Sorry, you need to enable JavaScript to visit this website.

വിമത ശിവസേന എംഎല്‍എമാര്‍ മുംബൈയിലെത്തി,  മഹാരാഷ്ട്രയില്‍ ഇന്ന് സ്പീക്കര്‍ തെരഞ്ഞെടുപ്പ്

മുംബൈ- മഹാരാഷ്ട്രയില്‍ ഇന്ന് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും. പുതിയ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ആദ്യ ബല പരീക്ഷണമാണ് ഇന്ന് നടക്കാന്‍ പോകുന്നത്. ബിജെപിയുടെ രാഹുല്‍ നര്‍വേക്കറും ശിവസേനയുടെ രാജന്‍ സാല്‍വിയും തമ്മിലാണ് പോരാട്ടം. അതേസമയം ഗോവയിലെ റിസോര്‍ട്ടിലായിരുന്ന ശിവസേന വിമത എംഎല്‍എമാര്‍ മുംബൈയില്‍ തിരിച്ചെത്തി.
ഗോവയില്‍ നിന്ന് വിമാനമാര്‍ഗ്ഗമാണ് എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം രാത്രിയോടെ മുംബൈയില്‍ എത്തിയത്. മുംബൈയിലെ താജ് പ്രസിഡന്റ് ഹോട്ടലിലേക്കാണ് എംഎല്‍എമാര്‍ എത്തിയിരിക്കുന്നത്. ബിജെപി എംഎല്‍എമാരും ഇതേ ഹോട്ടലിലാണ് താമസം. നിയമസഭയിലേക്ക് ഇരു കൂട്ടരും  ഇവിടെ നിന്ന് പുറപ്പെടും. 
അതിനിടെ, വിമത നീക്കം നടത്തിയ ഏക്‌നാഥ് ഷിന്‍ഡേയെ ശിവസേന പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുകയും സ്വയം അംഗത്വം ഉപേക്ഷിക്കുകയും ചെയ്തതിനാലാണ് നടപടിയെന്ന് ഷിന്‍ഡേയ്‌ക്കെഴുതിയ കത്തില്‍ ഉദ്ദവ് താക്കറെ പറഞ്ഞു. വിമത നീക്കം തുടങ്ങിയതിന് തൊട്ട് പിന്നാലെ നിയമസഭാ കക്ഷി നേതൃ സ്ഥാനവും ഷിന്‍ഡേയില്‍ നിന്ന് എടുത്ത് മാറ്റിയിരുന്നു.
പൂനെയില്‍ നിന്നുള്ള എംഎല്‍എ സാംഗ്രാം തോപ്‌തെയാണ് കോണ്‍ഗ്രസിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. കൊളാബയില്‍ നിന്നുള്ള ബിജെപി എംഎല്‍എ രാഹുല്‍ നര്‍വേക്കറാണ് എതിരാളി. ശിവസേനാ വിമതന്‍ ഏക്‌നാഥ് ഷിന്‍ഡേയെ മുഖ്യമന്ത്രിയാക്കിയ ബിജെപി, 2014ല്‍ ശിവസേനയില്‍ നിന്ന് എത്തിയ രാഹുല്‍ നര്‍വേക്കറിനെ മത്സര രംഗത്ത് ഇറക്കിയത് ശ്രദ്ധേയ നീക്കമാണ്. നിയമസഭാ കൗണ്‍സില്‍ ചെയര്‍മാനും എന്‍സിപി നേതാവുമായ റാംരാജെ നിംബാല്‍ക്കറിന്റെ മരുമകന്‍ കൂടിയാണ് നര്‍വേക്കര്‍
 

Latest News