തിരുവനന്തപുരം- കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയായ സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടന്നിട്ട് അതിനെ അപലപിക്കാൻ യു.ഡി.എഫിൽനിന്ന് ആരും തയ്യാറായിട്ടില്ല എന്നത് ആശ്ചര്യകരമായ കാര്യമാണ്. രാത്രി 12 മണിക്കാണ് അപകടമുണ്ടായത്. സാധാരണ എല്ലാവരും ഉറങ്ങാൻ പോകുന്ന സമയമാണ്. പിറ്റേ ദിവസമാണ് സാധാരണ ഗതിയിൽ പ്രതികരണം വരിക. പിറ്റേന്ന് രാവിലെ വന്നത് ഇത് ഇ.പി ജയരാജനാണ് നടത്തിയത് എന്നാണ് കെ.പി.സി.സി പ്രസിഡന്റ് നടത്തിയത്. ഇതാണ് പ്രശ്‌നം. ഇതുപോലൊരു സംഭവം നടന്നിട്ട് നമ്മുടെ ആദ്യത്തെ ഒരു പ്രതികരണം വരേണ്ടത് അതിനെ അപലപിച്ചാണ്. പക്ഷെ അപലപിക്കാൻ തയ്യാറാകണം. അപലപിക്കാൻ തയ്യാറാകാത്ത മാനസികാവസ്ഥ എന്തുകൊണ്ടാണ്. കോൺഗ്രസിന്റെ ഇന്നത്തെ നിലയിൽ ഇത് ആലോചിക്കാൻ കഴിയുമോ എന്ന് എനിക്ക് നിശ്ചയമില്ല. തെറ്റായ കാര്യങ്ങൾ ചിലപ്പോൾ സംഭവിച്ചേക്കാം. തെറ്റിനെ ന്യായീകരിക്കുകയല്ല വേണ്ടത്. രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നിലെ ആളുകൾക്കെതിരെ നടപടി എടുത്തു. അതിന്റെ വിശദാംശങ്ങളിലേക്ക് പോകുന്നില്ല. ഉത്തരവാദപ്പെട്ട പ്രസ്ഥാനം എന്ന നിലയിൽ സി.പി.എം അഖിലേന്ത്യാ അടിസ്ഥാനത്തിലും അതിനെ തള്ളിപ്പറഞ്ഞു. ഗവൺമെന്റിന് വേണ്ടി ഞാനും അതേനിലയിൽ തള്ളിപ്പറഞ്ഞു. ഇതാണ് ഞങ്ങൾ സ്വീകരിക്കുന്ന സമീപനം.
സുധാകരൻ ആരാണ് എന്ന് എന്നെ പഠിപ്പിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പണ്ട് ജയരാജന്റെ ജീവനെടുക്കാൻ സുധാകരൻ ശ്രമിച്ചു. ഇപ്പോൾ രണ്ടു പേരും പ്രധാന സ്ഥാനത്ത് ഇരിക്കുന്നു. അപ്പോഴും അന്നത്തെ അതേ മാനസികാവസ്ഥയിൽ ഇരിക്കേണ്ട കാര്യമുണ്ടോ.
എ.കെ.ജി സെന്ററിന് സമീപത്തുള്ള ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. അതിൽനിന്ന് ഇറങ്ങിയാൽ അവിടെ നേരെ എത്തും. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഓഫീസ് ആക്രമിക്കുക എന്ന നിലപാടില്ല. എ.കെ.ജി സെന്ററിൽ ആക്രമണം നടക്കുമ്പോൾ അവിടെ പോലീസ് സുരക്ഷ ഉണ്ടായിരുന്നു. എന്നിട്ടും ആക്രമണം നടന്നു എന്ന ചോദ്യം ഉയർന്നു. ഇത് വലിയ ആസൂത്രണത്തോടെ നടത്തിയ ആക്രമണമാണ്. കൃത്യമായി കാര്യങ്ങൾ മനസിലാക്കിയാണ് ആക്രമി പ്രവർത്തിച്ചത്. കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ ആക്രമണമാണ്. പോലീസിന്റെ ഭാഗത്ത് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.
പോലീസ് ഏതെങ്കിലും ഒരാളെ പിടിക്കുക എന്ന ലക്ഷ്യത്തോടെയല്ല പ്രവർത്തിക്കുന്നത്. യഥാർത്ഥ പ്രതിയെ പിടിക്കാനാണ് ശ്രമിക്കുന്നത്. കുറ്റവാളിയെ പിടിക്കാനാകും. ഈ പ്രതിയെ ചിലർ സംരക്ഷിക്കുന്നുണ്ട്. എന്നാലും പ്രതിയെ കണ്ടെത്താനാകും. ഇക്കാര്യത്തിലും പ്രതിയെ പിടികൂടും എന്ന കാര്യത്തിലും ഒരു സംശയമുണ്ടാകേണ്ട കാര്യമില്ല. സി.സി.ടി.വി ദൃശ്യങ്ങളും കണിശമായി പരിശോധിക്കുന്നുണ്ട്.
ബോംബിന്റെ രീതികളെ പറ്റി നിങ്ങളുടെ നേതാവിനോട് തന്നെയാണ് ചോദിക്കേണ്ടത്. വലിയ ശബ്ദമുള്ള, അപകടമുണ്ടാക്കാത്ത ബോംബുണ്ടാക്കാനാകും എന്ന് പറഞ്ഞയാളാണ് ആ നേതാവ് എന്നും പിണറായി പറഞ്ഞു.
എസ്.ഡി.പി.ഐ നേതാക്കൾ എ.കെ.ജി സെന്ററിലേക്ക് എത്തിയെങ്കിലും അവരെ കാണാൻ നേതാക്കൾ കൂട്ടാക്കിയില്ല. അവരെ തിരിച്ചയക്കുകയാണ് ചെയ്തത്. വർഗീയ ശക്തികളുമായി ഒരു കൂട്ടുകെട്ടുമില്ല. അവരുമായുള്ള ഒരു കൂടിക്കാഴ്ച്ചക്കും പാർട്ടി തയ്യാറല്ല. മടിയിൽ കനമുള്ളവനെ വഴിയിൽ പേടിക്കേണ്ടതുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റു പ്രശ്‌നങ്ങളിൽനിന്ന് വഴി തിരിച്ചുവിടാനാണ് ഈ ആക്രമണം എന്ന് ചിലർ പറയുകയുണ്ടായി. നിങ്ങൾ ഉന്നയിക്കുന്ന പ്രശ്‌നം നാട്ടുകാർ മൊത്തം ഏറ്റെടുക്കുകയാണ് എന്ന് വിചാരിക്കരുത്. പ്രതിപക്ഷത്തിന്റെ ആരോപണത്തെ ഒരു തരത്തിലുള്ള ഉൾക്കിടലവുമില്ലാതെ നേരിടാൻ കഴിയുന്നത് മടിയിൽ കനമില്ലാത്തത് കൊണ്ടാണ്. ജീവിതത്തിൽ ശുദ്ധി പുലർത്തണം. ആ ശുദ്ധി പുലർത്തിയാൽ നിങ്ങൾക്ക് ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്ല. ശുദ്ധി ജീവിതത്തിൽ പുലർത്താൻ ശ്രമിക്കുക. താൽക്കാലിക ലാഭത്തിന് വേണ്ടിയുള്ള കാര്യങ്ങളിൽ ഏർപ്പെടാതിരിക്കുക. നിങ്ങൾ നിങ്ങളുടെ വഴി നോക്ക്. ഞങ്ങൾ ഞങ്ങളുടെ വഴി നോക്കാമെന്നും പിണറായി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
എ.കെ.ജി സെന്റർ ചർച്ചയിലും ബിരിയാണിച്ചെമ്പ്; വി.ഡി സതീശൻ
തിരുവനന്തപുരം-സ്വപ്‌ന സുരേഷിനെയോ ബിരിയാണിച്ചെമ്പിനെയോ പറ്റി സംസാരിക്കാനല്ല അടിയന്തര പ്രമേയം കൊണ്ട് ഉദ്ദേശിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭരണപക്ഷത്തിൽനിന്ന് സംസാരിച്ചവരെല്ലാം സ്വർണ്ണക്കടത്തിനെ പറ്റിയാണ് പറഞ്ഞത്. എന്തൊരു ഭയമാണ് ഭരണപക്ഷത്തിന്. കെ.പി.സി.സി ഓഫീസും എന്റെ വസതിയും ആക്രമിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസും ആക്രമിച്ചു. എ.കെ.ജി സെന്ററിൽ ബോംബാക്രണം നടത്തി എന്നാരോപിച്ച് വീണ്ടും കേരളത്തിലെ കോൺഗ്രസ് ഓഫീസുകൾ ആക്രമിച്ചു. ആരാണ് അത് ചെയ്യുന്നത്. സംസ്ഥാനത്തെ ഗവൺമെന്റിന് നേതൃത്വം നൽകുന്ന ആളുകളാണ് അതാണ് ചെയ്യുന്നത്. എ.കെ.ജി സെന്ററിനും കോട്ടയത്തെ ഡി.സി.സി ഓഫീസിനും നേരെ ആക്രമണമുണ്ടായി. എ.കെ.ജി സെന്ററിന് നേരെ ആക്രമണമുണ്ടായിട്ട് എങ്ങിനെയാണ് പ്രതി രക്ഷപ്പെട്ടത്. ആക്രമണം ഉണ്ടായ ഗെയ്റ്റിൽ തലേദിവസം വരെപോലീസ് ഉണ്ടായിരുന്നു. എന്നാൽ, ആക്രമണം നടന്ന രാത്രി അവിടെ ആ ജീപ്പുണ്ടായില്ല. ആ ജീപ്പ് ആരു മാറ്റി എന്നത് പ്രധാനമാണ്. എ.കെ.ജി സെന്ററിന് ചുറ്റും സി.സി.ടി.വിയുണ്ട്. ഈ ദൃശ്യങ്ങളിലൊന്നും വരാത്ത ആള് ആരാണ്. സക്കറിയയുടെ പറക്കും സ്ത്രീ എന്ന കഥയിലെ ആളാണോ ഈ ആക്രമണത്തിന് പിന്നിൽ. ഈ സംഭവം ഉണ്ടാകുന്നതിന് അരമണിക്കൂർ മുമ്പേ ഇ.പി ജയരാജൻ പുറപ്പെട്ടോ എന്നാണ് എന്റെ സംശയം. കോട്ടയം ഡി.സി.സി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിലെ പ്രതി പോലീസ് സ്‌റ്റേഷനിൽ എസ്.ഐയുടെ കസേരയിൽ കയറി ഇരുന്ന് തൊപ്പി തലയിൽ വെച്ച് സെൽഫി എടുത്ത് അയക്കുകയായിരുന്നു. സാധാരണക്കാരന്റെ തലവെട്ടി ചെങ്കൊടി നാട്ടും എന്നാണ് ഒരു സി.പി.എം എം.എൽ.എ മുദ്രാവാക്യം വിളിച്ചത്. എന്റെ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് പറഞ്ഞ് പോസ്റ്റിട്ടു. എന്നെ കൊല്ലുമെന്നാണോ പറയുന്നത്. ഭരണത്തിലിരിക്കുമ്പോഴും ആക്രമണം നടത്തുകയാണ് സി.പി.എം. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് സി.പി.എം നേതാക്കൾ പറയുന്നത്. നാട്ടിൽ കലാപാഹ്വാനമാണ് നേതാക്കൾ നടത്തുന്നത്. ആക്രമണത്തിന് കൂട്ടുനിന്ന പോലീസിൽനിന്നാണ് രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് എന്ന റിപ്പോർട്ട് വാങ്ങിയാൽ ആരാണ് വിശ്വസിക്കാൻ പോകുന്നത്. ഞങ്ങൾക്ക് ബി.ജെ.പിയെകൊണ്ട് ഒരാശ്വാസവുമില്ല. സി.പി.എമ്മിനാണ് ബി.ജെ.പിയെ ആവശ്യമുള്ളതെന്നും സതീശൻ പറഞ്ഞു. കേരളത്തെ കലാപഭൂമിയാക്കാൻ ശ്രമിക്കുന്നതിൽ സി.പി.എമ്മിന് കാര്യമായ പങ്കുണ്ട്. ഇത് ശരിയാണോ എന്ന് ഗൗരവത്തോടെ പരിശോധിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.






