യു.പി മാനഭംഗം: എം.എല്‍.എയെ ന്യായീകരിച്ച് ഭാര്യ രംഗത്ത് 

ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ ഉന്നാവ് ജില്ലയില്‍ 18 കാരി കൂട്ടമാനഭംഗത്തിന് ഇരയായ സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ്് സെങ്കര്‍ കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ ജീവനൊടുക്കുമെന്ന് ഭാര്യ സംഗീത. ഭര്‍ത്താവ് ഒരിക്കലും കുറ്റക്കാരനല്ലെന്നും ആണെന്നു തളിഞ്ഞാല്‍ തങ്ങള്‍ സകുടുംബം ജീവനൊടുക്കുമെന്നുമാണ് സംഗിത വ്യക്തമാക്കിയത്.  ഇക്കാര്യത്തില്‍ തങ്ങള്‍ക്കു നീതി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശ് ഡി.ജി.പി ഒ.പി.സിംഗുമായി കൂടിക്കാഴ്ച നടത്തിയ സംഗീത, തന്റെ ഭര്‍ത്താവിനും മാനഭംഗത്തിന് ഇരയായ പെണ്‍കുട്ടിക്കും നുണപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബി.ജെ.പി എം.എല്‍.എയുടെ സഹോദരന്‍ അതുല്‍ സിംഗ് പോലീസ് കസ്റ്റഡിയിലാണ്. എം.എല്‍.എയും സഹോദരന്മാരും തന്നെ മാനഭംഗപ്പെടുത്തിയെന്നാരോപിച്ചു പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. ഇതിന്റെ പേരില്‍ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് കസ്റ്റഡിയില്‍ എം.എല്‍.എയുടെ ഗുണ്ടാസംഘം അദ്ദേഹത്തെ മര്‍ദിച്ചെന്നും അവശനിലയില്‍ ഞായറാഴ്ച ആശുപത്രിയില്‍ എത്തിച്ചെന്നും പെണ്‍കുട്ടി പറയുന്നു. അടുത്ത ദിവസമാണ് മരിച്ചത്.


അതിനിടെ, പെണ്‍കുട്ടിയുടെ പിതാവിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് അലഹബാദ് ഹൈക്കോടതി തല്‍ക്കാലത്തേക്കു തടഞ്ഞു. പെണ്‍കുട്ടി എഴുതിയ കത്ത് ഹരജിയായി പരിഗണിച്ചാണ് നടപടി. സംഭവത്തില്‍ തുടര്‍വാദം കേള്‍ക്കുന്നതു വ്യാഴാഴ്ചത്തേക്കു മാറ്റി. 
പിതാവിന്റെ മരണത്തെ തുടര്‍ന്നു പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നില്‍ ആത്മാഹുതിക്ക് ശ്രമിച്ചിരുന്നു. മര്‍ദനക്കേസില്‍ നാലുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൃത്യവിലോപം കാട്ടിയ ഉന്നാവ് സ്റ്റേഷനിലെ ആറുപേരെ സസ്‌പെന്‍ഡ് ചെയ്തു. 


 

Latest News