പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ച് വിവാഹാഭ്യര്‍ഥന, ബന്ധുവിന് ഒരു മാസം ജയില്‍

മുംബൈ-ബന്ധുവായാലും പെണ്‍കുട്ടിയുടെ കൈയില്‍ തൊടരുതെന്ന് ചൂണ്ടിക്കാട്ടി മുംബൈ സ്വദേശിയായ 43 കാരന് കോടതി ഒരു മാസം ജയില്‍ ശിക്ഷ വിധിച്ചു. 13 വര്‍ഷം മുമ്പ് വിദ്യാര്‍ഥിനിയായിരുന്ന കസിന്റെ കൈയില്‍ പിടിച്ച് തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടയാള്‍ക്ക് തടവുശിക്ഷ. ബന്ധുവായാല്‍ പോലും സ്ത്രീയുടെ അനുമതിയില്ലാതെ അവരുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ പുരുഷന് അവകാശമില്ലെന്ന്  കോടതി ചൂണ്ടിക്കാട്ടി. 2009 ഫെബ്രുവരി രണ്ടിനാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.
വിചാരണ നടത്തി മുളന്ദിലെ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടി ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സംഭവം. സ്‌കൂളില്‍നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ വഴിയില്‍ വെച്ച് കസിന്‍ കൈകളില്‍ പിടിച്ച് വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെന്ന് പെണ്‍കുട്ടി ഭന്ദൂപ് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. വീട്ടില്‍ കയറാന്‍ കൈകളില്‍ പിടിച്ചുവലിച്ചുവെന്നും തന്റെ സഹോദരി എത്തിയാണ് രക്ഷപ്പെടുത്തിയതെന്നും പെണ്‍കുട്ടി പറഞ്ഞു.
2009 ല്‍ പെണ്‍കുട്ടിക്ക് 16 വയസ്സിനു താഴെ മാത്രമായിരുന്നു  പ്രായമെന്നും പ്രതിയുടെ നടപടി അവള്‍ക്ക് നാണക്കേടുണ്ടാക്കിയെന്നും മജിസ്‌ട്രേറ്റ് ആര്‍.ഡി. ഡാംഗെ ചൂണ്ടിക്കാട്ടി. പ്രതിക്ക് ആയിര രൂപ പിഴയും വിധിച്ചിട്ടുണ്ട്.

 

 

Latest News