Sorry, you need to enable JavaScript to visit this website.
Sunday , August   14, 2022
Sunday , August   14, 2022

ലോഹ പുരുഷന്റെ ബാഗേജ് പരിപാടി

കൂടെ കിടക്കുന്നവർക്കല്ലേ രാപ്പനി അറിയൂ? ജയിലിലും പാർട്ടി സാങ്കേതങ്ങളിലും കൂടെ കഴിഞ്ഞവരാണ് ഇന്നത്തെ മുഖ്യമന്ത്രിയും പാർട്ടി സംസ്ഥാന സെക്രട്ടറിയും എൽ.ഡി.എഫ് കൺവീനറും. അതുകൊണ്ടു തന്നെ മുഖ്യന്റെ മനക്കട്ടിയുടെയും ശരീര ബലത്തിന്റെയും അളവുതൂക്കവും ജയരാജൻ സഖാവിനു മനഃപാഠം. പിണറായി 'ഇരുമ്പല്ല, ഉരുക്കാണെന്നു സഖാവ് പ്രഖ്യാപിച്ചാൽ നാട്ടുകാർ ഇരുചെവികളും നീട്ടിക്കൊടുത്തു സ്വീകരിച്ചോണം. പ്ലാറ്റിനം, സ്വർണം ഇത്യാദിയുമായും താരതമ്യം ആകാമായിരുന്നു. രണ്ടിനും ആ ഭാഗ്യമില്ല. പ്ലാറ്റിനത്തിനു വിലയുണ്ട്; പക്ഷേ പണയത്തിന് ആർക്കും വേണ്ട. സ്വർണം മൃദുലോഹമാണ്; ഏതു ബിരിയാണിച്ചെമ്പിലും മനുഷ്യ ശരീരത്തിൽ എവിടെയും കടത്തിക്കൊണ്ടുപോകാം. പക്ഷേ 'കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകളിൽ സുലഭം' എന്നു നമ്പ്യാരാശാൻ പാടിയിട്ടുള്ളതിനാൽ സൂക്ഷിക്കണം. ഏതായാലു ജയാരജ വ്യാഖ്യാനത്തെ ചുവടുപിടിച്ച്, പിണറായിയെ പരിശോധിച്ച് ഒരു 'ഐ.എസ്.ഐ' മാർക്ക് സംഘടിപ്പിച്ചാൽ ഇനിയും തെരഞ്ഞെടുപ്പു മാർക്കറ്റിൽ ഇറക്കാൻ കഴിയും. ആ സർട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യയിലെ ആദ്യ/ഏക ജീവനുള്ള മുഖ്യമന്ത്രി എന്ന ഖ്യാതിയും നേടാം. ഐ.എസ്.ഒ 9001 എന്നൊരെണ്ണമുണ്ട്; പാർട്ടിക്കു വേണമെങ്കിൽ ശ്രമിച്ചുനോക്കാം. 'അന്തർദേശീയ ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റ'ത്തിനുളള സർട്ടിഫിക്കറ്റാണ്. വ്യവസായ രംഗത്തേക്കാണ്. അതുകൊണ്ട് പാർട്ടിക്ക് ലഭിക്കാനുള്ള യോഗ്യതയുണ്ട്. 1964 ൽ രൂപീകരിച്ചതാണെങ്കിലും മേൽവിലാസം കേരളത്തിൽ മാത്രമായതിനാൽ ശ്രമിച്ചുനോക്കാമെന്നേയുളളൂ, വലിയ പ്രതീക്ഷ വേണ്ട. ജയരാജൻ സഖാവ് പല പുത്തൻ പ്രയോഗങ്ങളും ഇങ്ങനെ അടിച്ചുവിടും. മാധ്യമങ്ങളിൽ പേര് അച്ചടിച്ചു കാണണമെങ്കിൽ ഒരു പാവം എൽ.ഡി.എഫ് കൺവീനർക്കു മറ്റെന്താണ് വഴി? സംഗതി യു.ഡി.എഫ് കൺവീനറെ കൂടി ഉപദേശിക്കണം. അവിടെ എം. എം. ഹസൻ ജീവിച്ചിരിക്കുന്നുണ്ടെന്നു മാലോകർ അറിയണമെങ്കിൽ സഖാവിനെപ്പോലെ വാതുറന്നാലേ കഴിയൂ എന്നതാണ് ഇപ്പോഴത്തെ നില.
ജയരാജൻ സഖാവ് ഒന്നുകൂടി ശ്രദ്ധിക്കണം. 'ചെമ്പ്' എന്നു കേട്ടാൽ പ്രതിപക്ഷ നേതാവിന് അഭിമാനപൂരിതമാകും അന്തഃരംഗം. പക്ഷേ മുഖ്യമന്ത്രി കിടുങ്ങിപ്പോകും; പുറമെ ഇല്ലെന്നു നടിച്ചാലും അതുകൊണ്ട് ആ മൂവാറ്റുപുഴ എമ്മെല്ലേ മാത്യു കുഴൽനാടനെ ഒന്നും ശ്രദ്ധിച്ചോളാൻ എസ്.എഫ്.ഐ പിള്ളേരോടു പറഞ്ഞേക്കണം. അവർക്കൊരു 'ടാർഗറ്റ് പ്രാക്ടീസ്' കൂടി ആകുമല്ലോ. അങ്ങോർ ഒത്തിരി തെളിവുകൾ ഇറക്കുമതി ചെയ്യുന്നുണ്ട്. 'കുഴൽനാടൻ' എന്ന പേരിൽ തന്നെ ഒരു 'കുഴലു'ള്ളതുകൊണ്ട്, ഇത് കുഴൽപണം പോലെ വല്ല ഇറക്കുമതി ഏർപ്പാടാണോ എന്നു സംശയിക്കണം. ആ വഴിക്കാണെങ്കിൽ നമ്മുടെ ഉള്ളി സുരേന്ദ്രനുമായും ഒന്നു ഇടപെട്ടു നോക്കണം. പാർട്ടി വ്യത്യാസമൊന്നും നോക്കണ്ട.
****                         ****                           ****
പത്തു കൊല്ലം മുമ്പു നടന്ന ഗുജറാത്ത് കലാപത്തെക്കുറിച്ചു കേൾക്കുമ്പോൾ ഇപ്പോഴും മുട്ടുകൾ കൂട്ടിയിടിക്കുന്നവരുണ്ട്; ചില പുസ്തകങ്ങൾ വായിച്ചാൽ പോലും ദേഹമാസകലം വിറയലുണ്ടാകുന്നവരെ പോലെ. ട്രീസ സെത്തിൽവാദ് എന്ന ആക്ടിവിസ്റ്റ് കാലുപിടിച്ചപേക്ഷിച്ചതാണ്, കലാപ ബാധിതരെ ഒന്നു നേരിൽ ചെന്നു കാണാൻ. ആരോടൊക്കെ? വില്ലന്മാരെ ഇടിച്ചു പപ്പടമാക്കുന്ന ധീരനായകൻ രാജ്ബബ്ബർ, വിപ്ലവ നായിക ഷബാന ആസ്മി, രാഷ്ട്രീയത്തിലെ ഒരു മിനി ചാണക്യൻ അമർസിംഗ്, ഏക സംസ്ഥാനം ഭരിക്കുന്ന ഇടതു പാർട്ടിയുടെ ദേശീയ നായകൻ സീതാറാം യെച്ചൂരി എന്നിവരാണ് കഥാപാത്രങ്ങൾ. സാമൂഹ്യ പ്രതിബദ്ധത ഉച്ചി മുതൽ ഉളളംകാൽ വരെ തുടിക്കുന്നവർ. പക്ഷേ ആദ്യ മറുപടി 'അവിടെ ഫാവിസമാണ്, എങ്ങനെ പോകും? എന്നായിരുന്നുവത്രേ! പിന്നെ കഷ്ടിച്ച് അഹമ്മദാബാദിലെത്തി. അന്നത്തെ മുഖ്യമന്ത്രി സാക്ഷാൽ നരേന്ദ്ര മോഡി തന്നെ അവരെ ഫോണിൽ വിളിച്ചു ചോദിച്ചുവത്രേ- നിങ്ങളൊക്കെ എന്തിനാണ് ഇവിടെ വന്നത്? കലാപ ബാധിതരെ അങ്ങോട്ടയച്ചു തരാം. പുറത്തിറങ്ങണ്ട! എന്തൊരു അതിഥി മര്യാദ! കരുതൽ! ശ്ശൊ! രാവിലെ 9 മണിക്ക് കലാപബാധിതർ എത്തും. 8 മണിക്കു തന്നെ വിമാനത്തിലേറി സ്ഥലം കാലിയാക്കി നമ്മുടെ സാമൂഹ്യ പ്രതിജ്ഞാബദ്ധർ!
പണ്ടത്തെപ്പോലെ 'നഷ്ടപ്പെടുവാൻ വിലങ്ങുകൾ' മാത്രമല്ല; മടിയിൽ കനമുളള കാലമാണ്- ഇക്കഥ നിയമസഭയിൽനിന്നുമാണ്. സോണിയയും കൂട്ടരും എന്തുകൊണ്ട് കോൺഗ്രസ് നേതാവായിരുന്ന ഇഹ്‌സാൻ ജാഫ്‌റിയുടെ വിധവയെ കാണാൻ അവിടേക്കു പോയില്ല എന്നു മറു ചോദ്യം; പിണറായിയുടേത്. അതിന് സതീശനാശാൻ മറുപടി പറയേണ്ട കാര്യമില്ല. ഫാസിസത്തെ പേടിച്ചിട്ടല്ല. 1975 ൽ അമ്മായിയമ്മ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോഴേ ഫാസിസം കണ്ടതാണ്.
തീയിൽ കുരുത്തവൻ വെയിലത്തിട്ടാൽ വാടുമോ? ചിക്കൻ ബർഗറോ ടോസ്റ്റോ അവിടെ ഉറപ്പുണ്ടോ? ഇല്ല. വെറും വെജിറ്റേറിയനാകാൻ പാർട്ടിക്കു കഴിയുമോ? ഇല്ല. അതൊക്കെ ഗാന്ധിജിയുടെ കാലത്ത്. ഇത് ഇന്തക്കാലം!
ഇനി ഇത്തരം പല തരത്തിൽ 'ഡിസൈൻ' ചെയ്ത പ്രകടനങ്ങൾ നിയമസഭയിൽ കാണാം, കേൾക്കാം, ആസ്വദിക്കാം. സഭ ടി.വി ഓഫ് ചെയ്യരുതെന്നു മാത്രം. സഭയുടെ പരിപാടികൾ വ്യാപാരാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് സ്പീക്കർ കർശന നിർദേശം നൽകിയതും ആശ്വാസമായി. പ്രതിപക്ഷ കക്ഷിയുടെ പ്രിയപ്പെട്ട സാൻവിച്ചും ബർഗറുമൊന്നും പ്രത്യക്ഷപ്പെട്ടില്ലല്ലോ. എന്തൊരു 'കരുതലാ'ണ് നമ്മുടെ ടി.വി രാജേഷ് സഖാവിന്! അദ്ദേഹം സ്പീക്കറായാലും രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിക്കില്ലെന്നു പ്രഖ്യാപിച്ചത് എത്ര ശരി! എന്തൊരു കരുതൽ.
****                             ****                           ****
'പ്രോഗ്രാം റേറ്റിംഗിൽ' ഒന്നാമതാണ് ഇന്നു സ്വപ്ന സുന്ദരി. ദിനംപ്രതി ഓരോ സ്വപ്ന ദർശനം വീതം പുറത്തു വരുന്നു. അടുത്ത എപ്പിസോഡ് കെ.ടി. ജലീൽ സാഹിബിനെക്കുറിച്ചാണെന്ന് അനൗൺസ്‌മെന്റ് വന്നു കഴിഞ്ഞു. യുട്യൂബ് പരിപാടികളുടെ മാതൃകയിൽ എപ്പിസോഡ് - വൺ, ടൂ, ത്രീ സ്റ്റൈലിൽ ഇനി പുറത്തുവരും. കഥ ഇതുവരെ എന്നു പറഞ്ഞാൽ ഒട്ടും അധികമാവില്ല:- ദുബായിൽ പോയപ്പോൾ നായകൻ എടുക്കാൻ മറന്ന ഒരു ബാഗേജ് ഏതു വഴിക്കായാലും വേണ്ടില്ല, ചടങ്ങിനു മുമ്പ് അവിടെ എത്തിക്കണം. ഇവിടുത്തെ കലാകാരൻ (പാർട്ടി കലാകാരൻ) സുഗന്ധദവ്യങ്ങൾ ഉപയോഗിച്ചു ഡിസൈൻ ചെയ്ത 'മെമന്റോ'കളാണ് നിറയെ. (മുഖ്യൻ പിന്നീട് ഒന്നും മറന്നുവെച്ചില്ലെന്നു നിയമസഭയിൽ പറഞ്ഞ സീൻ ഇവിടെ 'ഫളാഷ്  ഫോർവേഡ്' ആയി ഓർക്കാം) മറന്ന ബാഗേജ് സ്വപ്ന സുന്ദരി വഴി നയതന്ത്ര ചാനൽ നീന്തിക്കടന്ന് റെക്കാർഡ് സ്ഥാപിച്ചുകൊണ്ട് ദുബായിലെത്തിച്ചുവെന്നു ശിവശങ്കരൻ. അതു കുരുമുളകും ഏലവും കുന്തിരിക്കവും ഗ്രാമ്പൂവും ഒന്നുമല്ലെന്നും ആറന്മുള കണ്ണാടിയാണെന്നും സതീശനാശാൻ എന്ന ഗവേഷക വിദ്യാർഥി തട്ടിവിട്ടു. ഇപ്പോൾ മുഖ്യന്റെ രക്ഷക്ക് എത്തേണ്ടത് പാർട്ടി കാഡറുകൾ. അല്ല, ചാവേറുകൾ എന്നും പറയാം.
സംസ്ഥാന കമ്മിറ്റിയംഗം എം. സ്വരാജ് രംഗത്ത്: കിലുക്കം എന്ന ചിത്രത്തിലെ രേവതിയെപ്പോലെ സ്വപ്ന വല്ലതുമൊക്കെ പറയുന്നു. ഇതിൽപെട്ട് കിലുക്കത്തിലെ മോഹൻലാലിനെപ്പോലെ വി.ഡി. സതീശൻ വല്ലാതെ ഉഴലുന്നുവെന്നും സ്വരാജ് കണ്ടുപിടിച്ചു. സർവത്ര കിലുക്കം. അവർക്ക് മുഖ്യമന്ത്രിയേക്കാളും വിശ്വാസം സ്വപ്നയെ! കഴിഞ്ഞ കാലത്ത് ഇടതുമുന്നണിക്ക് സരിതയെയും ഇതുപോലെ തന്നെ വിശ്വാസമായിരുന്നു. വിശ്വാസം രക്ഷിച്ചു. കുറെ വോട്ടുകൾ ചുളുവിൽ ഇങ്ങു പോന്നു! ഇന്ന് ഇവയൊക്കെ കണ്ടിരിക്കുന്ന വോട്ടർമാർക്ക് 'കൺഫ്യൂഷൻ തീർക്കണമേ' എന്ന എം.ജി. ശ്രീകുമാറിന്റെ ഒരു ഗാനം മാത്രമാണ് സഹായം. ആറന്മുള കണ്ണാടി, സ്വർണക്കട്ടി. ബിരിയാണിച്ചെമ്പ്, മെമന്റോകൾ, കറൻസി എന്നിവ ഓരോന്നായി കടലാസു തുണ്ടുകളിൽ എഴുതി ഒരു പാത്രത്തിലിട്ടു കുലുക്കുക. (കണ്ണുകണ്ടു കൂടാത്ത രാഷ്ട്രീയക്കാരെ അടുപ്പിക്കരുത്) അതിൽ എന്താണോ, അതു തന്നെയാണ് മുഖ്യമന്ത്രിയുടെ ബാഗേജിൽ ഉണ്ടായിരുന്നത് എന്നു തൽക്കാലം കരുതുക. എന്നിട്ടും മനസ്സമാധാനമില്ലെങ്കിൽ വിഷമിക്കേണ്ട.  2025 വരെ കാക്കുക. തെരഞ്ഞെടുപ്പു വരാതിരിക്കില്ലല്ലോ.
==========================================
 

Latest News