Sorry, you need to enable JavaScript to visit this website.
Monday , August   08, 2022
Monday , August   08, 2022

ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ -കപിൽ സിബൽ

ന്യൂദൽഹി- ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ വിമർശിച്ച് മുതിർന്ന സുപ്രീംകോടതി അഭിഭാഷകനും മുൻ കോൺഗ്രസ് നേതാവുമായി കപിൽ സിബൽ. ജുഡീഷ്യറിയിലെ ചില അംഗങ്ങളുടെ പ്രവർത്തനംമൂലം ലജ്ജിച്ചു തലകുനിക്കേണ്ടി വന്നു എന്നാണ് സിബൽ പറഞ്ഞത്. 
അടുത്ത കാലത്തായി അഭിപ്രായ സ്വാതന്ത്ര്യത്തെ വ്യാഖ്യാനിക്കുന്നതിനും ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതിലും സുപ്രീംകോടതിക്കും നിർഭാഗ്യകരമായ തരത്തിൽ വീഴ്ച  പറ്റി എന്നാണ് സിബലിന്റെ ആരോപണം. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യ സ്ഥാപനങ്ങൾ പലതും നശിപ്പിച്ചു. നിയമവാഴ്ച പ്രതിദിനം തകർന്നടിയുകയാണ്. കോൺഗ്രസ് മുക്ത ഭാരതം എന്നതിൽ നിന്ന് അവർ പ്രതിപക്ഷ മുക്ത ഭാരതം എന്ന തലത്തിലേക്ക് നീങ്ങിയിരിക്കുകയാണെന്നും കപിൽ സിബൽ ഒരു അഭിമുഖത്തിൽ കുറ്റപ്പെടുത്തി. 
ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് ജുഡീഷ്യറിയിലെ ചില അംഗങ്ങളുടെ പ്രവർത്തനം നമ്മെ തരം താഴ്ത്തി എന്നായിരുന്നു സിബലിന്റെ മറുപടി. 50 വർഷമായി നിയമവ്യവസ്ഥയുടെ ഭാഗമാണ്. 
പക്ഷേ ഇപ്പോഴത്തെ ഈ അവസ്ഥയിൽ അങ്ങേയറ്റം ലജ്ജാകരമായ നിലയിൽ തല താഴ്ത്തിപ്പോകുകയാണ്. നാലു വർഷം മുമ്പുള്ള ഒരു ട്വീറ്റിന്റെ പേരിൽ വർഗീയ കലാപ സാധ്യത ആരോപിച്ച് അറസ്റ്റ് ചെയ്യുന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
നിലവിലെ സാഹചര്യത്തിൽ മുഹമ്മദ് സുബൈറിന്റെ അറസ്റ്റ് നിലനിൽക്കില്ല. അതിനാൽ, അന്വേഷണ ഏജൻസികൾ മറ്റു കാരണങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ്. 
കെട്ടിച്ചമച്ച കേസാണിതെന്നും വ്യാജ അന്വേഷണമാണു നടക്കുന്നതെന്നും പ്രത്യക്ഷത്തിൽ തന്നെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. 
വിരോധമുള്ള ഒരു വ്യക്തിയെ ആദ്യം അറസ്റ്റ് ചെയ്യുകയും പിന്നീട് അവർക്കെതിരേ അന്വേഷണം നടത്തുകയും ചെയ്യുന്ന രീതിയാണിത്. കക്ഷിക്ക് ജാമ്യം ലഭിക്കാതിരിക്കാൻ കോടതിയിൽ പല അടവുകളും പോലീസ് പയറ്റുകയാണെന്നും സിബൽ കുറ്റപ്പെടുത്തി. ഗുജറാത്ത് കലാപക്കേസിൽ സാക്കിയ ജാഫ്രിയുടെ ഹരജി തള്ളുകയും നരേന്ദ്ര മോഡി കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത വിഷയത്തിലും സിബൽ പ്രതികരിച്ചു. അടുത്ത കാലത്ത് പല ജഡ്ജിമാരും തങ്ങളുടെ മുമ്പിൽ വാദം നടക്കാത്ത കേസുകളിൽ പോലും പലതരം കണ്ടെത്തലുകൾ നടത്തുന്നതായി കാണാം. 
മറ്റു ചിലർ ചാടിക്കയറി അനാവശ്യ കാര്യങ്ങളിൽ തീർപ്പുണ്ടാക്കുന്നതും കാണാം. എന്നാൽ, ഒരു പ്രത്യേക വിഷയത്തെ മാത്രം അടിസ്ഥാനപ്പെടുത്തി അഭിപ്രായം പറയുന്നില്ല. 
എന്നാൽ, അടുത്ത കാലങ്ങളിലായി ജുഡീഷ്യറിയുടെ ഭാഗത്തു നിന്നുണ്ടായ പല ഇടപെടലുകളും ഓർക്കുമ്പോൾ ലജ്ജിച്ചു തലതാഴ്ത്തുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. 

Tags

Latest News