Sorry, you need to enable JavaScript to visit this website.

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, വന്‍ ആരോപണങ്ങളുമായി പി.സി ജോര്‍ജ്

തിരുവനന്തപുരം- ദൈവത്തിന് നന്ദി രേഖപ്പെടുത്തുന്നുവെന്നും നിരപരാധിയാണെന്നും പി.സി ജോർജ്. ജാമ്യം ലഭിച്ച ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു പി.സി ജോർജ്. നീതിന്യായ വ്യവസ്ഥയോട് കേരളത്തിലെ ജനങ്ങൾക്ക് വിശ്വാസം കൂടിയിട്ടുണ്ടെന്നും ജോർജ് പറഞ്ഞു. മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിൽ ജോർജ് ക്ഷമ ചോദിച്ചു. മാനസികമായി തളർന്നു നിൽക്കുന്ന സമയത്താണ് അത്തരം പരാമർശമുണ്ടായത്. 
പിണറായി വിജയന്റെ പിന്നിൽ ഫാരിസ്  അബൂബക്കറാണ്. ഫാരിസ് നിലവിൽ അമേരിക്കയിലാണ്. മുഖ്യമന്ത്രിയുടെ തുടർച്ചയായ അമേരിക്കൻ സന്ദർശനം കേന്ദ്ര ഏജൻസി അന്വേഷിക്കണം. അമേരിക്കയിൽ ഫാരിസ് അബൂബക്കർ നടത്തിയ പുതിയ നിക്ഷേപങ്ങളുടെ മുഴുവൻ സാമ്പത്തിക സഹായവും നൽകിയത് മുഖ്യമന്ത്രിയാണ്. കഴിഞ്ഞ ദിവസം കുടുംബശ്രീ വഴി നടത്തിയ ഡാറ്റ ശേഖരണവും അന്വേഷിക്കണം. കഴിഞ്ഞ കാലങ്ങളിലെല്ലാം അഴിമതിക്ക് എതിരായ പോരാട്ടം നടത്തിയിട്ടുണ്ട്. അനാവശ്യമായ ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ല. അഴിമതിക്കാരനായ ഭരണാധികാരിയെ പുറത്താൻ നടത്തിയ നീക്കത്തെ ഗൂഢാലോചന എന്നാണ് വിളിക്കുന്നത് എങ്കിൽ തമാശയായാണ് തോന്നുന്നത്. അഴിമതി കണ്ടാൽ ഇനിയും എതിർക്കും. അക്കാര്യത്തിൽ എനിക്ക് ബഹുമാനം വി.എസ് അച്യുതാനന്ദനാണ്. വി.എസ് ഉണ്ടായിരുന്നെങ്കിൽ ഇവരെയെല്ലാം അടിച്ചൊതുക്കമായിരുന്നു. ഒരു സ്ഥാനത്തിന് വേണ്ടിയും ആരോടും യാചിച്ചിട്ടില്ല. ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും എന്നോട് മന്ത്രിയാകാൻ ആവശ്യപ്പെട്ടതാണ്. ഞാൻ തന്നെയാണ് വേണ്ട എന്ന് വെച്ചത്. ക്രൂരമായ നടപടിയാണ് പിണറായി എന്നോട് കാണിക്കുന്നത്. പിണറായിയുടെ അഴിമതി പുറത്തുകൊണ്ടുവരാൻ ഇനിയും ശ്രമിക്കുമെന്നും പി.സി ജോർജ് പറഞ്ഞു. 
സരിത പലപ്പോഴും തന്നെ സമീപിച്ച് ഉമ്മൻ ചാണ്ടിക്ക് എതിരെ മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടു. ആദ്യം പറഞ്ഞതിന് വ്യത്യസ്തമായാണ് സരിത പിന്നീട് പറഞ്ഞത്. സി.ബി.ഐയോട് സരിത പറഞ്ഞത് കള്ളമാണെന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് പറഞ്ഞത്. അതോടെയാണ് സരിത തനിക്കെതിരെ തിരിഞ്ഞതെന്നും ജോർജ് പറഞ്ഞു. 

പി.സി ജോര്‍ജിന്റെ വാക്കുകള്‍

ദൈവത്തിന് നന്ദി. കേസന്വേഷണത്തില്‍ സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. 100 ശതമാനം സഹകരിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കി. ഇത്രയും കാലം ഫാരിസ് അബൂബക്കര്‍ എന്ന പേര് ഞാന്‍ പലതവണ പറഞ്ഞിട്ടും ആരും അത് ശ്രദ്ധിച്ചിട്ടില്ല. കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാ രാഷ്ട്രീയ നാടകങ്ങള്‍ക്ക് പിന്നിലും ഫാരിസ് അബൂബക്കര്‍ എന്ന റിയല്‍ എസ്‌റ്റേറ്റ് ഡോണ്‍ ആണ്. പിണറായി വിജയനും ഫാരിസ് അബൂബക്കറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറുപുറമാണ് സ്വപ്‌ന സുരേഷ് പറഞ്ഞുകൊണ്ടിരിക്കുന്നത്. 2012 മുതല്‍ കഴിഞ്ഞ 10 കൊല്ലമായി പിണറായി വിജയന്റെ എല്ലാ നിക്ഷേപങ്ങളേയും രാഷ്ട്രീയത്തേയും നീക്കങ്ങളേയും സ്വാധീനിക്കുന്നതും നിയന്ത്രിക്കുന്നതും ഫാരിസ് ആണ്.

2016 ഇത് ചെന്നൈ കേന്ദ്രീകരിച്ചായിരുന്നെങ്കില്‍ ഇപ്പോളത് അമേരിക്ക കേന്ദ്രീകരിച്ചാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ തുടരെയുള്ള അമേരിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ചും അമേരിക്കന്‍ ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണം. കേന്ദ്രസര്‍ക്കാരും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റും ഇതിന് മുന്‍കൈ എടുക്കണം. 2004ല്‍ എസ്.എഫ്.ഐക്കാരേയും ഡി.വൈ.എഫ്.ഐക്കാരേയും സ്വാശ്രയ കോളേജുകള്‍ക്കെതിരെ സമരം ചെയ്യാന്‍ പറഞ്ഞുവിട്ടിട്ട് സ്വന്തം മകളെ സ്വാശ്രയകോളേജില്‍ പഠിപ്പിക്കാന്‍ വിട്ടു. വീണ വിജയന്‍ പിന്നീട് ഒറാക്കിള്‍ എന്ന കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. ഒറാക്കിള്‍ കമ്പനിയില്‍ സാധാരണ ജീവനക്കാരി ആയിരുന്ന വീണ 2012ല്‍ രവി പിള്ള ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവായി. ആര്‍ക്കിടെക്ട് എന്ന ഐ.ടി കമ്പനിയുടെ സിഇഒ ആയിട്ടാണ് വീണ ചാര്‍ജ് എടുത്തത്. പിണറായി വിജയന്റെ മകള്‍ എന്നല്ലാതെ എന്ത് യോഗ്യതയാണ് വീണയ്ക്കുള്ളത്. 2014ല്‍ ആ പദവിയില്‍ നിന്ന് എക്‌സലോജിക് എന്ന കമ്പനി രൂപീകരിച്ചു. അതിലേക്ക് വന്നുചേര്‍ന്ന സാമ്പത്തികത്തിന്റെ ഉറവിടം അന്വേഷിക്കണം. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മുഴുവന്‍ സാമ്പത്തിക ഇടപാടുകളും എക്‌സലോജിക്കിലൂടെയാണ് നടന്നിരിക്കുന്നത് എന്ന് ഞാന്‍ സംശയിക്കുന്നു.

എക്‌സലോജിക്കില്‍ നിന്ന് പോയിരിക്കുന്ന ഭൂരിഭാഗം പണവും അമേരിക്കയിലുള്ള ഫാരിസ് അബൂബക്കറിന്റെ പേരിലാണോ എന്ന് സംശയിക്കുന്നു. ഇത് ഇ.ഡി അന്വേഷിക്കണം. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് പിണറായി വിജയന്‍ എന്ന നിലപാടില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. തുടക്കത്തില്‍ അദാനി ഗ്രൂപ്പിന് വിഴിഞ്ഞം തുറമുഖം പദ്ധതി കൈമാറാന്‍ യു.ഡി. എഫ് സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ എതിര്‍ത്ത പിണറായി വിജയന്‍ പിന്നീട് അതിനെ അനുകൂലിച്ചു. ഇപ്പോള്‍ അവര്‍ക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നതിനു പിന്നിലും വലിയ ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കുന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ട് അദാനി ഗ്രൂപ്പിന് കൈമാറുന്ന കാര്യത്തിലും ഇതുതന്നെയാണ് കാര്യം. വീണ വിജയന്റെ എക്‌സലോജിക്ക് കമ്പനി വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷണ വിധേയമാക്കണം.

ഇപ്പോള്‍ അമേരിക്കയിലുള്ള ഫാരിസ് അബൂബക്കറിന്റെ നിക്ഷേപങ്ങളില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം. ഡാറ്റ എന്നത് ഒരു കച്ചവടമായി സര്‍ക്കാര്‍ എടുത്തിരിക്കുന്നു. അതിനെല്ലാം ഇടനിലക്കാരി വീണ വിജയനാണെന്ന് ഞാന്‍ സംശയിക്കുന്നു. കേരളത്തിലെ തൊഴില്‍ രഹിതരായ 44 ലക്ഷം പേരുടെ അടിസ്ഥാനവിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ചിരിക്കുകയാണ്. ഈ വിവരങ്ങള്‍ സുരക്ഷിതമാണോ എന്ന് എനിക്ക് സംശയമുണ്ട്. ഇത് കേന്ദ്രം അന്വേഷിക്കണം. ഈ വിവരങ്ങള്‍ കച്ചവടം ചെയ്യുകയാണോ എന്ന് സംശയമുണ്ട്.

താന്‍ ആര്‍ക്കുനേരേയും ഗൂഢാലോചന നടത്തിയിട്ടില്ല. ചെയ്യുകയുമില്ല. അഴിമതിക്കാരായ ഭരണാധികാരികളെ ജനപ്രതിനിധികളെ രാജിവെപ്പിച്ചതാണ് എന്റെ രാഷ്ട്രീയ ചരിത്രം. അഴിമതി കണ്ടുനില്‍ക്കില്ല. വി.എസ് ആണ് തന്റെ ഗുരു. അധികാരമോഹിയല്ല ഞാന്‍. പിണറായി വിജയന്റെ ഭാര്യയും മകളുമെല്ലാം അഴിമതിക്കാരാണ്. ഇതെല്ലാം വെളിച്ചെത്തുകൊണ്ടുവരാന്‍ ഞാന്‍ തുടങ്ങിവെച്ച യുദ്ധത്തില്‍ നിന്ന് പുറകോട്ട് പോവില്ല. ശക്തമായി പോരാടും.

സോളാര്‍ കേസിലെ പ്രതിയായ സ്ത്രീയെക്കുറിച്ചുള്ള ചില സത്യങ്ങള്‍ താന്‍ അടുത്തിടെ സി.ബി.ഐയോട് വെളിപ്പെടുത്തിയിരുന്നു. ഇതാണ് അവര്‍ക്ക് എന്നോട് ദേഷ്യമുണ്ടാവാനും പരാതിയിലേക്കെത്താനും കാരണമായതെന്നും പി.സി ജോര്‍ജ് പറഞ്ഞു.

 

Latest News