പ്രണയവിവാഹം; യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ കൊന്ന് കത്തിച്ചു

ഹൈദരാബാദ്- തെലങ്കാനയില്‍ ഭാര്യയുടെ വീട്ടുകാര്‍ യുവാവിനെ കൊന്ന് കത്തിച്ചു. കെ.പി.എച്ച്.ബി കോളനയില്‍ താമസിച്ചിരുന്ന 25 കാരനും സോഫ്റ്റ് വെയര്‍ ടെക്കിയുമായ നാരായണ റെഡ്ഢിയെയാണ് ഭാര്യയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ യുവാവിനെ കാണാനില്ലെന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കെ.പി.എച്ച്.ബി പോലീസ് അന്വേഷിക്കുന്നതിനിടെയാണ് യുവാവിനെ കൊലപ്പെടുത്തി കത്തിച്ച നിലയില്‍ കണ്ടെത്തിയത്.
ഹൈദരാബാദില്‍നിന്ന് 141 കി.മീ അകെല ജിന്നാറാം പട്ടണത്തിലാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷമായിരുന്നു റെഡ്ഡിയുടെ വിവാഹം. പ്രണയത്തെ തുടര്‍ന്നുള്ള വിവാഹത്തെ എതിര്‍ത്ത യുവതിയുടെ വീട്ടുകാര്‍ യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അഭിപ്രായ ഭിന്നതകള്‍ തീര്‍ക്കാനെന്ന പേരില്‍ ജൂണ്‍ 27ന് യുവതിയുടെ വീട്ടുകാര്‍ നാരായണ റെഡ്ഢിയെ സമീപിച്ചിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
ബന്ധുക്കളില്‍ ഒരാളുടെ വീട്ടിലെത്തിച്ച യുവാവിനെ മദ്യം കുടിപ്പിച്ച ശേഷം ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ജിന്നാറാമിലെത്തിച്ച് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.

 

Latest News