സ്ത്രീധനവും പുത്തന്‍ ബൈക്കും വേണം, വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ ആത്മഹത്യയില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍

കൊല്ലം- ഓയൂരില്‍ വിവാഹ നിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍. പുത്തൂര്‍ പാങ്ങോട് മനീഷ് ഭവനില്‍ അനീഷിനെയാണ് (25) അറസ്റ്റ് ചെയ്തത്. ഓടനാവട്ടം മുട്ടറയില്‍ പ്രാക്കുളം സ്വദേശിനിയായ യുവതി ഏപ്രില്‍ 27 ന് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച സംഭവത്തിലാണ് പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്തത്.
യുവതിയുമായി പ്രണയത്തിലായിരുന്ന അനീഷ് ബന്ധുക്കള്‍ക്കൊപ്പം എത്തിയാണ് വിവാഹാലോചന നടത്തിയത്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതിനാല്‍ ഉടന്‍ വിവാഹം നടത്താന്‍ കഴിയില്ലെന്ന് യുവതിയുടെ പിതാവ് അറിയിച്ചു. അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായി വിവാഹം നടത്തിയാല്‍ മതിയെന്ന് അനീഷിന്റെ ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, അതിനുശേഷം സ്ത്രീധനം ആവശ്യപ്പെട്ട് അനീഷ് യുവതിയെ ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തിയെന്ന് പോലീസ് പറഞ്ഞു.  യുവതി മരിച്ച ദിവസവും ഇയാള്‍ ഫോണില്‍ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടു. കൂടുതല്‍ സ്ത്രീധനവും പുത്തന്‍ ബൈക്കും വാങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് അനീഷ് വഴക്കുണ്ടാക്കിയെന്നും പോലീസ് പറഞ്ഞു. ഇതു സംബന്ധിച്ച് പെണ്‍കുട്ടിയുടെ പിതാവ് കൊല്ലം റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയിരുന്നു.
പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പും മൊബൈല്‍ ഫോണും പരിശോധിച്ചതില്‍ നിന്നാണ് ആത്മഹത്യാപ്രേരണക്ക് പൂയപ്പിള്ളി പോലീസ് കേസെടുത്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ അനീഷിനെ പൂയപ്പള്ളി ഇന്‍സ്‌പെക്ടര്‍ ടി. രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest News