Sorry, you need to enable JavaScript to visit this website.

വെറുപ്പിന്റെ പെരുമഴക്കാലത്ത് മറുവശം കാണിച്ച് രാഹുൽ ഗാന്ധി

നെഹ്‌റുവും  ഇന്ദിരാഗാന്ധിയും കടന്നു പോകുന്ന വഴികളിലും ഇതുപോലെ ജനങ്ങൾ ആവേശപൂർവം തടിച്ചുകൂടിയിരുന്നു. വടക്കെ ഇന്ത്യയിലെ അക്കാലത്തെ ജനസംഘക്കാർ നെഹ്‌റുവിനെ മാട്ടിച്ചിറച്ചി തിന്നുന്നവൻ എന്ന് വെറുപ്പോടെ പരിഹസിച്ചു. ഇന്നത്തെപ്പോലെ തന്നെ കമ്യൂണിസ്റ്റു കാരും വെറുതെയിരുന്നിരുന്നില്ല. അരിവാളും ചുറ്റികയും മുദ്രണം ചെയ്ത കൊടി വീശി അവരും എത്തിയിരുന്നു- 
നിങ്ങൾക്ക് നിങ്ങൾ പിടിക്കുന്ന കൊടിയുള്ള നാട്ടിൽ പോകാം എന്ന് നെഹ്‌റു അന്ന് അവരോട് ക്ഷോഭിച്ചു.  എങ്കിൽ താങ്കൾക്ക് ന്യൂയോർക്കിൽ പോയിക്കൂടെ എന്ന് കമ്യൂണിസ്റ്റുകാരും വിട്ടുകൊടുത്തിരുന്നില്ല. കാലമെത്ര കഴിഞ്ഞാലും ഈ എതിർപ്പുകൾ തീരില്ല. എതിർപ്പുകൾ എത്രയെല്ലാം ഉണ്ടായിട്ടും ജനതയാകെ അന്ന് നെഹ്‌റുവിനൊപ്പമായിരുന്നു. ഇക്കാലം അങ്ങനെയല്ല. എങ്കിലും ഇരുട്ടിലും  എവിടെയൊക്കെയോ പ്രകാശരേഖ കാണുന്നു. അതെ,  മുതൽകൂട്ടാണ് രാഹുൽ ഗാന്ധി.
 

അയാളെ എനിക്ക് വെടിവെച്ച് കൊല്ലാൻ തോന്നുന്നു എന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് ഒരു വീട്ടമ്മ (പി.സി. ജോർജിന്റെ ഭാര്യ) പരസ്യമായി പറഞ്ഞ ദിവസമായിരുന്നു ശനിയാഴ്ച.  ചമ്പൽക്കാടുകളുടെ രാഷ്ട്രീയ കാലത്ത് പോലും കേൾക്കുകയും കാണുകയും ചെയ്യാത്ത അനുഭവം- ആരും ഇനിയൊരിക്കലും കേൾക്കാനും കാണാനും ഇഷ്ടപ്പെടാത്ത, എവിടെയെല്ലാമോ വെച്ച് ഉൽപാദിപ്പിക്കപ്പെട്ട വെറുപ്പിന്റെ ഭീകരത വെളിപ്പെടുത്തുന്ന വാക്കുകൾ. അതിലിടക്കാണ് കേരളത്തിൽ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിയിൽ നിന്നുണ്ടായ ചില ചെറുനീക്കങ്ങൾ പോലും വലിയ ആശ്വാസമായി അനുഭവപ്പെടുന്നത്. അത്രയൊന്നും പ്രധാനമായി തോന്നില്ലെങ്കിലും ഒരു കാര്യം ഇതാണ്- മലപ്പുറം വണ്ടൂരിൽ നടന്ന കോൺഗ്രസ് ഐക്യദാർഢ്യ സമ്മേളത്തിൽ പ്രസംഗിക്കുന്ന കെ.പി.സി .സി പ്രസിഡന്റ് കെ. സുധാകരന്റെ ചിത്രം തന്റെ മൊബൈലിൽ പകർത്തിയ ശേഷം, പ്രസംഗം പൂർത്തിയാക്കിയെത്തിയ സുധാകരനെ  ശിശുസഹജമായ നിഷ്‌കളങ്കതയോടെ അത് കാണിക്കുന്നു. കോൺഗ്രസ് പാർട്ടിയുടെ എല്ലാമെല്ലാമായ രാഹുൽ ഒരു കെ.പി.സി.സി പ്രസിഡന്റിലേക്കും അതു വഴി അണികളിലേക്കും പകർന്നു നൽകിയ ഈ സ്‌നേഹവും പരിഗണനയും അളക്കാൻ ഒരളവുകോലിനും സാധിക്കില്ല. 
രാഹുൽ ഗാന്ധിയുടെ കൽപപ്പറ്റ ഓഫീസിന് നേരെ എസ്.എഫ്.ഐ അക്രമമുണ്ടായതിന്റെ ചൂടാറും മുമ്പ് സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരിയുമായി  ദൽഹിയിൽ കണ്ടുമുട്ടിയ രംഗവും രാഹുലിന്റെ ക്ഷോഭമില്ലാത്ത സംസാരവും നിയമസഭയിൽ ഉന്നയിക്കപ്പെട്ടപ്പോൾ കോൺഗ്രസ് അംഗം സണ്ണി ജോസഫ് ഒരു കാര്യം പറഞ്ഞിരുന്നു- രാഹുൽജിയുടെ പെരുമാറ്റത്തിലെ മാന്യതയാണത്. ആർക്കും അനുകരിക്കാനാകാത്ത മാന്യത.  
സണ്ണി ജോസഫ് പറഞ്ഞതാണ് ശരി- പെരുമാറ്റത്തിലെ ഈ മാന്യത അങ്ങനെ ആർക്കും പെട്ടെന്ന് വഴിയിൽ നിന്ന് കിട്ടുന്നതല്ല. അതാണ് വളർത്തു ഗുണം എന്ന് പറയുന്നത്. വളർത്തി വലുതാക്കേണ്ട കുഞ്ഞ് മനുഷ്യക്കുഞ്ഞ് മാത്രമാണ്. മറ്റു ജീവികളുടെ കുട്ടികളെല്ലാം ആരും വളർത്താതെ വലുതാവും. അവ സഹജ സ്വഭാവത്തിൽ അങ്ങനെ ജീവിച്ചുകൊള്ളും. മനുഷ്യർ അങ്ങനെയല്ല. റിയാദിലെ ഒരനുഭവം- പെട്രോൾ ബങ്കിൽ വെച്ച്  ചില അറബ് ചെറുപ്പക്കാർ മോശമായി പെരുമാറി. ഇതു കണ്ട് ക്ഷോഭിച്ച അറബ് പൗരനോട് രംഗം ശാന്തമായപ്പോൾ മലയാളിയായ പെട്രോൾ പമ്പ് നടത്തിപ്പുകാരൻ സനേഹബുദ്ധ്യാ ചോദിച്ചു- എന്തിനാണിങ്ങനെ ക്ഷോഭിച്ചത്. താങ്കളും ചെറുപ്പത്തിൽ ഇങ്ങിനെയൊക്കെയായിരുന്നില്ലേ?  അറിവും അനുഭവങ്ങളുമുള്ള ആ അറബ് പൗരൻ പറഞ്ഞു- ആ ധാരണ തെറ്റാണ്. എല്ലാ ചെറുപ്പക്കാരും അങ്ങനെയാവില്ല. നന്നായി വളർത്താത്ത കുട്ടികളാണ് ഇതുപോലെയാകുന്നത്. വർഷങ്ങൾക്ക് മുമ്പുള്ള ഈ അനുഭവം ഓർക്കാൻ കാരണം  അക്കാലത്ത് തന്നെ  അടുത്ത ദിവസം  റിയാദ് ഡെയിലി എന്ന പത്രത്തിൽ (പ്രസിദ്ധീകരണം നിലച്ചു) ഈ വിഷയത്തിൽ  പ്രമുഖനായ  വ്യക്തി  കുട്ടികളുടെ വളർത്തുഗുണത്തെക്കുറിച്ച് എഴുതിയ കോളമാണ്. അറബ് സമൂഹത്തിലെ ചെറുതും വലുതുമായ വ്യക്തികൾ ചില ഘട്ടങ്ങളിൽ കാണിക്കുന്ന അത്യസാധാരണമായ പെരുമാറ്റ ഗുണത്തിന്റെ അടിസ്ഥാനം തലമുറ തലമുറയായി പിന്തുടരുന്ന ഈ സംസ്‌കാരമാണ്. സംസ്‌കാര സമ്പന്നത നിലനിൽക്കുന്ന മിക്ക ഇടങ്ങളിൽ നിന്ന് വരുന്നവരിലും നമുക്ക് ഇത്തരം മഹത്തായ മനുഷ്യ ഗുണങ്ങൾ കാണാനാകും- പരസ്പര സ്‌നേഹത്തിന്റെ പരിഗണനയുടെ ഗുണം.   
 വയനാട്ടിലെ എം.പി ഓഫീസിൽ എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിന് പിന്നാലെ സന്ദർശനത്തിനായി  എത്തിയ രാഹുൽ ഗാന്ധിക്ക്    വലിയ സ്വീകരണമാണ് സംസ്ഥാന നേതൃത്വം  ഒരുക്കിയിരുന്നത്. വഴിയരികിൽ കാത്തുനിന്ന സ്ത്രീകളോടും കുട്ടികളോടും കുശലം പറഞ്ഞും പൂക്കൾ സ്വീകരിച്ചുമുള്ള  രാഹുൽ ഗാന്ധിയുടെ യാത്ര വീണ്ടും വൈറലായിക്കഴിഞ്ഞു.   വണ്ടൂരിലേക്കുള്ള യാത്രാമധ്യേ കണ്ടുമുട്ടിയ 'കുട്ടി ഫ്രണ്ടിനെ' പറ്റിയുള്ള രാഹുലിന്റെ കുറിപ്പും വൈറൽ തന്നെ. 
വയനാട്ടിൽ നിന്നും വണ്ടൂരിലേക്കുള്ള യാത്രക്കിടെയാണ് രാഹുലിനെ കാണാനായി ഒരു കുരുന്ന് വഴിയരികിൽ കാത്തു നിന്നത്. കുട്ടിയെ കണ്ട രാഹുൽ വാഹനം നിർത്തി. കാറിനടുത്തേക്ക് എത്തിയ പെൺകുട്ടിയെ ഡോർ തുറന്ന് തന്റെ  അടുത്തേക്ക് പിടിച്ചിരുത്തി.  ഒരു ചോക്ലേറ്റ് സമ്മാനമായി നൽകി. ഒരു സെൽഫിയുമെടുത്ത് കുരുന്നിന്റെ നെറ്റിയിൽ ഉമ്മയും സമ്മാനിച്ചാണ് യാത്ര തുടർന്നത്.  ജനമനസ്സിലേക്കിറങ്ങാൻ മുത്തച്ഛൻ ജവാഹർ ലാൽ നെഹ്‌റുവും  ഇന്ദിരാഗാന്ധിയുമൊക്കെ സ്വീകരിച്ച മനുഷ്യപ്പറ്റുള്ള രീതി അവരുടെ ഇളംതലമുറയിലേക്കും പടർന്നിറങ്ങുന്ന കാഴ്ച. ഇതൊക്കെ വളർത്തി എടുക്കുന്നവരിൽ മാത്രം കാണുന്ന ഗുണം. 
 വണ്ടൂരിലെ ഐക്യദാർഢ്യ സമ്മേളനം കഴിഞ്ഞ് മടങ്ങുകയായിരുന്ന രാഹുൽ ഗാന്ധി വടപുറത്ത്  എത്തിയപ്പോൾ അദ്ദേഹത്തെ കാണാനെത്തിയയാളെ  ബൈക്ക് ഇടിച്ച് വീഴ്ത്തുന്നതു നേരിൽ കണ്ടു. അതൊരപകടമായിരുന്നു. രാഹുൽ ഗാന്ധി തന്റെ വാഹനവ്യൂഹം  നിർത്താൻ ആവശ്യപ്പെടുകയും തന്റെ കൂടെയുണ്ടായിരുന്ന ആംബുലൻസിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കുകയും ചെയ്തു.
സ്വന്തം  സുരക്ഷ മാത്രമല്ല പ്രധാനം എന്ന സ്‌ന്ദേശം പകർന്നു നൽകുന്ന നടപടി. രാഹുൽ ഗാന്ധി ജനങ്ങളുമായി ഇടപെടുമ്പോൾ കാണിക്കുന്ന മനുഷ്യപ്പറ്റും സ്‌നേഹവും വെറുപ്പിന്റെ കാലത്തെ വലിയ പ്രതീക്ഷയല്ലാതെ മറ്റൊന്നുമല്ല. 
നെഹ്‌റുവും ഇന്ദിരാഗാന്ധിയും കടന്നു പോകുന്ന വഴികളിലും ഇതുപോലെ ജനങ്ങൾ ആവേശപൂർവം തടിച്ചുകൂടിയിരുന്നു. വടക്കെ ഇന്ത്യയിലെ അക്കാലത്തെ ജനസംഘക്കാർ നെഹ്‌റുവിനെ മാട്ടിച്ചിറച്ചി തിന്നുന്നവൻ എന്ന് വെറുപ്പോടെ പരിഹസിച്ചു. ഇന്നത്തെപ്പോലെ തന്നെ കമ്യൂണിസ്റ്റു കാരും വെറുതെയിരുന്നിരുന്നില്ല. അരിവാളും ചുറ്റികയും മുദ്രണം ചെയ്ത കൊടി വീശി അവരും എത്തിയിരുന്നു- 
നിങ്ങൾക്ക് നിങ്ങൾ പിടിക്കുന്ന കൊടിയുള്ള നാട്ടിൽ പോകാം എന്ന് നെഹ്‌റു അന്ന് അവരോട് ക്ഷോഭിച്ചു.  എങ്കിൽ താങ്കൾക്ക് ന്യൂയോർക്കിൽ പോയിക്കൂടെ എന്ന് കമ്യൂണിസ്റ്റുകാരും വിട്ടു കൊടുത്തിരുന്നില്ല. കാലമെത്ര കഴിഞ്ഞാലും ഈ എതിർപ്പുകൾ തീരില്ല. എതിർപ്പുകൾ എത്രയെല്ലാം ഉണ്ടായിട്ടും ജനതയാകെ അന്ന് നെഹ്‌റുവിനൊപ്പമായിരുന്നു. ഇക്കാലം അങ്ങനെയല്ല. എങ്കിലും ഇരുട്ടിലും  എവിടെയൊക്കെയോ പ്രകാശരേഖ കാണുന്നു. അതെ, മുതൽകൂട്ടാണ് രാഹുൽ ഗാന്ധി.  

Latest News