ജിദ്ദ-രണ്ട് വർഷത്തിനകം അമ്പത് ശതമാനം വനിതാവൽക്കരണം നടപ്പാക്കുമെന്ന് സൗദി അറേബ്യയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രമുഖ ദിനപത്രമായ അറബ് ന്യൂസ്. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യത്തെ പത്രമായി മാറുന്നതിനാണ് അറബ് ന്യൂസ് തയാറെടുക്കുന്നത്. കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി ആതിഥ്യമരുളിയ അറബ് വിമൻ ഫോറത്തിൽ അറബ് ന്യൂസ് എഡിറ്റർ ഇൻ ചീഫ് ഫൈസൽ ജെ. അബ്ബാസിനെ പ്രതിനിധീകരിച്ച സൗദി മാധ്യമ പ്രവർത്തക മുന അബൂസുലൈമാൻ വ്യക്തമാക്കിയതാണ് ഇക്കാര്യം. ജോലി സംബന്ധമായി സൗദിക്ക് പുറത്തായതിനാൽ ഫോറത്തിൽ സംബന്ധിക്കാൻ സാധിക്കാതെ പോയതിൽ ദുഃഖമുണ്ടെന്ന് ഫൈസൽ ജെ. അബ്ബാസ് പറഞ്ഞതായും അവർ പറഞ്ഞു. സമൂഹത്തിൽ സ്ത്രീകൾക്ക് വലിയ ഉത്തരവാദിത്തം നിർവഹിക്കാനുണ്ട് എന്ന ഭരണ നേതൃത്വത്തിന്റെ നിർദേശത്തെ അക്ഷരം പ്രതി മാനിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നും അവർ കൂട്ടിച്ചർത്തു.
എണ്ണയിതര വരുമാനം കണ്ടെത്തുന്നതിന് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആവിഷ്‌കരിച്ച വിഷൻ 2030 ന്റെ ഭാഗമായി 2020 ലെ പരിഷ്‌കരണ പദ്ധതി സാക്ഷാത്കരിക്കുന്നതിന് തങ്ങൾ പൂർണമായും തയാറെടുത്തതായി മുന അബൂസുലൈമാൻ വ്യക്തമാക്കി. മാതൃസ്ഥാപനമായ സൗദി റിസർച്ച് ആന്റ് മാർക്കറ്റിംഗ് ഗ്രൂപ്പിന്റെ (എസ്.ആർ.എം.ജി) പൂർണ പിന്തുണയോടെ പത്രപ്രവർത്തന മേഖലയിൽ എല്ലാ രംഗത്തും വനിതകൾക്ക് തൊഴിൽ, സാങ്കേതിക പരിശീലനം നൽകി വരുന്നതായി നേരത്തെ അറബ് ന്യൂസ് വ്യക്തമാക്കിയിരുന്നു.