സ്് ഡെമോക്രാറ്റിക് പാര്‍ട്ടിയും യോജിച്ച് മത്സരിക്കും. പീപ്പിള്‍സ്് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ (പി.എ.ജി.ഡി) ചെയര്‍മാന്‍ ഡോ.ഫാറൂഖ് അബ്്ദുല്ലയാണ് ഇക്കാര്യം അറിയിച്ചത്. ഞങ്ങള്‍ സഖ്യമായി തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.
സഖ്യം വിട്ടുവെന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവര്‍ ഒരിക്കലും സഖ്യത്തിന്റെ ഭാഗമായിരുന്നില്ലെന്നതാണ് വസ്തുതയെന്ന് അദ്ദേഹം പറഞ്ഞു. അകത്ത് കയറി വിഘടിപ്പിക്കാനായിരുന്നു അവരുടെ ശ്രമമെന്നും ഫാറൂഖ് അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.
ആദ്യം സഖ്യത്തില്‍ ചേരുകയും പിന്നീട് പിന്മാറുകയും ചെയ്ത സജാദ് ഗനി ലോണിന്റെ പീപ്പിള്‍സ് കോണ്‍ഫറന്‍സിനെ ഉദ്ദേശിച്ചാണ് ഫാറൂഖ് അബ്ദുല്ലയുടെ പരാമര്‍ശം.
ജനങ്ങളുടെ നഷ്ടപ്പെട്ട അഭിമാനവും അന്തസ്സും പുനസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ യോജിച്ച് തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തി വാര്‍ത്താലേഖകരോട് പറഞ്ഞു.
എപ്പോഴാണ് തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നതെന്ന ചോദ്യത്തിന് സര്‍ക്കാരിനു തോന്നുമ്പോള്‍ നടത്തുമെന്നായിരുന്നു ഫാറൂഖ് അബ്ദുല്ലയുടെ മറുപടി.


ആയുധങ്ങള്‍ സഹിതം ഫോട്ടോകളും
വീഡിയോകളും; അഞ്ച് പേര്‍ അറസ്റ്റില്‍

ജയ്പൂര്‍-ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കൊലപ്പെടുത്തുന്നതിന്റെ വീഡിയോ ഷെയര്‍ ചെയ്തതിനും ആയുധങ്ങള്‍ സഹിതമുള്ള ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്തതിനും രാജ്സ്ഥാനിലെ ഹനുമാന്‍ഗഢില്‍ അഞ്ച് പേര്‍ അറസ്റ്റില്‍.
ജൂണ്‍ 28 നു നടന്ന കൊലപാതകത്തിന്റെ വീഡിയോ ഷെയര്‍ ചെയ്യരുതെന്ന് രാജസ്ഥാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു.
ഉദയ്പര്‍ കൊലയുടെ വീഡിയോ ഷെയര്‍ ചെയ്തതിന് ഹനുമാന്‍ഗഢിലെ സിറാജുദ്ദീന്‍ ഹുസൈന്‍ എന്ന 36 കാരനാണ് അറസ്റ്റിലായതെന്ന് പോലീസ് സൂപ്രണ്ട് അജയ് സിംഗ് പറഞ്ഞു.
ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുകയെന്ന ലക്ഷ്യത്തോടെ ആയുധങ്ങള്‍ സഹിതമുള്ള ഫോട്ടോകളും വീഡിയോകളും അപ് ലോഡ് ചെയ്തതിന് ടാര്‍സെം പുരി, രാജ്കുമര്‍ ജാട്, മുഹമ്മദ് ശക്കൂര്‍, പവന്‍കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇസ്ലാമിനെ അവഹേളിച്ചുവെന്ന് ആരോപിച്ച് ഉദയ്പൂര്‍ ധന്‍മാണ്ടിയിലെ തയ്യല്‍ക്കാരന്‍ കനയ്യലാലിനെ കൊലപ്പെടുത്തിയ കേസില്‍ റിയാസ് അഖതരി, ഗൗസ് മുഹമ്മദ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


ജനാധിപത്യവിരുദ്ധം, അധാര്‍മികം,
ഷിന്‍ഡെ സര്‍ക്കാരിനെ കുറിച്ച് മമത

കൊല്‍ക്കത്ത- ജനാധിപത്യവിരുദ്ധവും അധാര്‍മികവുമായ സര്‍ക്കാരാണ് മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നിരിക്കുന്നതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
ഷിന്‍ഡെയുടെ സര്‍ക്കാര്‍ അധികകാലം മുന്നോട്ടു പോകില്ലെന്ന് ഉറപ്പാണെന്നും അവര്‍ പറഞ്ഞു. ജനവിധിക്കെതിരെ ബി.ജെ.പി പണവും പേശീബലവും ഏജന്‍സികളേയും ഉപയോഗിക്കുകയാണ്. അവര്‍ സര്‍ക്കാര്‍ രൂപകീരിച്ചിരിക്കാം, പക്ഷേ അവര്‍ക്ക് ജനഹൃദയങ്ങള്‍ കീഴടക്കാനാവില്ല-മമത കൂട്ടിച്ചേര്‍ത്തു.

ചൈനയില്‍ തണ്ണിമത്തന്‍
കൊടുത്ത് വീടു വാങ്ങാം

ബെയ്ജിംഗ്- വസ്തുവില്‍പന കുത്തനെ ഇടിഞ്ഞ ചൈനയില്‍ ഡൗണ്‍ പെയ്‌മെന്റായി തണ്ണിമത്തനും വെള്ളുള്ളിയും മറ്റു കാര്‍ഷികോല്‍പന്നങ്ങളും സ്വീകരിച്ച് റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍.
കിലോക്ക് 20 യുവാന്‍ നിരക്കില്‍ തണ്ണിമത്തന്‍ സ്വീകരിച്ചാണ് ഒരു ഡെവലപ്പര്‍ വീടുകള്‍ വാങ്ങാന്‍ അനുവദിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍വരെ വസ്തുവില്‍പന 25 ശതമാനം കുറഞ്ഞുവെന്നാണ് കണക്ക്.

ആന്‍ഡമാന്‍, നിക്കോബാര്‍
ദ്വീപുകളില്‍ ഭൂചലന പരമ്പര

ന്യൂദല്‍ഹി- ആന്‍ഡമാന്‍-നിക്കോബര്‍ ദ്വീപ് സമൂഹത്തില്‍ ഭൂചലന പരമ്പര. ചൊവ്വാഴ്ച പുലര്‍ച്ച 5..57 നാണ് റിക്്ടര്‍ സ്‌കെയിലില്‍ 5.0 രേഖപ്പെടുത്തിയ ഏറ്റവും ശകത്മായ ഭൂചലനമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്്‌മോളജി അറയിച്ചു. 2.54 നുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 4.4 രേഖപ്പെടുത്തി. പുലര്‍ച്ചെ ഒന്നരക്ക് റിക്ടര്‍സ്‌കെയിലില്‍ 4.5 രേഖപ്പെടുത്തിയ ഭൂചലനവുമുണ്ടായി.

ഇന്ത്യയില്‍ 13,086 പേര്‍ക്കു കൂടി
കോവിഡ്, ആക്ടീവ് കേസുകള്‍ 1,14,475

ന്യൂദല്‍ഹി-രാജ്യത്ത് 24 മണിക്കൂറിനിടെ 13,086 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 19 രോഗികള്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
12,456 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. ആക്ടീവ് കേസുകള്‍ 1,14,475 ആയി വര്‍ധിച്ചപ്പോള്‍ മരണസംഖ്യയും 5,25,242 ആയി ഉയര്‍ന്നു.
തൊട്ടുമുമ്പത്തെ ദിവസം 16135 പുതിയ കോവിഡ് കേസുകളും 24 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.


എസ്.ഐ റിക്രൂട്ട്‌മെന്റ് അഴിമതി;
മുന്‍ എ.ഡി.ജി.പി അറസ്റ്റില്‍

ബെംഗളൂരു- കര്‍ണാടകയില്‍ കഴിഞ്ഞ വര്‍ഷം നടന്ന പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ റിക്രൂട്ട്‌മെന്റിലുണ്ടായ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ എ.ഡി.ജി.പി (അഡീഷണല്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പോലീസ്) അമൃത് പോള്‍ അറസ്റ്റിലായി.
ബെംഗളൂരുവില്‍ അറസ്റ്റിലായ ഇയാളെ പത്ത് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ഭാഗമായുള്ള ഒ.എം.ആര്‍ ഷീറ്റുകള്‍ ഓഫീസില്‍വെച്ചു തന്നെ പൂരിപ്പിച്ചായിരുന്നു തട്ടിപ്പ്. റിക്രൂട്ട്‌മെന്റ് സെല്ലിന്റെ തലവനായിരുന്നു ഇപ്പോള്‍ അറസ്റ്റിലായ് അമൃത് പോള്‍.ാേ

 

Latest News