നൗഫലിന് ജാമ്യം, ഫോൺ തിരികെ നൽകിയില്ല

പാലക്കാട്-  സ്വപ്ന സുരേഷിനെതിരായ വധഭീഷണിക്കേസിലെ പ്രതി പെരിന്തൽമണ്ണ തിരൂർക്കാട് സ്വദേശി നൗഫലിന് ജാമ്യം ലഭിച്ചു. കേസുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും, വസ്തുതകളും വിലയിരുത്തുന്നതിനായി പ്രതിയെ ഇന്നു വീണ്ടും ചോദ്യം ചെയ്യും.  നൗഫലിന്റെ ഫോൺ തിരികെ നൽകിയിട്ടില്ല.
നൗഫലിനെ പെരിന്തൽമണ്ണ പോലീസ് വീട്ടിലെത്തിയായിരുന്നു കസ്റ്റഡിയിൽ എടുത്തത്. ഇയാൾ മാനസിക പ്രശ്‌നങ്ങൾക്ക് കഴിഞ്ഞ നാലു മാസമായി ചികിത്സ തേടുന്ന ആളാണെന്ന് സഹോദരൻ നിസാർ പറഞ്ഞു. പെരിന്തൽമണ്ണ സ്‌റ്റേഷൻ പരിധിയിൽ മുൻപും ഇയാൾക്കക്കതിരെ സമാനമായ പരാതികൾ വന്നിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകരുതെന്ന് ഭീഷണിപ്പെടുത്തി തനിക്ക് നിരവധി സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. എത്ര നാൾ ജീവനോടെയുണ്ടാകുമെന്ന് പറയാനാകില്ലെന്നും പേരും വിലാസവും വെളിപ്പെടുത്തിക്കൊണ്ടാണ് പലരും ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നതെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
കെ ടി ജലീൽ പറഞ്ഞിട്ട് വിളിക്കുകയാണെന്ന് പറഞ്ഞും തനിക്ക് ഭീഷണി സന്ദേശമെത്തിയെന്ന് സ്വപ്‌ന പറയുന്നു. നൗഫൽ എന്നയാൾ പേര് വെളിപ്പെടുത്തി ഭീഷണിപ്പെടുത്തി. ഗുണ്ടാനേതാവ് മരട് അനീഷിന്റെ പേര് പറഞ്ഞ് പോലും ഭീഷണികളെത്തി. ശബ്ദരേഖ ഉൾപ്പെടെ ഒപ്പം ചേർത്ത് ഡിജിപി മുൻപാകെ പരാതി സമർപ്പിച്ചിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

Latest News