ഹാജിമാരുടെ കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ അഞ്ചു പാര്‍ക്കിംഗുകള്‍

മക്ക - സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് എത്തുന്ന ഹജ് തീര്‍ഥാടകരുടെ കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ മക്കയുടെ പ്രവേശന കവാടങ്ങളില്‍ മക്ക നഗരസഭ അഞ്ചു പാര്‍ക്കിംഗുകള്‍ സജ്ജീകരിച്ചു. ഈ പാര്‍ക്കിംഗുകള്‍ക്ക് ആകെ 18.85 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയുണ്ട്. മക്കയിലും പുണ്യസ്ഥലങ്ങളിലും കാറുകള്‍ പ്രവേശിപ്പിക്കുന്നതിനുള്ള വിലക്ക് നടപ്പാക്കുന്നതോടനുബന്ധിച്ചാണ് കാറുകള്‍ നിര്‍ത്തിയിടാന്‍ അഞ്ചു പാര്‍ക്കിംഗുകള്‍ നഗരസഭ സജ്ജീകരിച്ചത്.
ഹജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വകുപ്പ് ആസ്ഥാനങ്ങള്‍, വെയ്റ്റിംഗ് ഹാളുകള്‍, ടോയ്‌ലെറ്റുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ എന്നിവ പാര്‍ക്കിംഗുകളിലുണ്ടെന്ന് മക്ക നഗരസഭ അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ ഹസ്സാഅ് അല്‍ശരീഫ് പറഞ്ഞു. പാര്‍ക്കിംഗുകളില്‍ ടാറിംഗ് ജോലികള്‍ നടത്തുകയും അടയാളങ്ങള്‍ വരച്ച് പാര്‍ക്കിംഗുകള്‍ വേര്‍തിരിക്കുകയും നമ്പറുകള്‍ നല്‍കുകയും ലൈറ്റുകള്‍ സ്ഥാപിക്കുകയും മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ചു പാര്‍ക്കിംഗുകളിലും കൂടി ആകെ അര ലക്ഷം കാറുകള്‍ നിര്‍ത്തിയിടാന്‍ സാധിക്കുമെന്നും എന്‍ജിനീയര്‍ ഹസ്സാഅ് അല്‍ശരീഫ് പറഞ്ഞു.

 

Latest News