തളിപ്പറമ്പില്‍ സി.പി.എം ലീഗ് സംഘര്‍ഷം

തളിപ്പറമ്പ് - തളിപ്പറമ്പില്‍ സി.പി.എം ലീഗ് സംഘര്‍ഷം. സി.പി.എം നേതാവിന്റെ കാര്‍ തകര്‍ത്തതിന് പിന്നാലെ മുസ്‌ലിം ലീഗ് ഓഫീസായ സി.എച്ച്.സെന്റര്‍ അഗ്‌നിക്കിരയാക്കി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
തളിപ്പറമ്പിലെ മര വ്യവസായിയും സി.പിഎം പ്രവര്‍ത്തകനുമായ ദില്‍ഷാദ് പാലക്കോടന്റെ ഇന്നോവ കാറിന് നേരെ കഴിഞ്ഞ രാത്രി  ആക്രമം നടക്കുകയും ദില്‍ഷാദ് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കപ്പാലത്തിന് സമീപം വെച്ചായിരുന്നു ആക്രമണം. മുഖംമൂടിയണിഞ്ഞ ആറംഗ സംഘമാണ് രാജരാജേശ്വര ക്ഷേത്ര റോഡില്‍ മുക്കോലയില്‍ വെച്ച് കമ്പി പാര ഉള്‍പ്പടെ ഉപയോഗിച്ച് അടിച്ച് തകര്‍ത്തത് . അക്രമത്തില്‍ പരിക്കേറ്റ ദില്‍ഷാദിനെയും കേരള ബാങ്ക് ജീവനക്കാരന്‍ സിദ്ദീഖിനെയും തളിപ്പറമ്പ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ കുറ്റിക്കോലിലെ ലീഗ് ഓഫീസായ സി.എച്ച് സെന്റര്‍ അഗ്‌നിക്കിരയാക്കിയത്. ഓഫീസ് പൂര്‍ണ്ണമായും കത്തിനശിച്ചു. 
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തളിപ്പറമ്പ് ജുമാഅത്ത് പള്ളി കമ്മറ്റിയില്‍ വഖഫ് ബോര്‍ഡ് നടത്തിയ അന്വേഷണങ്ങളേയും ഓഡിറ്റ് റിപ്പോര്‍ട്ടിനേയും കുറിച്ച് മുസ്‌ലിം ലീഗും സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിയും തമ്മില്‍ വാക്‌പോര് തുടര്‍ന്നുവരികയായിരുന്നു. വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും പരിധിവിട്ട ചര്‍ച്ചകളും പോര്‍വിളികളും തുടര്‍ന്നുവരുന്നതിനിടെയാണ് ഈ സംഭവ വികാസങ്ങള്‍. പോലീസ് അന്വേഷണം ആരംഭിച്ചു.
 

Latest News