Sorry, you need to enable JavaScript to visit this website.
Sunday , August   14, 2022
Sunday , August   14, 2022

ഓഹരി ഇൻഡക്‌സുകൾ തുടർച്ചയായ രണ്ടാം വാരത്തിലും മുന്നേറി

ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ നിക്ഷേപകരുടെ പ്രതീക്ഷകൾക്ക് തിളക്കം പകർന്ന് തുടർച്ചയായ രണ്ടാം വാരത്തിലും മുന്നേറി. നിഫ്റ്റിക്ക്  സൂചിപ്പിച്ച 15,900 ലെ പ്രതിരോധം മറികടക്കാനായില്ല. സെൻസെക്‌സ് 53,400 ലെ പ്രതിരോധം ഒരു പോയന്റ് വ്യത്യാസത്തിൽ 53,399 പോയന്റിൽ കാലിടറി. ബോംബെ സൂചിക 180 പോയന്റും നിഫ്റ്റി 52 പോയന്റും ഉയർന്നു.
ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്ഷൻസിൽ  ജൂൺ സീരീസ് സെറ്റിൽമെന്റ് പിരിമുറുക്കം ഓപറേറ്റർമാരെ തുടക്കം മുതൽ വല്ലാതെ സ്വാധീനിച്ചു. ഊഹക്കച്ചവടക്കാർ കവറിങിന് കാണിച്ച തിടുക്കം സൂചികയിൽ  ചാഞ്ചാട്ടമുളവാക്കി.
ബി.എസ് ഇയിൽ ഊർജ വിഭാഗം ഓഹരികൾക്ക് നാല് ശതമാനം ഇടിവ്. ഓയിൽ ആന്റ് ഗ്യാസ്, പവർ, ടെലികോം ഇൻഡക്‌സുകളും തളർന്നു. അതേ സമയം കാലവർഷം രാജ്യത്ത് വ്യാപകമായതോടെ കാർഷികോൽപാദനം ഉയരുമെന്ന വിലയിരുത്തൽ എഫ്.എം.സി.ജി വിഭാഗം ഓഹരികൾക്ക് പ്രിയം വർധിപ്പിച്ചു. കൺസ്യൂമർ ഗുഡ്‌സ്, ടെലികോം, ഹെൽത്ത് കെയർ, റിയാലിറ്റി, ടെക്‌നോളജി വിഭാഗം ഓഹരികളിലും വാങ്ങൽ താൽപര്യം ദൃശ്യമായി.    
നിഫ്റ്റി സൂചിക 15,699 ൽ നിന്നും 15,903 വരെ ഉയർന്നു, മുൻവാരം ഇതേ കോളത്തിൽ സൂചിപ്പിച്ചതാണ് 15,901 ൽ വിപണിക്ക് തടസ്സം നേരിടുമെന്ന്. ഈ റേഞ്ചിലേക്ക് പ്രവേശിച്ച വേളയിൽ വിദേശ ഫണ്ടുകൾ മുൻനിര ഓഹരികൾ വിൽക്കാൻ മത്സരിച്ചത് നിഫ്റ്റി 15,511 ലേക്ക് തളർത്തിയെങ്കിലും മാർക്കറ്റ് ക്ലോസിങിൽ 15,752 പോയന്റിലാണ്.
ഈ വാരം നിഫ്റ്റി 15,540 ലെ ആദ്യ സപ്പോർട്ട്   നിലനിർത്തി 15,933 ലേക്ക് ഉയരാനുള്ള ശ്രമം വിജയിച്ചാൽ 16,115 ലേക്കും തുടർന്ന് 16,500 നെയും ലക്ഷ്യമാക്കി കുതിക്കാം. എന്നാൽ അത്തരം ഒരു മുന്നേറ്റ സാധ്യത ഇനിയും തെളിഞ്ഞിട്ടില്ലാത്തിനാൽ വിദേശ ഓപറേറ്റർമാർ വീണ്ടും വിൽപന സമ്മർദവുമായി രംഗത്ത് എത്തിയാൽ 15,329-15,110 ലേക്ക് തിരുത്തലിന് ഇടയുണ്ട്.
സെൻസെക്‌സ് 52,727 ൽ നിന്നും ഉയർന്ന് മുൻവാരം സൂചിപ്പിച്ച 53,400 ലെ ആദ്യ പ്രതിരോധം തകർക്കാനുള്ള ശ്രമം വിജയിച്ചില്ല. സൂചികക്ക് 53,399 പോയന്റിൽ വരെയേ ഉയരാനായുള്ളൂ. ഒരു പോയന്റ് വ്യത്യാസത്തിനിടയിൽ വിദേശ ഫണ്ടുകൾ സൃഷ്ടിച്ച വിൽപന തരംഗത്തിൽ 52,094 വരെ ഇടിഞ്ഞ ശേഷം വാരാന്ത്യം 52,907 പോയന്റിലാണ്. ഈ വാരം സെൻസെക്‌സിന് 53,506 ലും 54,105 പോയന്റിൽ പ്രതിരോധവും 52,201 ലും 51,495 പോയന്റിൽ താങ്ങുമുണ്ട്.
വിദേശ ഫണ്ടുകൾ വിൽപനക്ക് ഉത്സാഹിച്ചു.  അവർ 6836 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര ഫണ്ടുകൾ 5926 കോടി രൂപ നിക്ഷേപിച്ചു. ജൂണിൽ വിദേശ ഓപറേറ്റർമാർ വിറ്റഴിച്ചത് മൊത്തം 58,112 കോടി രൂപയുടെ ഓഹരികളാണ്. ഈ വർഷം ഒറ്റ മാസം ഇത്ര ശക്തമായ വിൽപന ആദ്യമാണ്. കൊറോണയെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ച 2020 മാർച്ചിൽ അവർ 68,815 കോടിയുടെ വിൽപന നടത്തി. ഒമ്പത് മാസമായി അവർ ഇന്ത്യയിൽ വിൽപനക്കാണ് മുൻതൂക്കം നിൽക്കുന്നത്. ഒക്ടോബറിന് ശേഷം അവർ ഇതിനകം 3.85 ലക്ഷം കോടി രൂപയുടെ ഓഹരികൾ വിറ്റു.
രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരം 2.734 ബില്യൺ ഡോളർ വർധിച്ച് 593.323 ബില്യൺ ഡോളറായി. കേന്ദ്ര ബാങ്ക് കരുതൽ ശേഖരത്തിൽ വൻതോതിൽ പണം ഇറക്കി രൂപയുടെ മൂല്യത്തകർച്ചയെ പിടിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും  ഉദ്ദേശിച്ച ഫലമുണ്ടായില്ല. ഡോളറിന് മുന്നിൽ രൂപ 78.35 ൽ നിന്നും ചരിത്രത്തിലെ ഏറ്റവും മോശം നിലവാരമായ 79.11 ലേയ്ക്ക് ദുർബലമായ അവസരത്തിൽ ഇടപാടുകാർ ലാഭമെടുപ്പ് നടത്തി. വാരാന്ത്യം 78.94 ലാണ്. രൂപയുടെ മൂല്യം 7980 ലേക്ക് ദുർബലമാകുമെന്ന കാര്യം മുൻവാരം വ്യക്തമാക്കിയിരുന്നു. ഏപ്രിൽ-ജൂണിൽ രൂപക്ക് നാല് ശതമാനം ഇടിവ് നേരിട്ടു. ഇതേ നില തുടർന്നാൽ രൂപ 80 ലേയ്ക്കും സഞ്ചരിക്കാമെന്ന് അൽപം വൈകിയാണ് ധനമന്ത്രാലയത്തിന് മനസ്സിലായത്. കഴിഞ്ഞ വാരം ഡോളർ പ്രവാഹം തടയാൻ സ്വർണ ഇറക്കുമതി ഡ്യൂട്ടി കുത്തനെ ഉയർത്തി. മെയ് ജൂണിൽ ഏകദേശം 200 ടൺ സ്വർണം ഇറക്കുമതി നടത്തി.
ഇന്ത്യയും അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും പലിശ നിരക്ക് ഉയർത്തിയെങ്കിലും നാണയപ്പെരുപ്പം ഇനിയും കൈപ്പിടിയിൽ ഒതുങ്ങിയിട്ടില്ല. ഈ വാരം നടക്കുന്ന യു.എസ് ഫെഡ് റിസർവ് യോഗ തീരുമാനങ്ങളെ ഉറ്റുനോക്കുകയാണ് വിപണി. ചൈനയുടെ പണപ്പെരുപ്പ കണക്കുകൾ അടുത്ത ദിവസം പുറത്തുവിടും.
ക്രൂഡ് ഓയിൽ ബാരലിന് 113 ഡോളറിൽ നിന്നും 121 വരെ ഉയർന്ന ശേഷം 107 ഡോളറിലേക്ക് ഇടിഞ്ഞങ്കിലും ക്ലോസിങിൽ 111 ഡോളറിലാണ്. സ്വർണത്തിൽ ശക്തമായ സാങ്കേതിക തിരുത്തൽ ദൃശ്യമായി. ട്രോയ് ഔൺസിന് 1826 ഡോളറിൽ നിന്നും 1783 ലേയ്ക്ക് തളർന്നെങ്കിലും മാർക്കറ്റ് ക്ലോസിങിൽ 1812 ഡോളറിലാണ്.
 

Latest News